Skip to main content

രക്ഷാപ്രവര്‍ത്തനത്തില്‍ തിളങ്ങി സന്തോഷ്

 

ദൈവം ചിലപ്പോള്‍ മനുഷ്യ രൂപത്തിലും വരും. കോഴഞ്ചേരിക്കാര്‍ക്ക് സന്തോഷ് ഇപ്പോള്‍ ദൈവതുല്യനാണ്. കാരണം പമ്പാനദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നുവെന്ന മുന്നറിയിപ്പ് വന്നത് മുതല്‍ രക്ഷാപ്രവര്‍ത്തനവുമായി സന്തോഷ് രംഗത്തുണ്ടായിരുന്നു. കോഴഞ്ചേരി സ്വദേശിയായ സന്തോഷ് ജീവന്‍ പണയം വച്ചാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ഉപജീവനമാര്‍ഗമായ ഓട്ടോയെ പ്രളയം വിഴുങ്ങിയപ്പോഴും അത് ശ്രദ്ധിക്കാതെ മറ്റുള്ളവരുടെ ജീവന് വേണ്ടി സന്തോഷ് നീന്തിയടുത്തു. 16ന് രാവിലെ മുതലാണ് കീഴുകരയിലെ വളവ് ഒഴിവാക്കി നദി മഠത്തുംകടവ് മുതല്‍ കിഴുകര പോത്തങ്ങാനത്ത് പരപ്പുഴ കടവ് വരെ ഗതിമാറി ഒഴുകിയെത്തിയത്. ഈ വെള്ളം കോഴഞ്ചേരി ടൗണിലൂടെയും നിറഞ്ഞൊഴുകി. വീടുകളില്‍ വെള്ളം ഉര്‍ന്നതോടെ മിക്കവരും രണ്ടാം നിലയിലേയ്ക്ക് അഭയം തേടി. അതും രക്ഷയില്ലാതായതോടെ എല്ലായിടത്തും നിന്നും രക്ഷിക്കണേയെന്ന വിളികളുയര്‍ന്നത്. സന്തോഷിന്റെ രക്ഷാദൗത്യം ആരംഭിക്കുന്നത് ഈ സമയത്താണ്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പട്ടാളത്തിന്റെ ബോട്ടും ഈ ഭാഗത്തേയ്ക്ക് എത്തിയിരുന്നു. എന്നാല്‍ ആര്‍ക്കും സ്ഥലപരിചയമില്ല. ബോട്ട് ഏത് ഭാഗത്തേയ്ക്ക് തിരിച്ചാലും മതിലിലുംവീടുകളുടെ അരികുകളിലും മുകള്‍ഭാഗങ്ങളിലും ഇടിച്ചു നില്‍പാണ്. വെള്ളത്തില്‍ മുങ്ങാംകൂഴി ഇട്ട് വീടുകളുടെ ഗേറ്റിന്റെ അടിഭാഗത്തെ കുറ്റിയെടുത്ത് വേണം ബോട്ടിന് വീടുകളുടെ അടുത്തെത്തേണ്ടത്. ഈ ദൗത്യം ഏറ്റെടുത്തത് സന്തോഷായിരുന്നു. ഒരു ഗേറ്റിന്റെ കുറ്റിയോെടുക്കാന്‍ മൂന്നും നാലും തവണ വെള്ളത്തിനുള്ളിലേയ്ക്ക് ശ്വാസമടക്കി നീന്തണം. വീടുകളുടെ മതിലുകളിലും കിണറുകളുടെ മുകള്‍ഭാഗത്തും തട്ടി ബോട്ടിന്റെ യാത്ര മുടങ്ങുമ്പോള്‍ സന്തോഷാണ് ഓരോ വീട്ടിലും കുടുങ്ങിക്കിടക്കുന്നവരെ എടുത്ത് ബോട്ടിലെ ക്യാബിനുള്ളിലെത്തിക്കുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ബോട്ട് പണിമുടക്കുമ്പോള്‍ വൈദ്യുതലൈനില്‍ പിടിച്ചുനീന്തിയാണ് ഒരോ വീട്ടിലും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതും. ഓരോരുത്തരെയും ഇത്തരത്തില്‍ രക്ഷപ്പെടുത്തി കീഴുകര എന്‍എസ്എസ് കരയോഗമന്ദിരത്തിലും മഹിളാമന്ദിരത്തിലും എത്തിക്കുകയായിരുന്നു. നദിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഒഴുക്കിനെതിരെ നീന്തി സന്തോഷിന്റെ ശരീരത്തിനും മതിലുകളില്‍  ശക്തമായി ഇടിച്ച് പരിക്കേറ്റിട്ടുണ്ട്. വെള്ളത്തിലേക്ക് ഊളിയിടുന്നതിനാല്‍ ഒട്ടേറെ തവണ മലിനജലം കുടിക്കേണ്ട സ്ഥിതിയും വന്നു. പ്രതിരോധമരുന്നൊന്നും കഴിച്ചിട്ടുമില്ല. രക്ഷപ്പെട്ട് ക്യാംമ്പുകളിലും ബന്ധുവീടുകളിലും എത്തിയവര്‍ ഇപ്പോള്‍ സന്തോഷ് നടന്നുപോകുന്നത് കണ്ടാല്‍ കെട്ടിപിടിക്കും, ചുംബിക്കും, ഞങ്ങളുടെ ജീവന്‍ കാത്തവനോട് ഒരായുസ്സോളം തീരാത്തത്ര നന്ദിയുണ്ടെന്ന് നിറകണ്ണുകളോടെ ഇവര്‍ പറയുന്നു. 

                 (പിഎന്‍പി 2386/18)

date