പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ആയുര്‍വേദ വകുപ്പും
പ്രളയക്കെടുതികള്‍ക്ക് ശേഷം ആയുര്‍വേദവകുപ്പ് ജില്ലയിലുടനീളം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പ്രളയക്കെടുതികള്‍ക്കിടയിലുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഔഷധക്കൂട്ടുകള്‍ നല്‍കി ഒരു പരിധി വരെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസറായ ഡോ.ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വേണ്ടത്ര മരുന്നുകള്‍ സ്വരൂപിച്ച് മൊബൈല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ഇതിനായി ലഭ്യമാക്കി. അടിയന്തരമായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്‍ഡെന്റ് തയ്യാറാക്കി നാഷണല്‍ ആയുഷ്് മിഷനുമായി ചര്‍ച്ച ചെയ്ത് ഇരുപത് ലക്ഷം രൂപയുടെ ഔഷധങ്ങള്‍ ലഭ്യമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടതനുസരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വകുപ്പില്‍ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. കൂടാതെ നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ടില്‍ നിന്നും പതിമൂന്ന് ലക്ഷം രൂപയുടെ ഔഷധങ്ങളും വകുപ്പില്‍ നിന്ന് ആവശ്യപ്പെട്ട ഇനത്തില്‍ 75000 രൂപയുടെ മരുന്നുകളും ഔഷധിയില്‍ നിന്നും ലഭിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നും 2018-19 വര്‍ഷം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച 15ലക്ഷം രൂപയ്ക്ക് പുതിയ ഇന്‍ഡെന്റ് നല്‍കി അവ 21000 കിറ്റുകളാക്കി വിതരണം ചെയ്യാനും ആരംഭിച്ചു. പ്രളയബാധിതമേഖലകളില്‍ ഏകദേശം ഇരുപതോളം മെഡിക്കല്‍ ഓഫീസര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. (പിഎന്‍പി 2703/18)
- Log in to post comments