Skip to main content

ഭരണപരിഷ്‌കാര കമ്മീഷന്‍ ഒന്നാമത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഭരണപരിഷ്‌കാര കമ്മീഷന്റെ വിജിലന്‍സ് പരിഷ്‌കരണത്തെ സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ കമ്മീഷന്‍ അംഗം സി.പി.നായരുടെയും മെമ്പര്‍ സെക്രട്ടറി ശ്രീമതി ഷീല തോമസിന്റെയും സാന്നിദ്ധ്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കിയ കമ്മിഷന്റെ പരിഗണനാവിഷയങ്ങളില്‍ സര്‍ക്കാര്‍ സംവിധാനത്തിലെ കാലതാമസം, അഴിമതി, സ്വജനപക്ഷപാതം, എന്നിവ ഇല്ലാതാക്കുന്നത് സംബന്ധിച്ച ശുപാര്‍ശകളും ഫലപ്രദമായ സേവനം ഉറപ്പാക്കുന്ന രീതികള്‍ അവലംബിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംവിധാനത്തിന്റെ പരിഷ്‌കരണം എന്ന വിഷയത്തില്‍ വിദഗ്ദ്ധ സമിതി രൂപീകരിച്ച് പഠനം നടത്തിയത്. കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്റ്റാറ്റിയൂട്ടറി നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെടുന്ന സ്വതന്ത്ര വിജിലന്‍സ് സംവിധാനം ഉണ്ടാകണമെന്നും നിയമപരിരക്ഷ നല്‍കി വിജിലന്‍സ് ആന്റ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനം നിഷ്പക്ഷവും കാര്യക്ഷമവും ആക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിര്‍ദ്ദിഷ്ട വിജിലന്‍സ് കമ്മീഷന്റെയും സ്റ്റേറ്റ് വിജിലന്‍സ് പോലീസ് സംവിധാനത്തിന്റെയും ഘടന, ഉത്തരവാദിത്തങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കമ്മീഷന്‍ തയ്യാറാക്കിയ സ്റ്റേറ്റ് വിജിലന്‍സ് കമ്മീഷന്‍ ആന്റ് സ്റ്റേറ്റ് വിജിലന്‍സ് പോലീസ് എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ടിന്റെ കരട് മാതൃകയും റിപ്പോര്‍ട്ടിനോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പി.എന്‍.എക്‌സ്.3632/17

 

date