Skip to main content

ഒ.ടി.പി. തട്ടിപ്പിനെതിരേ  'സേവ്' ബോധവത്കരണ കാമ്പയിൻ 

 

ആലപ്പുഴ: ജില്ലയിൽ ഒ.ടി.പി. തട്ടിപ്പിന് ഇരകളാകുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തട്ടിപ്പിനെതിരെ ജില്ല ഭരണകൂടം 'സേവ്' എന്ന പേരിൽ ബോധവത്കരണ കാമ്പയിൻ ആരംഭിക്കുന്നു.  ഓൺലൈനിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരാണ് തട്ടിപ്പിന് കൂടുതലായും ഇരകളാകുന്നത്. വിവിധ ആവശ്യങ്ങൾക്കായി ടെലിഫോൺ നമ്പർ, അക്കൗണ്ട് നമ്പർ, റേഷൻ കാർഡ് നമ്പർ, തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള  നടപടികളുടെ ഭാഗമായാണെന്നു ഫോൺ വിളിച്ചും എസ്.എം.എസ്. സന്ദേശങ്ങളയച്ചും തെറ്റിദ്ധരിപ്പിച്ച് മൊബൈലിൽ വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ചോദിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനെതിരെയാണ്   ജില്ലാ കളക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ  സേവ് കാമ്പയിൻ ആരംഭിക്കുന്നത്. 

 

കാമ്പയിനിന്റെ   ആസൂത്രണവുമായി ബന്ധപ്പെട്ട്   വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നു വരുകയാണ്. സൈബർ സെൽ വിദഗ്ധരെ പങ്കെടുപ്പിച്ച്  വിവിധ വകുപ്പുദ്യോഗസ്ഥരുടെയും ബാങ്ക് അധികൃതരുടെയും യോഗം കളക്ടറേറ്റിൽ സംഘടിപ്പിച്ചിരുന്നു. തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും സ്വീകരിക്കേണ്ട സുരക്ഷാ കരുതലുകളും സംബന്ധിച്ച്  കാമ്പയിനിലൂടെ പൊതുജനങ്ങളെ ബോധവൽക്കരിക്കും. സർക്കാർ വകുപ്പുകളുടെയും സർക്കാരിതര സംഘടനകളുടെയും ആഭിമുഖ്യത്തിൽ വ്യാപകമായ ബോധവൽക്കരണം സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്ക്  സ്‌കൂളുകളിലും കോളജുകളിലും  സ്ത്രീകൾക്ക് കുടുംബശ്രീ മുഖേനയും പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ നൽകും. 

 

അശ്രദ്ധ മൂലം തട്ടിപ്പിൽ അകപ്പെട്ടവർക്ക് പൊലീസ്- ബാങ്ക് അധികതൃരുടെ സേവനം അടിയന്ത രമായി ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കും. ബോധവൽക്കരണത്തിനുള്ള സന്ദേശങ്ങൾ തയ്യാറാക്കുന്നതിന് ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ പി. പാർവ്വതീദേവിയുടെ അദ്ധ്യക്ഷയിൽ എസ്.ബി.ഐ. ബീച്ച് ബ്രാഞ്ചിൽ യോഗം ചേർന്നു. ലീഡ് ജില്ലാ മനേജർ വിദ്യാധരൻ നമ്പൂതിരി, ഐ.-പി.ആർ.ഡി. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ കെ.ബി. ശ്രീകല,  പൊലീസ് സൈബർ സെൽ, വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

(പി.എൻ.എ.2841/17)

 

 

date