കുട്ടനാടിനായി ഒത്തുചേരാം; 28 മുതൽ മൂന്നുദിവസം
ആലപ്പുഴ: കുട്ടനാട്ടുകാരെ മുഴുവൻ പുനരധിവസിപ്പിക്കാൻ മൂന്നുദിവസത്തെ സമ്പൂർണ ശുചീകരണ യജ്ഞത്തിന് രൂപം നൽകിയതായി മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, ജി സുധാകരൻ എന്നിവർ കളക്ടേറ്റിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. 28, 29, 30 തീയതികളിലായി നടക്കുന്ന ശുചീകരണത്തിൽ ജില്ലയ്ക്കു പുറത്തുനിന്നുള്ള 5,000 പേരും ജില്ലയിലെ അരലക്ഷം പേരും പങ്കെടുക്കും. കേരളം കണ്ട ഏറ്റവും വലിയ പുനരധിവാസ കാംപെയ്‌നാണ് കുട്ടനാട് ഒരുങ്ങുന്നത്. 31 ഓടെ പരമാവധി കുട്ടനാട്ടുകാരെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യം.
ശുചീകരണത്തിന് വിദഗ്ധസംഘം
ക്യാമ്പിൽ കഴിയുന്ന കുട്ടനാട്ടുകാരിൽ പ്രായമായവരും കുഞ്ഞുങ്ങളുമൊഴികെ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത മുഴുവൻ പേരെയും ശുചീകരണത്തിൽ പങ്കെടുപ്പിക്കും. ഇലക്ട്രീഷ്യൻ, പ്ലംബർ, ആശാരിപ്പണിക്കാർ ഉൾപ്പെടുന്ന സംഘം ഓരോ വാർഡിലുമുണ്ടാകും. വീടുകളിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾ സംഘം നടത്തും. തദ്ദേശസ്ഥാപനങ്ങളിലെ എൻജിനിയറിങ് വിഭാഗം വീടുകളുടെ ബലക്ഷയം സംബന്ധിച്ച പരിശോധന നടത്തും. വാസയോഗ്യമല്ലാത്ത വീടുകളിൽ ആളുകളെ താമസിപ്പിക്കില്ല. ആദ്യം ഹാളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ വൃത്തിയാക്കും.
വീട്ടിനും പരിസരത്തുമുള്ള മുഴുവൻ ചെളിയും നീക്കം ചെയ്യും.
മറ്റുജില്ലകളിൽനിന്ന് സന്നദ്ധപ്രവർത്തനത്തിന് തയ്യാറായി വരുന്നവർക്ക് ഹൗസ് ബോട്ടുകളിൽ താമസിക്കാൻ സൗകര്യമൊരുക്കും. പാമ്പുപിടിത്തക്കാരുടെ സംഘം ആന്ധ്ര പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നെത്തും. ഓൺലൈനിൽ രജിസ്റ്റർചെയ്യുന്ന സന്നദ്ധപ്രവർത്തകർ എത്തേണ്ട സ്ഥലം കൃത്യമായി തീരുമാനിച്ച് മുൻകൂട്ടി അറിയിക്കും. ബാർജുകളിലും ബോട്ടുകളിലുമായി 28ന് രാവിലെ എട്ടിന് സംഘം കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടും. എല്ലാവർക്കും പ്രതിരോധ മരുന്നു നൽകും.
നീക്കുന്ന ചെളി സംഭരിക്കും
വീടുകളിൽനിന്ന് സംഭരിക്കുന്ന ചെളി ഒരുകേന്ദ്രത്തിൽ സംഭരിക്കാം. വീടു ശുചീകരണത്തിന് ഹൈ പ്രഷർ പമ്പുകൾ ലഭ്യമാക്കും. ഫിനോൾ ഉപയോഗിച്ച് വീടുകൾ കഴുകണം. 40 ടൺ നീറ്റുകക്ക സംഭരിച്ചിട്ടുണ്ട്. ഇത് വിതരണം ചെയ്യും. എസി റോഡ് മൂന്നുദിവസത്തിനുള്ളിൽ സഞ്ചാരയോഗ്യമാക്കും. എ.സി.റോഡ് ഗതാഗതത്തിന് തയ്യാറാകുന്നതോടെ ശുചീകരണത്തിന് വേഗമേറും. 28ന് മുമ്പ് മടവീഴാത്ത മുഴുവൻ പാടശേഖരങ്ങളിലെയും വെള്ളം പമ്പ്‌ചെയ്ത് വറ്റിക്കും.
