Skip to main content

അടിയന്തര ധനസഹായവിതരണം 89 ശതമാനം പൂര്‍ത്തീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ പ്രളയ ദുരിതബാധിതര്‍ക്കുള്ള അടിയന്തര ധനസഹായ വിതരണം 89 ശതമാനത്തിലെത്തി. ദുരിതബാധിതമായി കണക്കാക്കിയിട്ടുള്ള 168298 കുടുംബങ്ങളില്‍ 148004 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പതിനായിരം രൂപ വീതം നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള കുടുംബങ്ങള്‍ക്കും ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ പണം ബാങ്ക് അക്കൗണ്ട് വഴി അനുവദിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. തിങ്കളാഴ്ച്ച ഉച്ച വരെയുള്ള കണക്ക് പ്രകാരം 20294 കുടുംബങ്ങള്‍ക്കു കൂടിയാണ് തുക ലഭിക്കേണ്ടത്. കണയന്നൂര്‍ - 18637, കൊച്ചി - 2746, ആലുവ - 31599, പറവൂര്‍ - 74863, കുന്നത്തുനാട് - 9712, മൂവാറ്റുപുഴ - 8411, കോതമംഗലം - 2036 എന്നിങ്ങനെയാണ് തുക ലഭിച്ച കുടുംബങ്ങളുടെ താലൂക്ക് തലത്തിലുള്ള എണ്ണം. കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളില്‍ തുക വിതരണം പൂര്‍ണമായതായി തഹസില്‍ദാര്‍മാര്‍ പറഞ്ഞു. പ്രളയം കാര്യമായി ബാധിച്ച ആലുവ, പറവൂര്‍ താലൂക്കുകളില്‍ 90 ശതമാനത്തിലേറെ കുടുംബങ്ങളുടെ അക്കൗണ്ടുകളിലേക്കും പണം കൈമാറി.

date