അവശ്യസാധന കിറ്റ് തയ്യാറാക്കൽ വികേന്ദ്രീകരിച്ചു
ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് നൽകാനുള്ള ആവശ്യസാധനങ്ങളുടെ കിറ്റുകൾ തയ്യാറാക്കാൻ എല്ലാ താലൂക്കിലും കേന്ദ്രം തുടരാൻ ജില്ല കളക്ടർ നിർദ്ദേശിച്ചു. നിലവിൽ അമ്പലപ്പുഴ, ചെങ്ങന്നൂർ താലൂക്കുകളിലാണ് കിറ്റ് തയ്യാറാക്കുന്നത്. മാവേലിക്കര, കാർത്തികപ്പള്ളി, ചേർത്തല, കുട്ടനാട് താലൂക്കുകളിലും കിറ്റ് തയ്യാറാക്കൽ കേന്ദ്രം തുറക്കാനാണ് നിർദേശം.
കിറ്റു തയ്യാറാക്കുന്നതിന്റെ ഏകോപന ചുമതല എ.ഡി.എം. ഐ. അബ്ദുൾ സലാമിനാണ്. ജില്ലയിലെ ക്യാമ്പുകളിലായി 85000 കിറ്റുകൾ വേണമെന്നാണ് കണക്ക്. ഇതിനകം 27000 കിറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ കിറ്റുകൾ തയ്യാറാക്കൽ കേന്ദ്രങ്ങൾ തുറക്കുന്നത്. നാലുദിവസത്തിനകം കിറ്റുകൾ തയ്യാറാക്കി കഴിയുമെന്നാണ് പ്രതീക്ഷ.
വില്ലേജ് ഓഫീസുകൾ ഇന്ന് തുറക്കും
പ്രളയത്തെതുടർന്ന് പൂട്ടി കിടക്കുന്ന കുട്ടനാട്ടിലെ 14 വില്ലേജ് ഓഫീസുകൾ ഇന്ന് മുതൽ തുറക്കും. നിലവിൽ ക്യാമ്പുകളിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസ് ജീവനക്കാരോട് തങ്ങളുടെ ഓഫീസിലേക്ക് മടങ്ങാനാണ് നിർദ്ദേശം.
പാടശേഖരങ്ങളിൽ നിന്ന് വെള്ളമിറങ്ങുന്നതിന് സൗകര്യമൊരുക്കാൻ തൂമ്പുകൾ തുറന്ന് വയ്ക്കാൻ കൃഷിവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ 110 കുതിരശക്തിയുള്ള 12 വലിയ പമ്പുകൾ കൂടി ജില്ലയിലെത്തുന്നുണ്ട്. ഒരു പാടം ഒരുദിവസത്തിനകം വറ്റിക്കാൻ കഴിയുന്ന വലിയ പമ്പാണിത്. ഇവ ബാർജുകളിൽ ഘടിപ്പിച്ച് ഓരോ പാടശേഖരത്തിലുമെത്തിക്കാനാണ് ആസൂത്രണം.
- Log in to post comments