ശുചീകരണത്തിനൊപ്പം വിവരശേഖരണവും
കൺട്രോൾ റൂമിൽ പ്രവർത്തിച്ച വളന്റിയർമാരും മറ്റു ജില്ലകളിൽനിന്നുള്ള സന്നദ്ധപ്രവർത്തകരും ഉൾപ്പെടെയുള്ള സംഘത്തെ വിവരശേഖരണത്തിനായി നിയോഗിക്കും. ഓരോ വാർഡിലും മൂന്ന് പേർ വീതം ഇതിനായി പോകും. കുടിവെള്ളം, ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള സാധ്യത എന്നിവ സംബന്ധിച്ച് സംഘം വിവരം നൽകും. 30ന് പ്രായമായവരെയും കുട്ടികളെയും വീടുകളിലേക്ക് കൊണ്ടുപോകും. 31നകം മുഴുവൻ പേരെയും വീടുകളിലേക്ക് തിരികെയെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 31 ന് ഓരോ വീട്ടിലും പനി, വയറിളക്കം എന്നിവ സംബന്ധിച്ച വിവരവും സംഘം ശേഖരിക്കും.
കുടുംബശ്രീ വായ്പ
കുടുംബശ്രീ വഴി വായ്പ നൽകുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇത് മൂന്നുവർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന വിധം ആയിരിക്കും.കുട്ടനാടിന്റെ രോഗപ്രതിരോധത്തിൽ കുറച്ചുനാളെക്ക് കൃത്യമായ നിരീക്ഷണം ഉണ്ടാകും. പകർച്ചവ്യാധികളെ വേഗം കണ്ടെത്തി പരിഹാരം കാണാൻ മൊബൈൽ ആപ്പ് ഉണ്ടാക്കും.
പൂർണമായി നശിച്ച എല്ലാവർക്കും നാല് ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കുട്ടനാട് മേഖലയിൽ പൊലീസ് പട്രോളിങ് ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ബോട്ട് സർവീസ് 30നുശേഷം
കുട്ടനാട്ടിലേക്കുള്ള ബോട്ട് സർവീസുകൾ നിർത്തിവച്ചിരിക്കുന്നത് സുരക്ഷയെക്കരുതിയാണ്. ശുചീകരണം പൂർത്തിയാക്കുന്ന 30 കഴിഞ്ഞാൽ ജലഗതാഗതം സാധാരണ നിലയിലാകും. നിലവിൽ അങ്ങോട്ടേക്ക് നാമമാത്രമായ സർവീസ് മതിയെന്നാണ് സർക്കാർ തല തീരുമാനമെന്നും മന്ത്രിമാർ വ്യക്തമാക്കി.
31 കഴിഞ്ഞാൽ ക്യാംപുകളുടെ എണ്ണം കുറയും
ശുചീകരണം പൂർത്തിയാക്കി പരമാവധി കുട്ടനാട്ടുകാരെ 31നുള്ളിൽ വീടുകളിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വീടുകളിലേക്ക് മടങ്ങുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച അവശ്യസാധനങ്ങളടങ്ങിയ കിറ്റുകൾ നൽകും. വീടുകൾ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയവർക്കും 30നുശേഷവും വെള്ളക്കെട്ട് തുടരുന്ന സ്ഥലങ്ങളിലെ കുടുംബങ്ങൾക്കും മാത്രമായി ക്യാമ്പുകൾ പ്രവർത്തിക്കും. രണ്ടോ മൂന്നോ ക്യാമ്പുകൾ മതിയാകുമെന്നാണ് കണക്കുകൂട്ടൽ. പത്രസമ്മേളനത്തിൽ ജില്ലാ കളക്ടർ എസ്.സുഹാസ്, സബ്കളക്ടർ കൃഷ്ണതേജ, സംഭരണ ശാലയുടെ ചാർജ് വഹിക്കുന്ന കൊല്ലം സബ്കളക്ടർ എസ്.ചിത്ര എന്നിവരും പങ്കെടുത്തു.
- Log in to post comments