പാഠപുസ്തകങ്ങളുടെ വിതരണം ഇന്ന് (4.9.18) ആരംഭിക്കും
കൊച്ചി: പ്രളയ ബാധിത മേഖലകളിലേക്കുള്ള പാഠ പുസ്തകങ്ങളുടെ വിതരണം ഇന്ന് ആരംഭിക്കും. ആലുവ സബ് ജില്ലയിലേക്കുള്ള പുസ്തകങ്ങളാണ് ഇന്ന് വിതരണം ചെയ്യുക. അറുപത്തി ഒന്നായിരം പാഠപുസ്തകങ്ങളാണ് വിതരണത്തിനായി തയ്യാറായിരിക്കുന്നത്. ആലുവ ഹബ്ബിലാണ് പുസ്തകങ്ങൾ ശേഖരിച്ചിരിക്കുന്നത്. ഇവയുടെ തരം തിരിക്കൽ നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലയിലേക്ക് ആകെ ആവശ്യമായിട്ടുള്ളതിൽ പാതി പുസ്തകങ്ങൾ മാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ബാക്കി കൂടി അടുത്ത ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി എ സന്തോഷ് പറഞ്ഞു.
ഇത് കൂടാതെ നോട്ട്ബുക്കുകൾ, യൂണിഫോമുകൾ, സ്കൂൾ ബാഗുകൾ, പേനകൾ , ബോക്സുകൾ ,എന്നിവയും വിതരണം ചെയ്യേണ്ടതായുണ്ട്. കൈത്തറി വകുപ്പുമായി ചേർന്ന് യൂണിഫോം തുണിത്തരങ്ങൾ വിതരണം ചെയ്യും. രണ്ട് ലക്ഷത്തോളം നോട്ട് ബുക്കുകളാണ് ആവശ്യമായിട്ടുള്ളത് . അമ്പതിനായിരം പുസ്തകങ്ങൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനി നൽകി. ബാക്കി വരുന്ന നോട്ട് ബുക്കുകൾ കൂടി അവർ നൽകും. ഇതുവരെ ലഭിച്ച പുസ്തകങ്ങൾ ആലുവയിലും പറവൂരിലും ഉള്ള വിദ്യാലയങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.
സ്കൂൾബാഗ്, പെൻസിലുകൾ, പേനകൾ ,ബോക്സുകൾ, എന്നിവ സ്പോൺസർഷിപ്പിലൂടെ ശേഖരിക്കും . മുപ്പതിനായിരത്തോളം സ്കൂൾ ബാഗുകളാണ് ആവശ്യമായിട്ടുള്ളത്. പത്തായിരം ബാഗുകൾ കൊച്ചിൻ റിഫൈനറി സ്പോൺസർ ചെയ്തിട്ടുണ്ട്.
നഷ്ടപ്പെട്ടുപോയ എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾക്കായുള്ള അപേക്ഷകൾ സെപ്റ്റംബർ 5 വരെ അതാത് സ്കൂളുകളിൽ സ്വീകരിക്കും . സ്കൂളുകളിൽ ലഭിക്കുന്ന അപേക്ഷകൾ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ നൽകണം. നൂറിലധികം അപേക്ഷകളാണ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഇതുവരെ ലഭിച്ചിരിക്കുന്നത്.
- Log in to post comments