Skip to main content
ഉയർന്ന ശേഷിയുള്ള പമ്പുകൾ എത്തി; ആദ്യം  എ.സി റോഡിൽ ഉപയോഗിക്കുമെന്ന് മന്ത്രി സുധാകരൻ

ഉയർന്ന ശേഷിയുള്ള പമ്പുകൾ എത്തി; ആദ്യം എ.സി റോഡിൽ ഉപയോഗിക്കുമെന്ന് മന്ത്രി സുധാകരൻ

ആലപ്പുഴ: മണിക്കൂറിൽ 3060000 ലിറ്റർ വെള്ളം പമ്പ് ചെയ്ത് കളയാൻ ശേഷിയുള്ള മൂന്നു വലിയ പമ്പുകൾ കിർലോസ്‌കർ കമ്പനി ഇന്നലെ കളക്ട്രേറ്റിൽ എത്തിച്ചു. പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ പമ്പ് ഏറ്റുവാങ്ങി ജില്ലാ കളക്ടർ എസ്.സുഹാസിന് കൈമാറി. പ്രളയകാലത്ത് ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പമ്പുകളാണിത്. പമ്പ് ഉപയോഗിച്ച് ആദ്യം തന്നെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ വെള്ളം നീക്കം ചെയ്യാൻ മന്ത്രി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകി. 83 ഹോഴ്സ് പവറിന്റെ മൂന്നുപമ്പുകളാണ് കമ്പനി കളക്ട്രേറ്റിൽ എത്തിച്ചത്. 

പ്രളയക്കെടുതി തീരുന്നതുവരെ പമ്പ് ആവശ്യാനുസരണം ഉപയോഗിക്കാമെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഓട്ടോപ്രം പമ്പുകളാണ് ഇവ. ഇതിൽ വെള്ളം ഒഴിക്കാതെ തന്നെ പമ്പിങ് നടത്താനാവും.വെള്ളക്കെട്ടിൽ വച്ചാൽ സ്വിച്ച് ഓൺ ചെയ്താൽ തന്നെ പമ്പിങ് ആരംഭിക്കും. തായ്ലൻഡ് ഗുഹയിൽ കുടുങ്ങിയ യൂത്ത് ഫുട്‌ബോൾ ടീം കോച്ചിനെയും കുട്ടികളേയും  രക്ഷപ്പെടുത്തുന്നതിന് ഉപയോഗിച്ച അതേ സാങ്കേതിക വിദ്യയും ശേഷിയും ഉള്ള പമ്പുകളാണ് ഇതെന്ന് മന്ത്രി വ്യക്തമാക്കി. എ.സി.റോഡിലെ ഉപയോഗം കഴിഞ്ഞാലുടൻ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെ വെള്ളം കുറയ്ക്കാനും ഇതുപയോഗിക്കാൻ കഴിയും. കിർലോസ്‌കർ  മേഖല മാനേജർ രാജേഷ് ഗോപിനാഥാണ് പമ്പ് മന്ത്രിക്ക് കൈമാറിയത്.

date