Skip to main content

മെഡിക്കല്‍ ക്യാമ്പുകള്‍ സജീവമാക്കി ആരോഗ്യവകുപ്പ്

 

പ്രളയദുരന്തമൊഴിഞ്ഞു. ഇനി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയേറെയാണ്. രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി ഊര്‍ജ്ജിത ശ്രമങ്ങളാണ് ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നത്. തികച്ചും സൗജന്യസേവനം ഉറപ്പാക്കുക മാത്രമല്ല പ്രളയത്തേക്കാള്‍ ദുരന്തമായേക്കാവുന്ന മാരകരോഗങ്ങളെ ചെറുക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ജില്ലയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘങ്ങളെയാണ് ജില്ലയിലൂടനീളം വിന്യസിച്ചിരിക്കുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ വഴിയാണ് മെഡിക്കല്‍ സംഘങ്ങളുടെ ഏകോപനം നടത്തുന്നത്. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സഹകരണവും പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ പറഞ്ഞു. ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേയ്ക്ക് മടങ്ങികൊണ്ടിരിക്കുകയാണെങ്കിലും മെഡിക്കല്‍ സംഘം നിലവിലുള്ള ക്യാമ്പുകളിലെത്തി സേവനം ഉറപ്പാക്കുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ട്. ജില്ലയില്‍ നിന്നുള്ള 34 മെഡിക്കല്‍ സംഘവും പുറമേ നിന്നുള്ള സംഘങ്ങളും ആരോഗ്യസംരക്ഷണത്തിനായി രംഗത്തുണ്ട്. പുറമേ നിന്നുള്ള മെഡിക്കല്‍ സംഘത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രവര്‍ത്തനാനുമതി നിര്‍ബന്ധമാണ്. മെഡിക്കല്‍ സംഘത്തിന് ആവശ്യമായുള്ള മരുന്നുകള്‍ കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും ലഭ്യമാണ്. പുറമേ നിന്നുള്ള സംഘം വിതരണം ചെയ്യാനുള്ള മരുന്നുകള്‍ കൊണ്ടുവരണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കുള്ള പ്രതിരോധ ഗുളികകള്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇവര്‍ക്കുള്ള കട്ടികൂടിയ ഗ്ലൗസുകള്‍, ബൂട്ടുകള്‍ എന്നിവ പഞ്ചായത്തുകളില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. മരുന്നുകള്‍ക്ക് പുറമേ ക്യാമ്പുകളില്‍ നിന്ന് വീടുകളിലെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇവര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. വെള്ളം ശുദ്ധീകരിക്കുന്നതിനായുള്ള ബ്ലീച്ചിംഗ് പൗഡര്‍, ബ്ലീച്ചിംഗ് ലായനി, ക്ലോറിന്‍ ടാബ്്‌ലെറ്റ് എന്നിവ കമ്യൂണിറ്റി സെന്ററുകളിലൂടെ ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്നുണ്ട്. ഇവയുടെ ഉപയോഗക്രമവും ആളുകള്‍ക്ക് വിശദമാക്കുന്നുണ്ട്.                  (പിഎന്‍പി 2367/18) 

date