ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ സൈബര്‍ ഫോറന്‍സിക് കോഴ്‌സിന് അനുമതി
സാങ്കേതികവിദ്യയിലെ അതിനൂതന കോഴ്‌സായ എംഎസ്‌സി സൈബര്‍ ഫോറന്‍സിക് കോഴ്‌സ് ആരംഭിക്കുന്നതിന് ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിന് അനുമതി ലഭിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലാണ് സൈബര്‍ ഫോറന്‍സിക് ബിരുദ പഠനമുള്ളത്. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ ഈ അദ്ധ്യയന വര്‍ഷം മുതല്‍ എംഎസ്‌സി സൈബര്‍ ഫോറന്‍സിക് കോഴ്‌സിലേയ്ക്ക് പ്രവേശനം തുടങ്ങാനുള്ള ഉത്തരവ് ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ആറന്മുള എം.എല്‍.എ വീണാജോര്‍ജ്ജിന്റെ ശ്രമഫലമായാണ് കോഴ്‌സിന് അനുമതി ലഭിച്ചത്. 20 സീറ്റാണ് കോഴ്‌സിനുള്ളത്. മഹാത്മഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജില്‍ സര്‍വകലാശാല നിയമനടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രവേശന നടപടികള്‍ ആരംഭിക്കും. 1995 മുതലാണ് ജില്ലയില്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സ് പ്രവര്‍ത്തിച്ചുവരുന്നത്. കൂടാതെ ബിസിഎ കോഴ്‌സിനും ഇവിടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന് 60 സീറ്റുകളാണ് ഉള്ളത്.
സ്വകാര്യവിവരങ്ങളുടെ കലവറയായി വിവരസാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുമ്പോള്‍ സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. പ്രാവീണ്യം നേടിയ സൈബര്‍ ഫോറന്‍സിക്ക് വിദഗ്ധരുടെ അഭാവമാണ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു സൈബര്‍ കുറ്റകൃത്യം നടന്നാല്‍ അതു കണ്ടുപിടിക്കുന്നതിനും തടയുന്നതിനും, നിയമത്തിന്റെ മുന്നില്‍ കുറ്റവാളികളെ കൊണ്ടുവരുന്നതിനും, കുറ്റം കോടതിയില്‍ തെളിയിക്കുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് ഒരു സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ ചെയ്യുന്നത്. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൈബര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ എല്ലാ വകുപ്പുകളിലും സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെ സേവനവും ആവശ്യമുണ്ട്. രാജ്യത്തിന് പുറത്തുപോലും ഈ മേഖലയ്ക്ക് ഏറെ സാധ്യതകള്‍ ഉണ്ട്. (പിഎന്‍പി 2694/18)
- Log in to post comments