പ്രളയത്തിൽ നഷ്ടമായ റേഷൻകാർഡിന് മുദ്രപത്രവില വേണ്ടെന്ന് മന്ത്രി തിലോത്തമൻ
ആലപ്പുഴ: വെള്ളപ്പൊക്കക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് പ്രത്യേക അദാലത്ത് നടത്തി എത്രയും വേഗം ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ നിർദ്ദേശിച്ചു. റേഷൻകാർഡ് നഷ്ടപ്പെട്ടവർക്ക് സി - ഡിറ്റ്, എൻ.ഐ.സി എന്നിവയുടെ സഹായത്തോടെ ഒന്നോ രണ്ടോ ദിവസത്തിനകം പുതിയവ നൽകാനുള്ള നടപടികൾ സ്വീകരിക്കണം. ഒരു കാരണവശാലും പ്രളയക്കെടുതിയിൽ റേഷൻകാർഡ് നഷ്ടപ്പെട്ടവരെ കൂടുതൽ ബുദ്ധിമുട്ടിക്കരുതെന്ന പ്രത്യേക നിർദ്ദേശവും അദ്ദേഹം നൽകി. കലക്ടറേറ്റിൽ ചേർന്ന ഭക്ഷ്യവകുപ്പ്-സപ്ലൈകോ ജീവനക്കാരുടെ അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
റേഷൻ കാർഡ് പൂർണമായും നഷ്ടപ്പെട്ടവർ പകരം കാർഡിനുള്ള അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകിയാൽ മതി. പുതിയ റേഷൻ കാർഡിന് അപേക്ഷയോടൊപ്പം 200 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ പ്രളയബാധിതതർക്ക് ഒഴിവാക്കും. കേടുപാടുകൾ ഉള്ള റേഷൻ കാർഡ് കൈവശം ഉള്ളവർ അത് തിരികെ ഏൽപ്പിക്കണം. ഇപ്രകാരം വിതരണം ചെയ്യുന്ന പകരം റേഷൻ കാർഡുകൾ സാധാരണ കാർഡുകൾ പോലെയുള്ള ആധികാരിക രേഖയായും മറ്റ് ആവശ്യങ്ങൾക്കുള്ള റഫറൽ രേഖയായും ഉപയോഗിക്കാമെന്ന് വകുപ്പ് ഉത്തരവായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിൽ പ്രളയക്കെടുതിയിൽ പെട്ട് താറുമാറാവുകയും നശിക്കുകയും ചെയ്ത റേഷൻ കടകളുടെ വിവരശേഖരണം നടത്തണം. ഇത്തരം റേഷൻകടകൾ കണ്ടെത്തി അവിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ വിവരം കളക്ടർക്ക് റിപ്പോർട്ട് കൈമാറണം. പ്രളയത്തിൽ നശിച്ചുപോയ ഭക്ഷ്യവസ്തുക്കൾ റവന്യൂ ഉദ്യോഗസ്ഥരുടെ കൂടി സാന്നിധ്യത്തിൽ വേണം നശിപ്പിക്കേണ്ടത്. കുട്ടനാട്ടിലും ചെങ്ങന്നൂരിൽ റേഷൻകടകൾ വെള്ളംകയറി പ്രവർത്തന ശൂന്യമായിട്ടുണ്ട്. ആളുകൾ മടങ്ങുമ്പോഴേക്ക് ഇവിടെ പുതിയ സ്ഥലം കണ്ടെത്തി റേഷൻ വിതരണം നടത്താൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി.
ചില റേഷൻകടകളിൽ കറണ്ടില്ല, നെറ്റ് ലഭിക്കുന്നില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് റേഷൻ നൽകാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതൊരിക്കലും അനുവദിക്കില്ല. അത്തരം സ്ഥലങ്ങളിൽ പഴയരീതിയിൽ രജിസ്റ്റർ സൂക്ഷിച്ച് റേഷൻവിതരണം നടത്തണം. ഓണദിവസങ്ങളിൽ ചിലയിടങ്ങളിൽ വില വർധിപ്പിക്കുന്നതായി വിവരമുണ്ട്. ജില്ലയിലെ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ ലീഗൽ മെട്രോളജി, പൊലീസ് എന്നിവയുടെ സഹായത്തോടെ ആവശ്യമായ പരിശോധനകൾ നടത്തി കർശന നടപടി സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ഭക്ഷ്യവകുപ്പിന്റെ ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
- Log in to post comments