Skip to main content

കുട്ടനാടിനായി യജ്ഞം: വളണ്ടിയറായി രജിസ്റ്റർ ചെയ്യാം

ആലപ്പുഴ:  കുട്ടനാടിനെ തിരിച്ചു പിടിക്കാനായി പുതിയ ദൗത്യം തുടങ്ങുന്നു.  യജ്ഞത്തിൽ താൽപ്പര്യമുള്ളവർക്ക് http://volunteer.canalpy.com എന്ന പോർട്ടലിൽ രജിസ്ട്രർ ചെയ്യാം. രജിസ്ട്രർ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തണം.  കല്ലാശാരി, മരയാശാരി, ഇലക്ട്രീഷ്യൻ, പ്ലംബർ തുടങ്ങിയ സ്‌കില്ലുകൾ ഉള്ളവർ അത് പറയുക. 13 പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ ഓരോ ഗ്രൂപ്പുകളിലും ഓരോ സ്‌കിൽ ഉള്ള ഒരാളെയെങ്കിലും വിന്യസിക്കാൻ അത് സഹായിക്കും.

ദുരിതബാധിതർക്ക് കൗൺസലിങ്

 

ആലപ്പുഴ:  ജില്ലയിലെ പ്രളയദുരന്തത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആത്മധൈര്യം നൽകി ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് കൗൺസിലിങ് നൽകുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ കൗൺസിലിങ് തുടങ്ങും.  വനിത-ശിശു വികസന വകുപ്പിന്റെ കീഴിലുളള  കൗൺസിലർമാർ, സ്‌കൂൾ കൗൺസിലർമാർ, സന്നദ്ധപ്രവർത്തകരായ പ്രൊഫഷണൽ കൗൺസിലർമാർ എന്നവിരാണ് ഇതിന് നിയോഗിക്കപ്പെട്ടിട്ടുള്ളത്.  ആലപ്പുഴ ജില്ല ശിശുസംരക്ഷണ യൂണിറ്റ്, നിംഹാൻസ് ബംഗ്ലുരു  എന്നിവയുടെ നേതൃത്വത്തിൽ ആലപ്പുഴ എൻ.ജി.ഒ യൂണിയൻ ഹാളിൽ  ഇവർക്ക് പരിശീലനം നൽകി.  പരിശീലനം ലഭിച്ച കൗൺസിലേഴ്സ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ തോറും സന്ദർശിച്ച് ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൗൺസിലിങ് നൽകുന്നതിന്  സജ്ജരായിട്ടുണ്ട്. ഇവരുടെ സേവനം എല്ലാ ക്യാമ്പുകളിലും ലഭ്യമാകുമെന്ന് ജില്ല ശിശു സംരക്ഷണ ആഫീസർ അറിയിച്ചു.

ദുരിതമനുഭവിക്കുന്നവർക്കായ് നവകേരള പ്രത്യേക ഭാഗ്യക്കുറി

ആലപ്പുഴ:  പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സർക്കാരിൻറ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക കണ്ടെത്തുന്നതിന് ഒരു പ്രത്യേക ഭാഗ്യക്കുറി നവകേരള എന്ന പേരിൽ നടത്തുമെന്ന് ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്.  ചെറിയ സമ്മാനങ്ങൾ മാത്രം ഉൾപ്പെടുത്തി കേവലം ഭാഗ്യ പരീക്ഷണം എന്നതിനപ്പറം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സംഭാവന എന്ന രീതിയിലാണ് ഭാഗ്യക്കുറി. ഒരു ലക്ഷം രൂപയുടെ 90 ഒന്നാം സമ്മാനങ്ങളും 5000 രൂപയുടെ ഒരു ലക്ഷം സമ്മാനങ്ങളും ഉള്ള ടിക്കറ്റിന്റെ  വില 250 രൂപയാണ്.  സെപ്റ്റംബർ മൂന്നിന് വിൽപ്പനല ആരംഭിച്ച് ഒക്ടോബർ മൂന്നിന് നറുക്കെടുപ്പ് നടത്തുന്ന ഭാഗ്യക്കുറിയിൽ നിന്നും 90 കോടിയോളം രൂപ അറ്റാദായം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

