ശുചീകരണപ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്ക് വഹിച്ച് പഞ്ചായത്ത് അധികൃതര്‍
പ്രളയബാധിതപ്രദേശങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍.അബൂബക്കര്‍ സിദ്ദിഖ് അറിയിച്ചു. ജില്ലയിലെ നാല്‍പ്പത്തിയഞ്ച് പഞ്ചായത്തുകളിലാണ് പ്രളയം ബാധിച്ചത്. പതിനെട്ട് പഞ്ചായത്തുകളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. 52065 വീടുകകളെയും 2851 സ്ഥാപനങ്ങളെയും 826 പൊതുസ്ഥലങ്ങളെയുമാണ് പൂര്‍ണമായും പ്രളയം ബാധിച്ചത്. ഗ്രാമപഞ്ചായത്തുകളിലെ 397 വാര്‍ഡുകള്‍ പ്രളയബാധിതമായിരുന്നു.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ശുചിത്വമിഷന്, ഹരിതകേരളം മിഷന്, കുടുംബശ്രീ അംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, എന്‍എസ്എസ്, എന്‍സിസി തുടങ്ങിയ വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്.
രക്ഷാപ്രവര്‍ത്തനങ്ങളിലും ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കുന്നതിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജില്ലയിലെ 51302 വീടുകള്‍, 2845 സ്ഥാപനങ്ങള്‍, 803 പൊതുസ്ഥലങ്ങള്‍ എന്നിവ ശുചീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ളവയുടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. പ്രളയത്തില്‍ മിക്ക പഞ്ചായത്തുകളിലേയും കിണറുകളും ജലസ്രോതസുകളും പൂര്‍ണമായും മലിനപ്പെട്ടിരുന്നു. മലിനമായ 37805 കിണറുകളില്‍ 23395 എണ്ണം ശുചീകരിച്ചു കഴിഞ്ഞു. ശുദ്ധീകരിച്ച കിണറുകളിലെ ജലത്തിന്റെ ഗുണമേന്മ വാട്ടര്‍ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരുടെ സഹായത്തോടെ പരിശോധിച്ചു വരുന്നു. അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് പഞ്ചായത്തുകളിലെ കളക്ഷന്‍ സെന്ററുകളില്‍ ശേഖരിച്ച് ജില്ലാതലത്തില്‍ ഉള്ള കളക്ഷന്‍ സെന്റെറില്‍ എത്തിച്ച് ക്ലീന്‍ കേരള കമ്പനിയ്ക്ക് കൈമാറുന്നുണ്ട്. വെള്ളം കയറി ഓഫീസ് ഉപകരണങ്ങളും രേഖകളും നഷ്ടപ്പെട്ട് പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പൈട്ട പഞ്ചായത്തുകളായ റാന്നി, അയിരൂര്‍, തോട്ടപ്പുഴശ്ശേരി, പെരിങ്ങര, നിരണം എന്നിവ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞിട്ടുണ്ട്. (പിഎന്‍പി 2704/18)
- Log in to post comments