കിണറുകളുടെ ഗുണനിലവാരപരിശോധന ക്യാമ്പ് തുടങ്ങി
പ്രളയത്തിന് ശേഷം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയ കിണറുകളുടെ ഗുണനിലവാരപരിശോധന ക്യാമ്പ് രാജു ഏബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷന്റേയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധന. സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയ കിണറുകളാണ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതിലൂടെ ജലത്തിന്റെ ഗുണമേന്മയും മാലിന്യത്തിന്റെ അളവും തിരിച്ചറിയാന്‍ സാധിക്കും. പരിശോധനയ്ക്ക് ആവശ്യമായ കിറ്റുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലും തിരുവല്ല മുനിസിപ്പാലിറ്റിയിലുമാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്.
ജില്ലയിലെ വിവിധ കോളേജുകളിലെ എന്‍.എസ്.എസ് വോളന്റിയേഴ്‌സിന് പരിശീലനം നല്‍കി മൂന്ന് പേരുള്‍പ്പെട്ട വിവിധ സംഘങ്ങളായി തിരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. അങ്ങാടി പഞ്ചായത്തില്‍ പരിശോധനയ്ക്കായി ഇരുപത് സംഘങ്ങളും, തിരുവല്ലയില്‍ പത്ത് സംഘങ്ങളുമാണ് ഉള്ളത്. വിദ്യാര്‍ഥികള്‍ വീട്ടിലെത്തി കിണറുകള്‍ പരിശോധിച്ച് ജലത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കും. റാന്നിയില്‍ വരവൂര്‍ സ്‌കൂളിലും, പുല്ലൂപ്രം എന്‍.എസ്.എസ് കരയോഗമന്ദിരത്തിലും, അങ്ങാടി പഞ്ചായത്തിലും തിരുവല്ലയില്‍ തിരുമൂലപുരം കമ്യൂണിറ്റി ഹാള്‍, തിരുവല്ല മുനിസിപ്പല്‍ ഓഫീസ്, ചുമത്ര ഗവ.യു.പി സ്‌കൂളിലുമായി ക്രമീകരിച്ചിരിക്കുന്ന ബൂത്തുകളിലെത്തിച്ച് സൂക്ഷ്മപരിശോധന നടത്തും. കൂടാതെ, വെല്‍ കെയര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കിണറിന്റെ ലൊക്കേഷനും ഉടമയുടെ പേരും വിലാസവും രേഖപ്പെടുത്തുകയും ചെയ്യും. സാമ്പിള്‍ ശേഖരണത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ശേഷം ലഭിക്കുന്ന ഫലത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പഞ്ചായത്തുകളിലേക്ക് പരിശോധന വ്യാപിപ്പിക്കും.
- Log in to post comments