Skip to main content

ജീവിതത്തിന്റെ ഹര്‍ഡില്‍സുകള്‍ ചാടികടന്ന് അനന്തു

 

2024 ലെ ഒളിമ്പിക്‌സ് അതാണ് എന്റെ ലക്ഷ്യമെന്ന് അനന്തു വിജയന്‍ പറയുമ്പോള്‍ ആ ആത്മവിശ്വാസത്തിന് മുന്നില്‍ ആര്‍ത്തലച്ച് വന്ന പ്രളയം പോലും തോറ്റു പിന്മാറും. പ്രളയം സര്‍വതും കശക്കിയെറിഞ്ഞിട്ടും അതിലൊന്നും തളരാതെ അനന്തു തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ വീണ്ടും ഓടിത്തുടങ്ങി. പല തവണ കേരളത്തിന് വേണ്ടി ഹര്‍ഡില്‍സിലും, 400 മീറ്റര്‍ ഓട്ടത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സ്വര്‍ണമെഡല്‍ ജേതാവാണ് പുല്ലാട് ഒള്ളൂച്ചിറ കോളനി നിവാസിയായ അനന്തു വിജയന്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രളയം ബാധിച്ച പ്രദേശങ്ങളിലൊന്നാണ് അനന്തു താമസിക്കുന്ന പുല്ലാട് ഉള്ളൂച്ചിറ കോളനി. 

അപ്രതീക്ഷിതമായി വീട്ടിലേക്ക് അടിച്ച് കയറിയ വെള്ളം കണ്ട് കാഴ്ചയില്ലാത്ത അച്ഛനേയും അമ്മയേയും കൂട്ടി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുമ്പോഴും അനന്തു കരുതിയില്ല താന്‍ ജീവനായി കരുതിയ മെഡലുകളെല്ലാം നശിച്ച് പോകുമെന്ന്. ഒന്നാം ക്ലാസ് മുതല്‍ അനന്തുവിന് കമ്പം സ്‌പോര്‍ട്‌സിനോടായിരുന്നു. അന്ന് നേടിയ ട്രോഫി മുതല്‍ ദേശീയ തലത്തിലെ സ്വര്‍ണമെഡല്‍ വരെ അനന്തുവിന് ഒരു പോലെ പ്രിയപ്പെട്ടതാണ്. അതെല്ലാം ഒരു നിധി പോലെയാണ് കാത്ത് വച്ചതും. പക്ഷെ, പ്രളയത്തില്‍ വീട് പൂര്‍ണമായും മുങ്ങി. കുന്നന്താനം എം.ടി.എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ നിന്ന് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് നേട്ടങ്ങളെല്ലാം പ്രളയം കവര്‍ന്നത് അനന്തു അറിഞ്ഞത്. എന്നാല്‍  ജീവിതത്തിന്റെ ട്രാക്കില്‍ തളര്‍ന്ന് പിന്മാറാന്‍ ഈ പതിനെട്ടുകാരന്‍ തയ്യാറല്ലായിരുന്നു. കാഴ്ചശക്തിയില്ലാത്ത അച്ഛനും അമ്മയ്ക്കും താങ്ങാകണമെന്ന ലക്ഷ്യം അനന്തുവിനെ തളരാതെ നിര്‍ത്തി. അടുത്ത ഓട്ടത്തിനായുള്ള വിസില്‍ ശബ്ദത്തിനായി അവന്‍ കാത്തുനിന്നു. പഴയ ജീവിതത്തിലേക്ക് ഈ കോളനിനിവാസികളൊന്നും തിരിച്ചെത്തുന്നതിന് മുന്നേ അവന്‍ ട്രാക്കില്‍ തിരിച്ചെത്തി. പ്രളയത്തില്‍ മലിനമായ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ പരുക്ക് പറ്റിയ കാലുമായി തിരുവനന്തപുരത്ത് നടന്ന ഇന്റര്‍ക്ലബ്ബ് മീറ്റില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ അവന്‍ ഓടിക്കയറിയത് രണ്ടാം സ്ഥാനത്ത്. ദുരിതങ്ങള്‍ക്കിടയിലും മകന്റെ ഈ നേട്ടത്തെക്കുറിച്ച് പറയുമ്പോള്‍ അമ്മയ്ക്ക് നൂറ് നാവ്. 

പല തവണ ട്രാക്കിലൂടെ ഓടുമ്പോഴും അനന്തു കണ്ട ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്വന്തമായൊരു സ്‌പൈക്ക്‌സ്. പക്ഷെ, അത് വാങ്ങാനുള്ള ചിലവ് അനന്തുവിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെയാണ് ആറന്മുള എം.എല്‍.എ വീണാജോര്‍ജ്ജ് അനന്തുവിനൊരു ഷൂ വാങ്ങി നല്‍കിയത്. 

'' അന്ന് മുതല്‍ എന്റെ കുഞ്ഞ് കാത്ത് വച്ച ആ ഷൂ പോലും വെള്ളം കൊണ്ട് പോയി '' എന്ന് പറഞ്ഞപ്പോള്‍ അമ്മ ജയശ്രീയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അച്ഛന്‍ വിജയന്‍ ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രക്തസമ്മര്‍ദ്ദം കൂടി കാഴ്ച നഷ്ടപ്പെട്ട് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ജയശ്രീ തുണിക്കടയില്‍ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ തുകയാണ് കുടുംബത്തിന്റെ ഏക വരുമാനം. കണ്ണീര്‍ ട്രാക്കില്‍ അനന്തു ഓടിയും ചാടിയും നേടിയ നേട്ടങ്ങള്‍ക്കൊക്കെ പത്തരമാറ്റിന്റെ തിളക്കമാണ്. ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അനന്തു അനീഷ് തോമസ് എന്ന പരിശീലകന്റെ വീട്ടില്‍ താമസിച്ചാണ് പരിശീലനം നടത്തുന്നത്. അനന്തുവിന്റെ കാലുകള്‍ക്ക് ശക്തി പകരുന്നത് കൂട്ടുകാരുടേയും നാട്ടുകാരുടേയും സപ്പോര്‍ട്ടും അച്ഛന്റേയും അമ്മയുടേയും പ്രാര്‍ത്ഥനയുമാണ്. ഇനിയും മത്സരങ്ങള്‍ അനന്തുവിനെ കാത്തിരിക്കുന്നു , പക്ഷെ, അനന്തു കാത്തിരിക്കുന്നു ഇപ്പോഴും ഒരു ജോഡി ഷൂവിനായി.                   (പിഎന്‍പി 2679/18)

date