Skip to main content

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം: മന്ത്രി മാത്യു ടി തോമസ് 

 

പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജില്ലയിലെ രോഗപ്രതിരോധ-ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തെ നേരിടുന്നതില്‍ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും വലിയ പങ്ക് വഹിച്ചു. വളരെ കഠിനമായ അനുഭവങ്ങളാണ് വെള്ളപ്പൊക്കം വരുത്തിവച്ചത്.  ജനപ്രതിനിധികള്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം വിജയകരമായി നടത്തി. ജനപ്രതിനിധികളില്‍ പലരും ജീവന്‍ പണയം വച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന കാര്യം ശ്രദ്ധേയമാണ്. ഇതില്‍ ഒഴുക്കില്‍പ്പെട്ടു പോയവര്‍ വരെയുണ്ട്. തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്വത്തെ ജീവനേക്കാള്‍ വലുതാണെന്ന നിലയില്‍ ജനപ്രതിനിധികള്‍ പ്രവര്‍ത്തിച്ചു. പ്രളയത്തില്‍ വീട്ടില്‍ കുടുങ്ങിപ്പോയ ആരും വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ടില്ല എന്നതു വലിയ നേട്ടമാണ്. സംഭവിക്കാമായിരുന്ന വലിയ ആപത്തില്‍ നിന്നു ജില്ലയെ കരകയറ്റാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കായി. ജനങ്ങളെ പ്രളയത്തില്‍ നിന്നു രക്ഷിക്കാന്‍ അത്യധ്വാനം ചെയ്ത എല്ലാവരോടും സര്‍ക്കാരിന്റെ അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. 

പകര്‍ച്ചവ്യാധികള്‍ക്കെതിരേ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കാട്ടിയ ജാഗ്രത ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരുമായി സഹകരിച്ച് ആരോഗ്യബോധവത്കരണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പകര്‍ച്ചവ്യാധി തടയുന്നതിന് ഗൗരവമായ സജീവമായ ഇടപെടല്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉണ്ടാകണം. ഡെങ്കിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യപ്രവര്‍ത്തനം നടത്തണം. വാര്‍ഡ്തല ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ ഉറവിട നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തണം. 

പഞ്ചായത്ത് തലത്തില്‍ മാലിന്യം ശേഖരിച്ചു സൂക്ഷിക്കുന്ന സ്ഥലത്ത് കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കണം. കുടിവെള്ള വിതരണത്തിലും ശുചീകരണത്തിലും രോഗപ്രതിരോധ പ്രവര്‍ത്തനത്തിലും വിട്ടുവീഴ്ച ഉണ്ടാകരുത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെങ്കില്‍ പരിഹരിക്കണം. മലിന ജലം കുടിക്കേണ്ടി വന്നാല്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകും. പ്രളയബാധിതരുടെ ക്ഷേമ പ്രവര്‍ത്തനത്തിനായി ജില്ലയില്‍ ദുരിതാശ്വാസ നിധി ധനസമാഹരണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും പരമാവധി സഹകരിക്കണം. ജില്ലയെ പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. കിണര്‍ജലത്തിന്റെ ശുദ്ധത പരിശോധിക്കുന്നതിന് വാട്ടര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യം പ്രയോജനപ്പെടുത്തണം. രണ്ടു ദിവസം വീട്ടില്‍ വെള്ളം കയറിയ എല്ലാവരേയും പ്രളയ ആനുകൂല്യത്തിന് പരിഗണിക്കും. പ്രളയബാധിതരുടെ ലിസ്റ്റ് സംബന്ധിച്ചുള്ള പരാതികള്‍ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും നല്‍കാം. വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട തഹസീല്‍ദാര്‍ക്ക് കൈമാറണം. പ്രളയത്തിനിരയായ നാടിനെ തിരികെ കൊണ്ടുവരുന്നതിനുള്ള ചരിത്രപരമായ നിയോഗം തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. 

