പ്രളയബാധിതരുടെ പുനരധിവാസം സമഗ്ര കാഴ്ച്ചപ്പാടോടെ നടപ്പിലാക്കും: മന്ത്രി എ.കെ. ബാലന്‍
പ്രളയബാധിത പ്രദേശങ്ങളിലെ ആളുകളുടെ പുനരധിവാസം സമഗ്രമായ കാഴ്ച്ചപ്പാടോടെ സര്‍ക്കാര്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ-നിയമ മന്ത്രി എ.കെ.ബാലന്‍. ആറന്മുള പഞ്ചായത്തിലെ എഴിക്കാട് കോളനിയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥിരതാമസം ഉറപ്പാക്കുന്നത് വരെ പഞ്ചായത്തിലെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളില്‍ താമസിക്കാം. പുനരധിവാസത്തിന് ആവശ്യമായ ഫണ്ട് പരമാവധി ശേഖരിക്കുന്നതിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. വീടുകളിലെയും മറ്റും ശുചീകരണ പ്രക്രിയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. താല്‍ക്കാലിക കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും ലഭ്യമാക്കും. പകര്‍ച്ചവ്യാധി പ്രതിരോധ ഗുളികകള്‍ എല്ലാവരും കഴിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എഴിക്കാട് കോളനിയില്‍ നടപ്പിലാക്കാനിരുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ പ്രളയ പശ്ചാത്തലത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതില്‍ തടസമില്ലെന്നും മന്ത്രി അറിയിച്ചു.
എഴിക്കാട് കമ്യൂണിറ്റി ഹാളിലെ പുനരധിവാസ ക്യാമ്പ് മന്ത്രി സന്ദര്‍ശിച്ചു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്ജ്, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി. സതീഷ് കുമാര്‍, മുന്‍ എംഎല്‍എ കെ.സി.രാജഗോപാലന്‍, ഭൂരേഖ തഹസീല്‍ദാര്‍ കെ.സതിയമ്മ, ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.ഗംഗാധരന്‍ തമ്പി, പഞ്ചായത്തംഗങ്ങള്‍, കിടങ്ങന്നൂര്‍ വില്ലേജ് ഓഫീസര്‍ എ.സീന, അജയകുമാര്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.
(പിഎന്‍പി 2685/18)
- Log in to post comments