പ്രളയക്കെടുതി: ദുരിതാശ്വാസ ,പുനരധിവാസ ശുചീകരണ, പ്രവർത്തനങ്ങളുമായി പഞ്ചായത്ത് വകുപ്പ്
കൊച്ചി: പ്രളയം അവസാനിച്ചപ്പോഴേക്കും ദുരിതബാധിതരുടെ പുനരധിവാസവും ദുരന്തം വിതച്ച മേഖലകളുടെ ശുചീകരണവും ആയിരുന്നു പഞ്ചായത്ത് വകുപ്പ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പ്രളയത്തെ നേരിടാൻ ഒരുപാട് മുന്നൊരുക്കങ്ങൾക്കൊന്നും സമയം ലഭിച്ചില്ലെങ്കിലും അവയെല്ലാം അതിജീവിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മറ്റ് സർക്കാർ വകുപ്പുകളുടെ കൂടെ നിന്നുകൊണ്ട് പഞ്ചായത്ത് വകുപ്പിനും സാധിച്ചിട്ടുണ്ട്. ദുരന്തസമയത്ത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ നിന്നും കൃത്യമായ ഇടപെടലുകൾ നടത്തി ഗ്രാമപഞ്ചായത്തുകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നു. വാർത്താവിനിമയ സൗകര്യങ്ങൾ ലഭ്യമാകാതിരുന്ന പഞ്ചായത്തുകളിലേക്ക് വിവരങ്ങൾ കൈമാറുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ജീവനക്കാരെ ഇരുപത്തിനാല് മണിക്കൂറും സേവന സജ്ജരാക്കി നിയമിച്ചിരുന്നു. സർക്കാരിൽ നിന്നും പഞ്ചായത്ത് ഡയറക്ടറേറ്റിൽ നിന്നും ലഭ്യമായിരുന്ന ഉത്തരവുകളും സർക്കുലറുകളും പഞ്ചായത്തുകൾക്ക് കൈമാറാനും പഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ യഥാസമയങ്ങളിൽ അറിയിക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ നടത്തിയ ക്യാമ്പുകളുടെ പ്രവർത്തനത്തിലെ ഏകോപനം ഭൗതികസഹചര്യങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിലും, വിഭവങ്ങളുടെ ലഭ്യതയിലും മികവുറ്റ നിലവാരം പുലർത്തുന്നതിന് സഹായകരമായി. ക്യാമ്പ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള ഇടപെടലുകൾ ഡെപ്യൂട്ടി ഡയറക്ടറേറ്റ് തലത്തിൽ സ്വീകരിച്ചിട്ടുണ്ടായിരുന്നു.
രക്ഷാപ്രവർത്തനങ്ങൾ പോലെതന്നെ ദുഷ്കരമായ പ്രവർത്തിയായിരുന്നു പ്രളയ ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾ . ഇത് ഏകോപിപ്പിക്കുന്നതിനായി ജില്ലാ തല നോഡൽ ഓഫീസറായി പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ പി എസ് ടിമ്പിൾ മാഗിയെ ചുമതലപ്പെടുത്തി .പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കളക്ഷൻ രൂപീകരിക്കുകയും ശുചീകരണത്തിന് ആവശ്യമായ ഗ്ലൗസുകളും, മലിനമാക്കപ്പെട്ട കിണറുകൾ ശുചി ആക്കുവാൻ ആവശ്യമായ വിവിധതരം പമ്പുകളും, ബ്ലീച്ചിംഗ് പൗഡറും, ലിക്വിഡും,പരിസരം ശുചീകരിക്കാൻ ആവശ്യമായ കുമ്മായവും, അവശ്യ സന്ദർഭങ്ങളിൽ ജെസിബിയുടെ സഹായവും പഞ്ചായത്തുകളുടെ ആവശ്യാനുസരണം ഉറപ്പ് വരുത്താനുള്ള നടപടികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ സ്വീകരിച്ചിരുന്നു. ഇതൊക്കെ ശുചീകരണത്തിന്റെ വേഗത കൂട്ടാൻ സഹായിച്ചു. ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ ,സന്നദ്ധപ്രവർത്തകർ, തൊഴിലുറപ്പ് ,കുടുംബശ്രീ പ്രവർത്തകർ , ആശ വർക്കർമാർ എന്നിവരുടെ പങ്കാളിത്തത്തോടെ ജില്ലയിലെ തൊണ്ണൂറ് ശതമാനം ശുചീകരണ പ്രവർത്തനങ്ങളും ഒരാഴ്ചക്കാലം കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചു. പ്രളയം ബാധിക്കാത്ത പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജീവനക്കാരും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ വി മാലതിയുടെ നിർദ്ദേശപ്രകാരം പ്രളയ ബാധിത മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ശുചീകരണത്തിനും വലിയതോതിലുള്ള സഹായങ്ങൾ നൽകി.
പ്രളയത്തിൽ നഷ്ടപ്പെട്ട രേഖകളും ഫയലുകളും വീണ്ടെടുക്കാനായി പ്രളയബാധിത പഞ്ചായത്തുകളിൽ ടെക്നിക്കൽ അസിസ്റ്റൻറ് മാരുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട് ജനന മരണ സർട്ടിഫിക്കറ്റുകൾ, ബിൽഡിങ് പെർമിറ്റ് , നികുതിയടച്ച് രസീതുകൾ എന്നിവയാണ് പ്രധാനമായും ഇതുവഴി ലഭിക്കുന്നത്. ആശുപത്രികൾ വഴിയോ നേരിട്ടോ ലഭിക്കുന്ന അപേക്ഷകൾ പഞ്ചായത്തുകളിൽ കിട്ടിയാൽ ഉടൻ തന്നെ രേഖകൾ വീണ്ടെടുത്ത് നൽകും. ഇത്തരം പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ കെ ജെ ജോയിയുടെ നേതൃത്വത്തിൽ എട്ട് പ്രളയ ബാധിത പഞ്ചായത്തുകളിൽ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
- Log in to post comments