പ്രളയക്കെടുതി : എം.പി ഫണ്ട് 10 കോടി ആക്കണമെന്ന് ഇന്നസെന്റ് എം.പി
പ്രളയക്കെടുതി മൂലമുള്ള നാശനഷ്‌ടങ്ങള്‍ പരിഹരിക്കുന്നതിനായി, പ്രളയ ബാധിത മേഖലകളിലെ എം.പിമാര്‍ക്കുള്ള പ്രാദേശികവികസന ഫണ്ട് ഈ വര്‍ഷം 10 കോടി രൂപയെങ്കിലുമായി വര്‍ദ്ധിപ്പിക്കണമെന്ന് ഇന്നസെന്റ് എം.പി ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വികസന പദ്ധതികളുടെ നാശനഷ്‌ടം കണക്കാക്കി തത്തുല്യമായ തുക ബന്ധപ്പെട്ട പദ്ധതികളിലൂടെ അധികമായി അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എം.പി നിവേദനം നല്‍കി.
പ്രളയക്കെടുതി ഏറ്റവും നാശം വിതച്ച ലോകസഭാ മണ്ഡലമാണ് ചാലക്കുടി. പ്രാഥമിക കണക്കുകള്‍ അനുസരിച്ചു തന്നെ 2500 ഓളം വീടുകള്‍ പൂര്‍ണ്ണമായും 13000 ഓളം വീടുകള്‍ ഭാഗികമായും നശിച്ചു. ചെറുകിട ഉല്‍പാദന മേഖലയെ കനത്ത തോതില്‍ പ്രളയം ബാധിച്ചു. കച്ചവടം, കൃഷി, പരമ്പരാഗത വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രളയം വിതച്ച നാശനഷ്‌ടങ്ങള്‍ ആയിരങ്ങളെ നേരിട്ട് ബാധിക്കുന്നതാണ്. ലോകസഭാ മണ്ഡല പരിധിയിലെ ദേശീയ പാതയിലുണ്ടായ തകര്‍ച്ച പരിഹരിക്കാന്‍ 30 കോടി രൂപവേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം പണികഴിപ്പിച്ച റോഡുകളില്‍ 67 റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 97 കി.മീ ദൈര്‍ഘ്യമുള്ള റോഡുകളാണ് ഭാഗീകമായി തകര്‍ന്നത്. ഇവ വീണ്ടും യാത്രാ യോഗ്യമാക്കുന്നതിന് 20 കോടി രൂപയെങ്കിലും ആവശ്യമുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയിലുള്‍പ്പെടെ പണിതീര്‍ത്ത നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിക്കുകയോ ചെയ്‌തു. എം.പി ഫണ്ടുപയോഗിച്ച് ചാലക്കുടി താലൂക്കാശുപത്രിയില്‍ നിര്‍മ്മിച്ച ഡയാലിസിസ് യൂണിറ്റും മാമോഗ്രാം യൂണിറ്റും വെള്ളപ്പൊക്കത്തില്‍ നശിച്ചു. 1.30 കോടിയുടെ നഷ്‌ടം ഇങ്ങനെയുണ്ടായി. എം.പി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച റോഡുകള്‍, കാനകള്‍ തുടങ്ങിയവയ്‌ക്കും നാശനഷ്‌ടം സംഭവിച്ചു. സര്‍ക്കാര്‍ ഓഫീസുകളും ആശുപത്രികളുമുള്‍പ്പെടെ പൊതുസ്ഥാപനങ്ങള്‍ക്കും കാര്യമായ നഷ്‌ടം ഉണ്ടായി. ഈ സാഹചര്യത്തില്‍ എം.പി ഫണ്ട് ഈ വര്‍ഷം 10 കോടി രൂപയെങ്കിലുമായി വര്‍ദ്ധിപ്പിക്കണം. മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായും അധിക തുക വകയിരുത്തണമെന്നും ഇന്നസെന്റ് എം.പി ആവശ്യപ്പെട്ടു.
- Log in to post comments