ഇത് നന്മയുടെ കരങ്ങള്‍
നന്മ വറ്റാത്ത കുറെയധികം മനുഷ്യരുണ്ടെന്ന് നമുക്ക് മുന്നില്‍ പ്രളയം തെളിയിച്ചു. ആര്‍ത്തലച്ചെത്തിയ മഴയിലും , കനത്ത ഉരുള്പ്പൊട്ടലിലുമൊക്കെ മരണത്തെ മുഖാമുഖം കണ്ട് രക്ഷാപ്രവര്ത്തനത്തിറങ്ങിയവര് പലര്‍ക്കും ദൈവം തന്നെയായി. ജില്ലയെ പ്രളയം മുഴുവനായും കവര്‍ന്നപ്പോള്‍ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള നിരവധിയാളുകളാണ് ഒരിക്കല്‍ പോലും പരിചയമില്ലാത്തവര്‍ക്ക് വേണ്ടി കൈയ്യും മെയ്യും മറന്ന് ഓടിയെത്തിയത്.
ഈരാറ്റുപേട്ട അരുവിത്തുറയില്‍ താമസിക്കുന്ന ജോഷി മാത്യുവും അക്കൂട്ടത്തില്‍പ്പെട്ടയാളാണ്. പത്തനംതിട്ടയെ പ്രളയം പൂര്‍ണമായും വിഴുങ്ങിയെന്ന് ചാനലിലൂടെ അറിഞ്ഞ ദിവസം ജില്ലയിലെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിച്ചുവെങ്കിലും വെള്ളം വഴി മുടക്കിയതിനാല്‍ എത്താന്‍ സാധിച്ചില്ല. അങ്ങനെയാണ് ശുചീകരണപ്രവര്ത്തനത്തിലെങ്കിലും പങ്കാളിയാകണമെന്ന് ജോഷി ആഗ്രഹിച്ചത്.
2000 ത്തില്‍ മലയാറ്റൂര്‍ പള്ളിയിലേക്ക് പോകുംവഴി പെരുമ്പാവൂര്‍ വച്ച് ജോഷിയും കുടുംബവും സഞ്ചരിച്ച വാഹനം ലോറിയിലിടിച്ച് അപകടത്തില്‍പ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന പത്ത് പേരും മരണത്തെ മുഖാമുഖം കണ്ടെങ്കിലും മരണം ഒരു വിളിപാട് അകലെ മാറിപ്പോയി. അപകടസമയത്ത് ആരെന്ന് പോലും അറിയാത്ത ഒരുപാട് അപരിചിതര്‍ ജോഷിക്കും കുടുംബത്തിനും തുണയായി. സാരമായ പരിക്കുകളോടെ അവര്‍ രക്ഷപ്പെട്ടു. ഈ സംഭവമാണ് ജോഷിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. പ്രോ ഡോമിനോ ഫൗണ്ടേഷന് എന്ന ട്രസ്റ്റ് രൂപീകരിച്ച് ആതുരസേവനത്തിന് വഴിയില്‍ അന്ന് മുതല്‍ ജോഷി പങ്കാളിയായി.
വെള്ളം ഇറങ്ങിയ ദിവസം മുതല്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ജോഷിയും മകനും പത്തനംതിട്ടയിലുണ്ടായിരുന്നു. പിന്നാലെ ജോഷിയുടെ ട്രസ്റ്റ് അംഗങ്ങളും എത്തി. ആരുടേയും സഹായമോ പൈസയോ ചോദിക്കാതെ തന്റെ വണ്ടിയില്‍ വലിയ രണ്ട് മോട്ടോറുകളുമായി എത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പത്ത് മുതല്‍ പതിനഞ്ച് വരെയുള്ള സംഘമായാണ് 22 മുതല്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിക്കൊണ്ടിരുന്നത്. വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളം അടിച്ച് വീടുകള്‍ ശുചിയാക്കി കിണറുകള്‍ ക്ലോറിനേഷന് ചെയ്യുന്നത് വരെയുള്ള ജോലികളാണ് ജോഷി ചെയ്യുന്നത്. ഇതുവരെ ഇരുപത്തിനാല് വീടുകള്‍ ജോഷിയുടെ നേതൃത്വത്തില്‍ പൂര്‍ണമായും സൗജന്യമായി വൃത്തിയാക്കി. ഈ മാസം മൂന്ന് മുതല്‍ വീട്ടിലേക്ക് പോകാതെ ജില്ലയില്‍ തന്നെ താമസിച്ചാണ് കിണറുകള്‍ വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഹരിതകേരളവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജോഷി തന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. ഇപ്പോള്‍ മോട്ടോറുകളില്‍ നിറയ്ക്കാനുള്ള ഇന്ധനം ഹരിതകേരളത്തിന്റെ ഫണ്ടില്‍ നിന്നാണ് ലഭിക്കുന്നതെന്ന് ജോഷി പറഞ്ഞു.
(പിഎന്‍പി 2695/18)
- Log in to post comments