പ്രളയബാധിതർക്ക്ജീവിത സൗകര്യമൊരുക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള  പലിശരഹിത വായ്പക്ക് പലിശ കണ്ടെത്തുന്നതിനും മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമാണ് ഭാഗ്യക്കുറിയുടെ അറ്റാദായം പൂർണ്ണമായും വിനിയോഗിക്കുക. ഓരോ ടിക്കറ്റിനും 25 ശതമാനം വിൽപ്പന കമീഷൻ നിശ്ചയിച്ചിട്ടുള്ള ടിക്കറ്റുകൾ സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, മറ്റ്‌രാഷ്ട്രിയ സാംസ്‌കാരിക സംഘടനകൾ എന്നിവരിലൂടെ പരമാവധി വിറ്റഴിക്കും.  ഭാഗ്യക്കുറി വിൽക്കാനുദ്ദേശിക്കുന്ന ഏതൊരാൾക്കും സൗജന്യമായി  താൽക്കാലിക ഏജൻസി രജിസ്റ്റർ ചെയ്ത് ഭാഗ്യക്കുറി ഓഫിസുകളിൽ നിന്നും ടിക്കറ്റെടുക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.

എല്ലാ ക്യാമ്പിലും ശുചിത്വസേന  ഉടൻ രൂപീകരിക്കണമെന്ന് മന്ത്രിമാർ

 

ആലപ്പുഴ:  മുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി  10 ദിവസത്തിനകം പുനഃസ്ഥാപിക്കുന്നതിന് വിരമിച്ച ഉദ്യോഗസ്ഥരെയും കൂടി ഉൾപ്പെടുത്തണമെന്ന് മന്തിമാരായ ജി.സുധാകരനും ഡോ.തോമസ് ഐസകും നിർദേശിച്ചു. വേണ്ടത്ര ജീവനക്കാരില്ലെന്നതിനാൽ പണി വൈകരുതെന്നതിനാലാണിത്.  ഓരോ വാർഡിലും 100 പേർ അടങ്ങുന്ന സാനിറ്റേഷൻ സേന രൂപീകരിക്കണമെന്നും അവർ നിർദേശിച്ചു. കളക്ട്രേറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

എല്ലാ ക്യാമ്പിലും നാല് ജീവനക്കാരെ വീതം നിയമിച്ചിരിക്കണം.  ഭക്ഷണസാധനങ്ങൾ, തുണിത്തരങ്ങൾ ഉൾപ്പെടെയുളള എല്ലാ സാധന സാമഗ്രികളും വിതരണം ചെയ്യുന്നത് ഉദ്യോഗസ്ഥരു'െട മേൽനോട്ടത്തിലാണെന്ന് ഉറപ്പാക്കണം. ദുരിതബാധിതർക്ക് നൽകുന്ന സാധനങ്ങൾ കിറ്റിൽ നിറയ്ക്കുന്ന പ്രവർത്തനം. വിതരണ കേന്ദ്രമായ എസ്.ഡി. കോളേജിൽ തന്നെ നടത്തണമെന്നും അവർ പറഞ്ഞു. 

ക്യാമ്പിലും, ഗോഡൗണിലും നിയോഗിച്ചിട്ടുളള ജീവനക്കാരുടെയും വളണ്ടിയർമാരുടെയും പേരു വിവരം അതത്  ചാർജ് ആഫീസർമാർ രജിസ്റ്ററിൽ രേഖപ്പെടുത്തണം. കൃാമ്പുകളിലെ ദുരിതബാധിത കുടുംബങ്ങൾക്ക് പാത്രം, തുണി, ലോഷൻ എന്നിവ തരംതിരിച്ച് കിറ്റിൽ നൽകണം. ഹോർട്ടികോർപ്പ് ക്യാമ്പുകളിലെ ദുരിതബാധിതർക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്യണമെന്നും മന്ത്രിമാർ പറഞ്ഞു. യോഗത്തിൽ ജില്ല കള്കടർ എസ്.സുഹാസ്, സ്‌പെഷല് ഓഫീസർ എൻ.പദ്മകുമാർ, സബ് കളക്ടർ വി.ആർ.കൃഷ്ണതേജ, ബന്ധപ്പെട്ട വകുപ്പുമേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. 

