Skip to main content

ഉറക്കമുണര്‍ന്നപ്പോള്‍ വീട് മുങ്ങുന്നു; മഹാപ്രളയത്തിന്റെ നടുക്കുന്ന  ഓര്‍മകളുമായി കലാധരന്‍

 

ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടിലേക്ക് വെള്ളം കയറുന്നു. ആഗസ്റ്റ് 15ന് രാവിലെ ഉണര്‍ന്നപ്പോള്‍ വീട്ടുമുറ്റത്ത് കണ്ട വെള്ളം ഒരു സാധാരാണ വെള്ളപ്പൊക്കത്തിന്റെ ലക്ഷണമായേ കളക്ടറേറ്റിലെ ജീവനക്കാരനായ കലാധരന്‍ കരുതിയുള്ളൂ. രാത്രിയില്‍ ചില മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പള്ളിയോടങ്ങളുടെ നാട്ടിലുള്ളവര്‍ക്ക് ഇത് വലിയ കാര്യമല്ല. പമ്പയുടെ ഗതിവിഗതികളെക്കുറിച്ചും ജലപ്രവാഹത്തിന്റെ  തീഷ്ണതയെക്കുറിച്ചും നന്നായി മനസ്സിലാക്കിയിട്ടുള്ളവര്‍. ഈ ആത്മവിശ്വാസമായിരുന്നു എല്ലാ ആറന്മുളക്കാരെയും പോലെ കലാധരനുമുണ്ടായിരുന്നത്. റോഡില്‍ വെള്ളം കയറിയതോടെ സ്വാതന്ത്ര്യദിന പരിപാടികളുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുള്ള ഡ്യൂട്ടിക്ക് എത്താന്‍ കഴിയില്ലെന്ന് മനസ്സിലായി. തന്റെ ഓര്‍മയില്‍ ഒരിക്കലും വീട്ടില്‍ വെള്ളം കയറിയിട്ടില്ല. വൈദ്യതി ബന്ധം 15ന് അതിരാവിലെ തന്നെ വിച്ഛേദിച്ചിരുന്നതിനാല്‍ ടി.വി കാണാന്‍ കഴിയാത്ത അവസ്ഥ. കെഎസ്ഇബിയെ ശപിക്കാന്‍ തോന്നിയ സമയം. എന്നാല്‍ പിന്നീട് മനസ്സിലായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നതിനാല്‍ നാട്ടിലുണ്ടാകാമായിരുന്ന വലിയ ഒരു ദുരന്തമാണ് ഒഴിവായതെന്ന്. ചുറ്റുപാടുമുള്ള വീടുകളിലെ കുട്ടികളും മറ്റുള്ളവരും വെള്ളം കാണാന്‍ ഇറങ്ങിത്തുടങ്ങി. പമ്പ കരകവിഞ്ഞ് ഒഴുകുന്നത് ആറന്മുളക്കാര്‍ക്ക് പുത്തരിയല്ല. പള്ളിയോടങ്ങളുടെ നാടും നാട്ടുകാരും വര്‍ഷകാലത്ത് കരകവിഞ്ഞൊഴുകുന്ന പമ്പയെ എത്രയോ നൂറ്റാണ്ടുകളായി കാണുന്നു. മിക്കപ്പോഴും വീട്ടുമുറ്റത്തെത്തി മടങ്ങിപ്പോകുന്ന പമ്പ ഇത്രയും രൗദ്രമാകുമെന്ന് ആരും കരുതിയില്ല. 15ന് ഉച്ചയോടെ ജലപ്രവാഹത്തിന്റെ ശക്തികൂടി. നദിയിലെ കുത്തൊഴുക്കുപോലെ വീടിന്റെ ഒന്നാം നിലയുടെ മച്ചിനെത്തഴുകി ജലം ഒഴുകാന്‍ തുടങ്ങി. രാത്രി മുഴുവന്‍ ഭയന്നുവിറച്ച് വീടിന്റെ മുകള്‍ നിലയില്‍ കഴിഞ്ഞു. ഭക്ഷണത്തിനുള്ള സാധനങ്ങളും ഗ്യാസുമെല്ലാം പ്രളയജലം വിഴുങ്ങിയതിനാല്‍ കഴിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ആരെങ്കിലും രക്ഷിക്കാനെത്തിയെങ്കില്‍ എന്ന് പ്രാര്‍ഥിച്ച നിമിഷങ്ങള്‍. നീന്താനറിയാം. പക്ഷെ കൂരിരുട്ടില്‍ ഗതിമാറിയൊഴുകുന്ന പമ്പയുടെ പ്രവാഹത്തില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥ. രാത്രിയില്‍ ഫയര്‍ഫോഴ്‌സും മീന്‍പിടുത്ത ബോട്ടുകളും എവിടെയൊക്കെയോ രക്ഷാപ്രവര്‍ത്തനം നടത്തുന്നുവെന്ന വാര്‍ത്ത അറിഞ്ഞു. 16ന് രാവിലെ പ്രദേശവാസികളായ ചിലരും ആറന്മുള എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ ഥികളും ചേര്‍ന്ന് ഒഴുക്കില്‍ വന്ന മുളകള്‍ കൂട്ടിക്കെട്ടി ഒരു ചങ്ങാടമുണ്ടാക്കി. ഇതില്‍ എത്തിയാണ് ആറന്മുള വില്ലേജിലെ ജീവനക്കാര്‍ തന്നെ രക്ഷപ്പെടുത്തി ചങ്ങാടത്തില്‍ സുരക്ഷിതസ്ഥാനത്ത് എത്തിച്ച് ആറന്മുള സിവില്‍ സ്റ്റേഷനിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 16 മുതല്‍ 20 വരെ ക്യാമ്പില്‍ കഴിഞ്ഞു. ആദ്യ ദിവസം ഭക്ഷണസാധനങ്ങള്‍ ഇല്ലാതിരുന്നതുമൂലം വിശന്നുകരയുന്ന കുട്ടികളുടെ നിലവിളികള്‍ കൊണ്ട് ക്യാമ്പ് മുഖരിതമായി. തുടര്‍ന്ന് വില്ലേജ് ഓഫീസറും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഓഫീസിലുണ്ടായിരുന്നവരും പ്രദേശവാസികളും ചേര്‍ന്ന് പല വീടുകളില്‍ നിന്നായി കുറച്ച് ആട്ടയും അരിയും എത്തിച്ച് കഞ്ഞിയും ചപ്പാത്തിയും തയാറാക്കി. 150ല്‍ അധികം പേര്‍ ഉണ്ടായിരുന്ന ക്യാമ്പില്‍ എല്ലാവര്‍ക്കും ഭക്ഷണം തികഞ്ഞില്ല. മുതിര്‍ന്നവരില്‍ ചിലര്‍ ചപ്പാത്തി വേണ്ടെന്ന് വച്ച് കരയുന്ന കുട്ടികള്‍ക്ക് അത് നല്‍കി. രണ്ടാം ദിവസം ബോട്ടുകളില്‍ ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും എത്തിയതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. ഇതിനിടയില്‍ ക്യാമ്പില്‍ എത്തിച്ചിരുന്ന പ്രദേശവാസിയുടെ ഉപജീവനമാര്‍ഗമായിരുന്ന രണ്ട് പശുക്കളുടെയും ഒരു ആടിന്റെയും മരണത്തിനും സാക്ഷിയാകേണ്ടിവന്നു. 20വരെ ക്യാമ്പില്‍ കഴിഞ്ഞ കലാധരന്‍ 21ന് കളക്ടറേറ്റിലെത്തി പൂര്‍ണസമയവും ജോലി യിലാണ്.തിരുവോണത്തിന് വീട്ടില്‍ പോകുവാന്‍ കഴിയില്ല. ഒരടിക്ക് മുകളില്‍ ചെളി വീട്ടില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് വൃത്തിയാക്കി ജീവിതം പുനരാരംഭിക്കാന്‍ ഏറെ സമയമെടുക്കും. അതുവരെ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനാണ് കലാധരന്റെ തീരുമാനം. 

date