പ്രളയബാധിതര്‍ക്ക് കൈത്താങ്ങുമായി ലീഗല്‍ സര്‍വീസ് അതോറിറ്റി
ജില്ലയിലെ പ്രളയബാധിതര്‍ക്ക് ആശ്വാസമേകുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആര്.ജയകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദേ്യാഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. ദുരിതബാധിതര്‍ക്ക് ആശ്വാസമേകുന്നതിനായി എല്ലാ താലൂക്കുകളിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് ഈ മാസം 11 മുതല്‍ 24 വരെ ലീഗല്‍സര്‍വീസ് ക്യാമ്പുകള്‍ നടത്തുവാന്‍ തീരുമാനമായി. ക്യാമ്പുകള്‍ക്ക് മുമ്പ് നിയമവിദ്യാര്‍ഥികളും പാരാലീഗല്‍ വോളണ്ടിയര്‍മാരും ദുരതബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കുന്നതിനുള്ള അപേക്ഷകള്‍ വോളണ്ടിയര്‍മാര്‍ നല്‍കും. ഇവയില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കുന്നവരുടെ അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ക്യാമ്പുകള്‍ക്ക് മുമ്പ് നല്‍കും. താലൂക്കുതല അദാലത്തുകള്‍ നടക്കുമ്പോള്‍ ഇത്തരത്തി ല്‍ ലഭ്യമായ അപേക്ഷകളിലെ സര്‍ട്ടിഫിക്കറ്റുകള്‍ വിവിധ വകുപ്പുകള്‍ ലഭ്യമാക്കും. താലൂക്കുതല അദാലത്തുകളില്‍ റവന്യു, അക്ഷയ, പാസ് പോര്‍ട്ട് ഓഫീസ്, മോട്ടോര്‍ വാഹനവകുപ്പ്, പൊതുവിതരണ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി ദുരിതബാധിതര്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കേണ്ട പ്രധാനപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ക്യാമ്പുകളിലെത്തുന്നവര്‍ക്ക് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഈ സംവിധാനം സഹായകമാകും. മ ല്ലപ്പള്ളി താലൂക്കിലെ അദാലത്ത് ഈ മാസം 11നും കോന്നിയിലേത് 13നും അടൂരിലേത് 15നും റാന്നിയിലേത് 17നും കോഴഞ്ചേരിയിലേത് 18നും തിരുവല്ലയിലേത് 20നും നടത്തുന്നതിന് യോഗത്തില്‍ തീരുമാനമായി.
എഡിഎം പി.റ്റി.എബ്രഹാം, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ജി.ബാബുരാജന്, ബി.ബിനു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ.ഗോപി, ജില്ലാ രജിസ്ട്രാര്‍ റ്റി. കെ.മുരാരി, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ കെ.ധനേഷ്, എഡിസി കെ.ഇ.വിനോദ് കുമാര്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 2695/18)
- Log in to post comments