മെഡിക്കൽ ക്യാമ്പുകൾ അനുവാദമില്ലാതെ നടത്തരുത്

ആലപ്പുഴ:  ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നതിന് മുമ്പ് ജില്ല മെഡിക്കൽഓഫീസറുടെ അനുവാദം വാങ്ങിയിരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു. പ്രാദേശികമായി അനുവാദം നൽകുന്നതിനായി എട്ടു കേന്ദ്രങ്ങളിലായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വെളളപ്പൊക്കത്തിനു ശേഷം പലതരത്തിലുളള പകർച്ച വ്യാധികൾക്കും സാധ്യതയുള്ളതിനാൽ രോഗികൾക്ക് കൃത്യമായ രോഗനിർണ്ണയവും തുടർ ചികിത്സയും ആവശ്യമാണ്. വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മെഡിക്കൽ ക്യാമ്പുകൾ നടത്തി വരുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്. 

  വിവിധ കേന്ദ്രങ്ങളിൽ ചികിൽസക്യാമ്പുകൾ നടത്താൻ താൽപ്പര്യമുള്ളവർ ബന്ധപ്പെട്ടയിടങ്ങളിൽ നിന്ന് അനുവാദം വാങ്ങിയിരിക്കണം. ക്യാമ്പുകളിൽ എത്തുന്ന ഇത്തരത്തിലുള്ള സംഘങ്ങൾ അനുമതിയുള്ളവരാണെന്ന് ക്യാമ്പ് ചാർജ് ഓഫീസർമാർ ഉറപ്പാക്കിയിരിക്കണം. സമീപിക്കേണ്ട  കേന്ദ്രങ്ങളുടെയും ഉദ്യോഗസ്ഥരുടെയുംപേര് ഇനിപ്പറയുന്നു.:

അരൂക്കുറ്റി, തുറവൂർ- ഡോ.റൂബി, തുറവൂർ താലൂക്കാശുപത്രി ,  ചേർത്തല നഗരസഭ, മുഹമ്മ, ചേർത്തല- ഡോ.അനിൽകുമാർ, സൂപ്രണ്ട്, ചേർത്തല താലൂക്കാശുപത്രി, ചെട്ടികാട്, ആലപ്പുഴ നഗരസഭ- ഡോ.അനിതകുമാരി, സൂപ്രണ്ട്, ആലപ്പുഴ ജനറലൽ ആളുപത്രി, അമ്പലപ്പുഴ- ഡോ.വിശ്വകല, അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്റർ, ഹരിപ്പാട്, തൃക്കുന്നപ്പുഴ, മുതുകുളം, കായങ്കുളം നഗരസഭ- ഡോ.സുനിൽകുമാർ, സൂപ്രണ്ട്, ഹരിപ്പാട് താലൂക്കാശുപത്രി, കുറത്തികാട്, ചുനക്കര, മാവേലിക്കര നഗരസഭ- ഡോ.ഷഹന കെ.മുഹമ്മദ്, സൂപ്രണ്ട്, മാവേലിക്കര ജില്ല ആശുപത്രി, മാന്നാർ- ഡോ.സാബു സുഗതൻ, മാന്നാർ സാമൂഹ്യാരോഗ്യ കേന്ദ്രം, പാണ്ടനാട്, ചെങ്ങന്നൂർ നഗരസഭ - ഡോ.ഗ്രേസി ഇത്താക്ക്, സൂപ്രണ്ട്, ജില്ല ആശുപത്രി ചെങ്ങന്നൂർ.

date