Skip to main content

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ജീവനക്കാര്‍ സജീവം

 

കൊച്ചി: പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഹര്‍ത്താല്‍ ദിനത്തിലും സജീവം. അടിയന്തര ധനസഹായം 10,000 രൂപയുടെ വിതരണം ഉടന്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ജില്ലയില്‍ ധനസഹായത്തിന് അര്‍ഹരായവരില്‍ 89 ശതമാനം പേര്‍ക്കും തുക ലഭിച്ചുകഴിഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ഇന്നലെയും പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞം ഇന്നു (സെപ്തംബര്‍ 11) മുതല്‍ ആരംഭിക്കുകയാണ്. ഇതിനുള്ള ക്രമീകരണങ്ങളും താലൂക്കുകളില്‍ പൂര്‍ത്തിയായി. ഇന്ന് മുവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലാണ് ധനസമാഹരണ യജ്ഞം നടക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നെടുമ്പാശേരിയില്‍ ആരംഭിച്ചു. ഐടി മിഷന്റെ സാങ്കേതികസഹകരണത്തോടെ തയാറാക്കിയ മൊബൈല്‍ ആപ്പ് വഴിയുടെ ഡിജിറ്റല്‍ വിവരശേഖരണമാണ് ആരംഭിച്ചിരിക്കുന്നത്. 

കാലടിയില്‍ 2400 കിണറുകളില്‍ നിന്നും പറവൂരില്‍ 600 കിണറുകളില്‍ നിന്നും കുടിവെള്ളത്തിന്റെ സാംപിള്‍ ശേഖരണം പൂര്‍ത്തിയായി. പ്രളയബാധിത മേഖലകളില്‍ നിന്ന് ബ്രഹ്മപുരത്തേക്കുള്ള മാലിന്യനീക്കവും നടന്നു.  ജില്ലയില്‍ ആകെ 11 ക്യാംപുകളാണ് അവശേഷിക്കുന്നത്. ഇവിടെ 102 കുടുംബങ്ങളിലെ 275 പേരാണുള്ളത്. പറവൂരില്‍ ഏഴും കണയന്നൂരില്‍ മൂന്നും ആലുവയില്‍ ഒരു ക്യാംപുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

date