പ്രളയ മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം: ജില്ലാ കളക്ടര്‍
പ്രളയമേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരേ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. ആരോഗ്യമന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. ഗോപകുമാറിന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ദുരിതാശ്വാസ ക്യാമ്പിലും ആരോഗ്യപ്രവര്‍ത്തകര്‍ എത്തുകയും ആവശ്യമായ ചികിത്സയും നിര്‍ദേശങ്ങളും നല്‍കുകയും വേണം. ക്യാമ്പുകളില്‍ എത്താതെ വീടുകളില്‍ കഴിയുന്ന പ്രളയ മേഖലയിലെ ജനങ്ങളുടെയും ആരോഗ്യപരിരക്ഷ ഉറപ്പാക്കണം. തിളപ്പിച്ചാറ്റിയ വെള്ളമേ എല്ലാവരും കുടിക്കാവു എന്ന നിര്‍ദേശം നല്‍കണം.
പ്രളയ മേഖലയിലെ പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തിക്കണം. കൂടുതല്‍ ക്യാമ്പുകളുള്ള മേഖലകളില്‍ കൂടുതല്‍ മെഡിക്കല്‍ ടീമിനെ നിയോഗിക്കണം. ക്യാമ്പുകളില്‍ ആരോഗ്യപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സൂപ്പര്‍വൈസറി ഓഫീസറെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയമേഖലയിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് ഡോ.ഗോപകുമാര്‍ നിര്‍ദേശിച്ചു. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിവിധ വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണം. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടോയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷിക്കണം. പാമ്പ് വിഷം, ഫംഗസ് രോഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ മരുന്നുകളും ശുചീകരണത്തിനുള്ള ബ്ലീച്ചിംഗ് പൗഡറും ജില്ലയില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രളയബാധിത മേഖലയില്‍ ആരോഗ്യവകുപ്പിന്റെ ഫീല്‍ഡ് തല പ്രവര്‍ത്തനം ശക്തമാക്കും. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ക്യാമ്പുകളില്‍ പോകുന്നെന്ന് ഉറപ്പാക്കണം. കാര്യക്ഷമത ഉറപ്പാക്കുന്നതിന് മിന്നല്‍ പരിശോധനകള്‍ നടത്തണം. തദ്ദേശസ്ഥാപനങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കണം. ശുചീകരണം, മാലിന്യ സംസ്‌കരണം, പകര്‍ച്ചവ്യാധി ചികിത്സ, പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത എന്നിവയ്ക്കായിരിക്കും ആരോഗ്യവകുപ്പ് ശ്രദ്ധ നല്‍കുക. പ്രളയ ബാധിത മേഖലയിലെ ക്യാമ്പുകളിലും വീടുകളിലും കഴിയുന്നവരില്‍ ആരോഗ്യപ്രശ്‌നം ഉള്ളവരുണ്ടെങ്കില്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രവുമായോ, ക്യാമ്പിലെ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം.
പഞ്ചായത്തുകളില്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കാന്‍ സ്ഥലം കണ്ടെത്തണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച ശേഷം ശുചിത്വമിഷനു കൈമാറണം. മാലിന്യങ്ങള്‍ നദികളിലേക്കും പുഴകളിലേക്കും വലിച്ചെറിയരുതെന്ന ബോധവത്കരണം ജനങ്ങള്‍ക്കു നല്‍കണം. അലോപ്പതി, ആരോഗ്യം, ഹോമിയോ വിഭാഗങ്ങള്‍ ജില്ലയെ പ്രത്യേക മേഖലകളായി തിരിച്ച് പ്രവര്‍ത്തനം നടത്തും. ഇതിന്റെ ഭാഗമായി ജില്ല, ബ്ലോക്ക്, പ്രാഥമികാരോഗ്യ കേന്ദ്രം തലത്തില്‍ മെഡിക്കല്‍ ടീമിനെ നിയോഗിക്കും. ക്ലോറിനേഷന്‍ നടത്തുന്നതിന് 100 വീടുകള്‍ക്ക് ഒരു ആരോഗ്യപ്രവര്‍ത്തകനെ നിയോഗിക്കും. ആശുപത്രികളില്‍ എത്തുന്ന ഗുരുതര രോഗമുള്ളവരുടെ പട്ടിക തയാറാക്കി നിരീക്ഷിക്കും. പ്രളയത്തെ തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായവര്‍ക്ക് ആശ്വാസം പകരുന്നതിന് കൗണ്‍സലിംഗ് നല്‍കും. ഇതിനായി നിംഹാന്‍സ്, ഫൗണ്ടേഷന്‍ ഫോര്‍ ഡെവലപ്‌മെന്റ് ആക്ഷന്‍, ജില്ലാ മാനസികാരോഗ്യ വിഭാഗം, പുഷ്പഗിരി, ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗം എന്നിവയുടെ ടീമുകള്‍ പ്രവര്‍ത്തിക്കും. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് വ്യക്തിഗത കൗണ്‍സലിംഗായിരിക്കും നല്‍കുക.
ദേശീയ ആയുഷ് മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ്, നവകേരളം മിഷന്‍ മോണിറ്ററിംഗ് ടീം അംഗം ഡോ. ദേവ് കിരണ്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ എബി സുഷന്‍, ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.റ്റി. അനിതാ കുമാരി, ഡിഎംഒ ഹോമിയോ ഡോ. ചെറിയാന്‍ ഉമ്മന്‍, ഡിഎംഒ ഐഎസ്എം ഡോ.ആര്‍. അനില്‍കുമാര്‍, ജില്ലാ ആയുര്‍വേദ ആശുപതി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സൂസന്‍ പി. ജോണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments