Skip to main content

ദുരിതാശ്വാസപ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ

 

കാക്കനാട്: ദുരിതാശ്വാസ, ശുചീകരണ പ്രവർത്തനങ്ങളിൽ സഹകരിക്കാതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ .   പ്രളയദുരിതാശ്വാസ നടപടികളുടെ  ഭാഗമായുള്ള വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിന്  കലക്ടറേറ്റിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങളിൽ പ്രതികൂല റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിലാണ് ഈ  മുന്നറിയിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി.  നിർമ്മാണ പ്രവൃത്തികൾക്ക് സാങ്കേതികാനുമതി  നൽകാൻ കാലതാമസം വരുത്തരുത്.  നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകൾ സെപ്റ്റംബർ 15നകം പദ്ധതി രൂപരേഖ തയ്യാറാക്കണം.  ഇവക്ക് ഉടനടി ഭരണാനുമതിയും ലഭ്യമാക്കണം.  സാഹചര്യത്തിന്റെ അടിയന്തിര സ്വഭാവം കണക്കിലെടുത്ത് വിവിധ വകുപ്പുകൾ ഏകോപനത്തിലൂടെ പദ്ധതികൾ പൂർത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പഞ്ചായത്ത് സെക്രട്ടറിമാരുമായി ധാരണയുണ്ടാക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.  

പ്രളയബാധിത പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കണം.  ആരോഗ്യരംഗത്ത് ജാഗ്രത വേണം.  പ്രതിരോധ മരുന്നുകളും ബോധവൽകരണ സന്ദേശങ്ങളും ജനങ്ങളിലെത്തിക്കാൻ ആരോഗ്യ പ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കണം.  

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിച്ചിരുന്ന സ്കൂളുകളിൽ വൃത്തിയാക്കി നൽകാൻ ശേഷിക്കുന്നവ പെട്ടെന്ന് ശുചീകരിക്കണം.  ഇക്കാര്യം ഹെഡ്മാസ്റ്റർമാരോട് ചോദിച്ച് ഉറപ്പു വരുത്താൻ കലക്ടർക്ക് നിർദ്ദേശം നൽകി.  25000 കുട്ടികൾക്കുള്ള പാഠപുസ്തക വിതരണം കെ.പി.ബി.എസിൽ ഉടൻ ആരംഭിക്കും .  സ്കൂൾ ബാഗ് , കുട, മറ്റു പഠനോപകരണങ്ങൾ തുടങ്ങിയവ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി.എ.സന്തോഷ് കുമാർ യോഗത്തിൽ അറിയിച്ചു.  യൂണിഫോം കൈത്തറി വകുപ്പ് അയക്കും.
 രണ്ടു ലക്ഷം നോട്ടുപുസ്തകങ്ങളാണ് ആവശ്യം.  ഇക്കാര്യത്തിൽ ലഭ്യമായ പഠന സാമഗ്രികൾക്കു പുറമേ ആവശ്യമായി വരുന്ന നോട്ടുപുസ്തകങ്ങളും മറ്റും ലഭ്യമാക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.  

പ്രാദേശിക വിഭവ ശേഖരണം, വിതരണം തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത വേണം.  ഒരു പ്രദേശത്തെ എല്ലാ ആവശ്യങ്ങളും സമഗ്രമായി നിറവേറ്റുന്ന കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കണം.  ഇതിന് കൂട്ടായ ഉദ്യമങ്ങൾ ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  

കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.  കിണറുകൾ ശുദ്ധീകരിക്കുന്ന കാര്യത്തിൽ ശ്രദ്ധ പുലർത്താനും നിർദ്ദേശിച്ചു.

വിലക്കയറ്റം നിരീക്ഷിക്കാനും റേഷൻ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനും ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി.

മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഹരിത കേരളം മിഷനുമായി ചേർന്ന് പ്രവർത്തിക്കണം.  

നവകേരള നിർമിതിക്കായുള്ള വിഭവ ശേഖരണമാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം.  കേരളത്തിന്റെ പുനർനിർമിതിയിലേക്ക് പരമാവധി തുക സമാഹരിക്കാനുള്ള നടപടികൾ ഉടനടി തുടങ്ങും.  ഇക്കാര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ ജില്ലയുടെ പ്രത്യേക ചുമതല വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.  ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സെപ്റ്റംബർ 10 മുതൽ 15 വരെ ധനസമാഹരണം നടത്തണം.    ഇതുമായി ബന്ധപ്പെട്ട് സെസ്റ്റംബർ ആറിന് മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേരും.

പ്രളയത്തെ സധൈര്യം നേരിടുന്നതിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിലും ജില്ലയിലെ ഓരോ വ്യക്തിയും  നൽകിയ സഹായത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള , എ.ഡി.എം.എം.കെ.കബീർ, തലശ്ശേരി സബ് കലക്ടർ എസ്.ചന്ദ്രശേഖർ , ഫോർട്ടുകൊച്ചി ആർ.ഡി.ഒ.എസ്. ഷാജഹാൻ, ഡെപ്യൂട്ടി കലക്ടർ പി.ഡി. ഷീലാദേവി , തുടങ്ങിയവർ പങ്കെടുത്തു.

date