700 ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു; ഏഴ് പഞ്ചായത്തുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
കൊച്ചി: ജില്ലയില്‍ പ്രളയം രൂക്ഷമായ 22 പഞ്ചായത്തുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ച പിന്നിടുമ്പോള്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ശേഖരിച്ചത് 700 ടണ്‍ മാലിന്യങ്ങള്‍. പറവൂര്‍, കുന്നുകര, വടക്കേക്കര, കരുമാല്ലൂര്‍, ആലങ്ങാട് തുടങ്ങിയ പഞ്ചായത്തുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി.
പ്രളയം ഏറെ രൂക്ഷമായി ബാധിച്ച പറവൂര്‍ മേഖലയില്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായി ശുചീകരണ പ്രവര്‍ത്തനത്തില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. പ്രാഥമിക കണക്കെടുപ്പില്‍ പത്തു കോടിയോളം നഷ്ടം പറവൂര്‍ മാര്‍ക്കറ്റില്‍ തന്നെ സംഭവിച്ചിട്ടുണ്ട്. ഓണത്തിനോടനുബന്ധിച്ച് കരുതി വെച്ച1500 ചാക്ക് അരിയാണ് മാര്‍ക്കറ്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നീക്കംചെയ്തത്. കൂടാതെ ചീഞ്ഞ പച്ചക്കറികളും മറ്റും ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ മാര്‍ക്കറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പറവൂര്‍ മാര്‍ക്കറ്റ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഒപ്പം കുന്നുകര പഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലെത്തി. ഈ മാസം പത്തിനുള്ളില്‍ കുന്നുകരയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്താണ് കരുതുന്നത്. കിഴക്കമ്പലം പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കുന്നുകരയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കൂടാതെ പൂര്‍ണ്ണമായും വെള്ളത്തിലായ ഏഴ് പഞ്ചായത്തുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലാണ്. ചേരാനല്ലൂര്‍, കരുമാല്ലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളാണ് വെള്ളത്തിലായത്. ഇതിന്റെ ഭാഗമായി ടെക്നിക്കല്‍ അസിസ്റ്റന്റ് മാരുടെ സഹകരണത്തോടെ പഞ്ചായത്തുകളിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക് വസ്തുക്കളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. ആവശ്യമായവ റിപ്പയര്‍ ചെയ്യുകയും അല്ലാത്തവ നീക്കം ചെയ്യുകയും ചെയ്തു. പഞ്ചായത്തുകളിലെ മേശ, കസേര, റാക്കുകള്‍ എന്നിവയുടെ ഉപയോഗവും പുന:പരിശോധിച്ച് മേ• ഉറപ്പുവരുത്തി. കൂടാതെ പഞ്ചായത്ത് പരിസരവും ശുചീകരിച്ചു. ഇന്ന് മുതല്‍ പഞ്ചായത്തുകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാകും.
കൊച്ചി തുറമുഖ തൊഴിലാളികളുടെ സഹകരണത്തോടെ വടക്കേക്കര പഞ്ചായത്തിലെ ശുചീകരണം അവസാനഘട്ടത്തിലെത്തി. ഇവിടെനിന്നും 320 ആളുകളാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ എത്തിയത്. വെള്ളപ്പൊക്കത്തില്‍ പൊതു വഴിയിലേക്ക് മതില് ഇടിഞ്ഞ് വീണിരുന്നു. അവിടെ നിന്നും മാലിന്യങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഒപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളും ശുചീകരിച്ചു. മുഹമ്മദന്‍ എല്‍പി സ്കൂള്‍ മറവന്തുരുത്ത്, എസ് എന്‍ ജി എല്‍ പി എസ് കോട്ടുവള്ളിക്കാട് എന്നീ സ്കൂളുകളാണ് വടക്കേക്കരയില്‍ ശുചീകരിച്ചത്.
കൂടാതെ വിവിധയിടങ്ങളില്‍ നിന്നും കടകളില്‍ നിന്നും ആളുകള്‍ അരി, പിണ്ണാക്ക്, ഉപ്പ് തുടങ്ങിയ മാലിന്യങ്ങള്‍ നാഷണല്‍ ഹൈവേ ഭാഗത്ത് നിക്ഷേപിച്ചിരുന്നു. ഇവ അഴുകി അസഹനീയമായ ദുര്‍ഗന്ധമായിരുന്നു പരിസരങ്ങളില്‍. ഈ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പരിസരപ്രദേശങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങളും നല്കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ കേരള, ജി ജെ എക്കോ പവര്‍ എന്നീ കമ്പനികളുടെ വാഹനങ്ങള്‍ ഇന്ന് മുതല്‍ എല്ലാ പഞ്ചായത്തുകള്‍ക്കും കൂടുതലായി നല്‍കും.
6794 വോളണ്ടിയര്‍മാരുടെയും പ്രദേശത്തെ ജനങ്ങളുടെയും സഹകരണത്തോടെയാണ് നിലവില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പഞ്ചായത്തുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ജൈവം, അജൈവം എന്നിങ്ങനെ തരം തിരിച്ചാണ് ശേഖരിക്കുന്നത്.
ശുചിത മിഷന് കോര്‍ഡിനേറ്റര്‍ സിജു തോമസ്, ഹരിത മിഷന് കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, നോഡല്‍ ഓഫീസറായ ടിമ്പിള്‍ മാഗി എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
- Log in to post comments