മൃഗങ്ങളെ സംസ്കരിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക
പ്രളയക്കെടുതിയില്‍ ചത്തൊടുങ്ങിയ മൃഗങ്ങളുടേയും പക്ഷികളുടേയും ജഡം കണ്ടെത്തിയാലുടന്‍ സംസ്കരിക്കണം. രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് ഒഴിക്കുന്നതിന് വേണ്ടിയാണ് ഇത്. മാത്രമല്ല ജഡം കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ സുരക്ഷാമാര്‍ഗങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. ജഡം കണ്ടെത്തിയാലുടന്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ജഡം സംസ്കരിക്കുന്നതിന് മുന്‍പ് അംഗീകൃത വെറ്റനിറിനറി ഡോക്ടറുടെ നേതൃത്വത്തില്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. വളര്‍ത്തുമൃഗങ്ങളാണെങ്കില്‍ ഇയര്‍ ടാഗ് സൂക്ഷിക്കണം. നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്.
ജഡം സംസ്കരിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ടവര്‍ കൈയ്യുറകള്‍, മുഖാവരണം, വെള്ളം കയറാത്ത ഗംബൂട്ടുകള്‍ എന്നിവ ധരിക്കണം. ജഡം മറവ് ചെയ്യാനായി വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കാം. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും പ്രായോഗികമായത് കുഴിച്ചുമൂടലാണ്. മാത്രമല്ല, വെള്ളപ്പൊക്ക കെടുതിയില്‍ മരണപ്പെട്ട പക്ഷിമൃഗാദികളുടെ ജഡം ആന്തരിക പരിശോധനയ്ക്കായി തുറക്കാതിരിക്കുന്നതാണ് ഉത്തമം. ഒരു പ്രദേശത്ത് ചത്ത മൃഗങ്ങളെയെല്ലാം കൂടി ഒരുമിച്ചുള്ള കൂട്ടസംസ്കാരരീതി അവലംബിക്കുന്നതായിരിക്കും ഉത്തമം. ജഡം സംസ്കരിക്കുന്നതിനായി കുഴിയെടുക്കുമ്പോള്‍ കിണര്‍ മറ്റ് കുടിവെള്ള സ്രോതസുകള്‍ എന്നിവയില്‍ നിന്ന് 50 മീറ്റര്‍ അകലം പാലിക്കണം. പ്രാദേശിക ജലപീഠത്തില്‍ നിന്നും കുറഞ്ഞത് നാലടിയെങ്കിലും ഉയരത്തിലായിരിക്കണം. പ്രദേശത്തിലെ മണ്ണിലെ നിലിവിലത്തെ ജലവിതാനത്തിന് അനുസരിച്ച് കുഴിയുടെ താഴ്ച ക്രമപ്പെടുത്തുന്നതാണ് ഉത്തമം. മണ്ണില്‍ വെള്ളം ഊറി വരുന്നുണ്ടെങ്കില്‍ അധികം താഴ്ചയിലേക്ക് കുഴിക്കുന്നത് പ്രായോഗികമല്ല. കുഴിയെടുത്ത ശേഷം അതിന്റെ താഴെ മണ്ണ് മറയത്തക്കവിധത്തില്‍ കുമ്മായം വിതറിയ ശേഷം ജഡം കുഴിയില്‍ വയ്ക്കുക. അഞ്ച് ശതമാനം സോഡിയം ഹൈഡ്രോക്സൈഡ് / കാസ്റ്റിക് സോഡ ജലത്തില്‍ എല്ലാ ഭാഗത്തും എത്തുന്ന രീതിയില്‍ ആവശ്യമാണെങ്കില്‍ തളിക്കുക. അതിന് മുകളിലും ധാരാളമായി കുമ്മായമിട്ട് അതിന് മുകളില്‍ മണ്ണിടുക. ഇത്തരത്തില്‍ രണ്ട് തട്ടില്‍ കുമ്മായവും മണ്ണും മേല്ക്കുമേല് ഇട്ട ശേഷം കുഴി മൂടുക. ജഡം കിടന്നിടത്തുള്ള മണ്ണും അതിനൊടൊപ്പം കുഴിച്ച് മുടുക. കുഴിക്ക് മുകളിലേക്ക് നിരപ്പില്‍ നിന്ന് ഏതാണ്ട് രണ്ടടി ഉയരത്തില്‍ മണ്‍കൂന കൂട്ടി കുഴിമുടല് പൂര്‍ത്തിയാക്കണം. മറവ് ചെയ്ത ശേഷം കൈകാലുകള്‍ സോപ്പും അണുനാശിനിയും ചെറുചൂടുവെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. (പിഎന്‍പി 2364/18)
- Log in to post comments