Skip to main content

എറണാകുളം അറിയിപ്പുകള്‍

അസംഘടിത തൊഴിലാളി സാമൂഹ്യ സൂരക്ഷ ബോര്‍ഡില്‍

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

 കൊച്ചി: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-19 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുളള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായതിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുളള സ്ഥാപനങ്ങളില്‍  റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ സപ്തംബര്‍ 30-ന് മുമ്പായോ അല്ലെങ്കില്‍ പുതിയ കോഴ്‌സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡിന്റെ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ, വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകളും തെറ്റായ വിവരങ്ങള്‍ നല്കിയിട്ടുളള അപേക്ഷകളും നിരുപാധികം നിരസിക്കും. പഠന കാലയളവിലെ ഓരോ അദ്ധ്യയന വര്‍ഷത്തിനും വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2366191.

 

അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതി; സ്‌കോളര്‍ഷിപ്പ് വിതരണം

 കൊച്ചി: അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 (നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക്) അദ്ധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുളള ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുളള അപേക്ഷ ക്ഷണിച്ചു. റ്റി.റ്റി.സി, ഐ.റ്റി.ഐ/ഐ.റ്റി.സി, പ്ലസ് ടു, ഡിഗ്രി കോഴ്‌സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍, വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയിട്ടുളളതുമായ അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ഥികള്‍ സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന സൗജന്യ അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍, ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടു കൂടി സപ്തംബര്‍ 15-ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ടുമെന്റിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ മാത്രമേ ലാപ്‌ടോപ്പ് വിതരണത്തിന് പരിഗണിക്കുകയുളളൂ. മറ്റു സംസ്ഥാനങ്ങളില്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കോഴ്‌സുകള്‍ സംസ്ഥാന ഗവ: അംഗീകൃതമാണെന്ന് സ്ഥാപന മേധാവി രേഖപ്പെടുത്തണം. ഒരു കോഴ്‌സിന് ഒരു പ്രാവശ്യം മാത്രമേ സ്‌കോളര്‍ഷിപ്പ് നല്‍കുകയൂളളൂ. എന്നതിനാല്‍ ഒരു പ്രാവശ്യം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ വീണ്ടും ആ കോഴ്‌സ് കാലയളവില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. അപൂര്‍ണമായ അപേക്ഷകളോ നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളോ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം.

 

മഹാരാജാസില്‍ ഫിസിക്‌സ്  ഇന്‍സ്ട്രുമെന്റെഷന്‍ കോഴ്‌സില്‍

എസ്. സി. വിഭാഗത്തിന് ഒഴിവ്

കൊച്ചി: മഹാരാജാസ് കോളേജിലെ ഫിസിക്‌സ്  ഇന്‍സ്ട്രുമെന്റെഷന്‍ കോഴ്‌സില്‍ എസ്. സി. വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒരു സീറ്റ് ഒഴിവുണ്ട്. ഈ ഒഴിവു നികത്തുന്നതിനായി സപ്തംബര്‍ ആറിന് രാവിലെ 11-ന് സ്‌പോട് അഡ്മിഷന്‍ നടത്തുന്നു. യോഗ്യരായ വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11 -ന്    മുമ്പായി ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ ഹാജരാകണമെന്ന്  പ്രിന്‍സിപ്പല്‍ അറിയിച്ചു.

date