പ്രളയബാധിതരായ കുട്ടികള്‍ക്ക് ആശ്വാസമേകാന്‍ കലാസംഘത്തിന് കഴിയും : ജില്ലാ കളക്ടര്‍
കലാകാരന്മാരുടെ പങ്കാളിത്തത്തോടെ പ്രളയബാധിതരായ കുട്ടികള്‍ക്കായി നടത്തുന്ന മാനസിക സാമൂഹിക പരിപാടി വളരെ പ്രയോജനകരമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പ്രളയബാധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരാന്‍ എത്തിയ കലാസംഘത്തെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തെ അതിജീവിച്ച കുട്ടികള്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ള മാനസികപ്രയാസങ്ങളെ പ്രതിരോധിച്ച് ആശ്വാസം പകരുവാന്‍ വ്യത്യസ്ത മാനസിക സാമൂഹിക പരിപാടികളുമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
ജില്ലയിലെ പ്രളയബാധിതപ്രദേശങ്ങളും സ്കൂളുകളും കേന്ദ്രീകരിച്ച് നടക്കുന്ന മാനസിക സാമൂഹിക ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ കൗണ്‍സിലര്‍മാര്‍ക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കലാകാരന്മാരും പങ്കാളികളാകുന്നുണ്ട്. സ്കൂളുകളും കോളനികളും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. കൗണ്‍സിലര്‍മാരും കലാകാരന്മാരുമുള്‍പ്പെടെ അന്‍പത് പേരടങ്ങുന്ന സംഘമാണ് ജില്ലയിലുള്ളത്. ഇവിടെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ 2703 കുട്ടികളുടെ മാനസിക സാമൂഹിക അവസ്ഥ വിലയിരുത്തി. 1473 കുട്ടികള്‍ക്ക് കൗണ്‍സിലിംഗും 49 കുട്ടികള്‍ക്ക് സൈക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കി. വിവിധ കോളനികളിലും സ്കൂളുകളിലുമായി 23 സ്ഥലങ്ങളില്‍ കലാസംഘം പരിപാടികള്‍ അവതരിപ്പിച്ചു. വനിതാശിശുക്ഷേമവകുപ്പ്, ആരോഗ്യവകുപ്പ് വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ പിന്തുണയോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ് ഏകോപിപ്പിക്കുന്നത്.
- Log in to post comments