പ്രളയത്തെ തുടര്‍ന്ന് പമ്പാ നദി കയറിയ വീടുകള്‍ എല്ലാം ഉപയോഗശൂന്യമായി പോയെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. പകര്‍ച്ചവ്യാധികളെ തടയുന്നതിനുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍ എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു വിലയിരുത്തണം. അലോപ്പതി, ആയുര്‍വേദം, ഹോമിയോ ഡോക്ടര്‍മാര്‍, കുടുംബശ്രീ, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണം. വീടുകളില്‍ അഞ്ച് അടി കനത്തില്‍ ചെളി നിറഞ്ഞിരിക്കുകയാണ്. വീടുള്‍പ്പെടെ നശിച്ചതിന്റെ മനോവിഷമത്തിലാണ് ജനങ്ങള്‍. കിണര്‍, വീട്, ഗ്രാമീണ റോഡുകള്‍ എന്നിവ ശുചീകരിക്കുന്നതിനും കുടിവെളളം വിതരണം ചെയ്യുന്നതിനും പ്ലാന്‍ഫണ്ടും തനതു ഫണ്ടും തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തണം. ഇതുപയോഗപ്പെടുത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പ്രളയബാധിതര്‍ക്കൊപ്പം തദ്ദേശഭരണസ്ഥാപനങ്ങള്‍ ഒപ്പമുണ്ടെന്ന് പ്രവര്‍ത്തനങ്ങളിലൂടെ ഉറപ്പാക്കണം. ദുരന്ത സമയത്ത് വൈദ്യുതി ഇല്ലാത്തിനാല്‍ ഇ പോസ് മെഷീനുകള്‍ ഒഴിവാക്കി നാള്‍വഴി ബുക്കില്‍ പേര് എഴുതി ഒപ്പിട്ട് റേഷന്‍ വാങ്ങാനുള്ള പ്രത്യേക അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇപ്പോള്‍ നമ്മുടെ ജില്ലയെ പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അഞ്ച് കിലോഗ്രാം അരി എല്ലാ വീടുകള്‍ക്കും സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈമാസം 15 വരെ ഇതു ലഭിക്കും. മിക്കവാറും എല്ലായിടത്തും വൈദ്യുതി പുനസ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം പുനസ്ഥാപിക്കാത്ത സ്ഥലങ്ങളില്‍ 3000 രൂപ വരെയുള്ള സൗജന്യ ബോര്‍ഡ് വൈദ്യുതി വകുപ്പ് നല്‍കി ഒരു ലൈറ്റ് ഓരോ വീടുകള്‍ക്കും നല്‍കുന്ന തീരുമാനവുമുണ്ട്. മാലിന്യങ്ങള്‍ ശേഖരിച്ചിട്ടുള്ള സ്ഥലങ്ങളില്‍ കൊതുകുകളുടെ ഉറവിട നശീകരണം നടക്കുന്നു എന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഇല്ലെങ്കില്‍ കൊതുക് പെരുകാന്‍ ഇടയാകും. കിണറുകളിലെ ജലത്തിന്റെ ശുദ്ധത പരിശോധിക്കുന്ന ഹരിതകേരളത്തിന്റെ പദ്ധതി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കണം. നിലവില്‍ റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലും തിരുവല്ല നഗരസഭയിലുമാണ് പൈലറ്റ് പ്രോജക്ട് നടപ്പാക്കിയത്. എന്‍എസ്എസ് വോളന്റിയേഴ്‌സിനെയും കുടുംബശ്രീ പ്രവര്‍ത്തകരെയും ഇതിനായി പ്രയോജനപ്പെടുത്തണം. വാട്ടര്‍ അതോറിറ്റി ലഭ്യമാക്കിയിട്ടുള്ള സൗജന്യ പരിശോധന സൗകര്യത്തിനു പുറമേയാണ് ഹരിതകേരളം പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്നത്. 

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നഗറില്‍ അടിഞ്ഞിട്ടുള്ള ചെളി നീക്കം ചെയ്യണം. റാന്നിയില്‍ പമ്പാ നദിയില്‍ കാണാതായ ആളെ കണ്ടെത്തുന്നതിന് തിരച്ചില്‍ വീണ്ടും നടത്തുന്നതിന് ആവശ്യമായ ചെലവ് ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നല്‍കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. 

ആരോഗ്യമേഖലയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിതെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ഡെങ്കിപ്പനിക്കെതിരേ ജാഗ്രത പുലര്‍ത്തണം. കൊതുകുകളുടെ ഉറവിട നശീകരണത്തിന് മുന്‍തൂക്കം നല്‍കണം. ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധന കര്‍ശനമാക്കണം. കോളനികളില്‍ സ്ഥലം കുറവായതിനാല്‍ ഇവിടെയുണ്ടായിട്ടുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രത്യേക പരിഗണന നല്‍കണം. പ്രളയത്തെ തുടര്‍ന്നുണ്ടായിട്ടുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് പഞ്ചായത്തുകള്‍ സ്ഥലം കണ്ടെത്തി അവിടെ നിക്ഷേപിക്കണം. റോഡുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് അനുവദിക്കാന്‍ പാടില്ല. ജില്ലാ കളക്ടര്‍ നല്‍കിയ കണക്കു പ്രകാരം പ്രളയബാധിതര്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ അടിയന്തിര ധനസഹായം 71 ശതമാനം വീടുകളില്‍ എത്തി കഴിഞ്ഞു. ക്യാമ്പുകളില്‍ കഴിഞ്ഞവരേയും ക്യാമ്പുകളില്‍ എത്താതെ വീടുകളിലും മറ്റ് സ്ഥലങ്ങളിലും കഴിഞ്ഞവരെയും പ്രളയബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വില്ലേജ് ഓഫീസുകളിലും എല്ലാ പഞ്ചായത്ത് ഓഫീസുകളിലും രണ്ട് ദിവസം മുന്‍പ് ഈ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിരുന്നു. എവിടെയെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ ഉണ്ടെങ്കില്‍ അതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണം. ഇങ്ങനെ പ്രസിദ്ധീകരിക്കുന്നതിന്റെ പ്രധാന ഗുണം അര്‍ഹരായ എല്ലാവരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടും. ഇതിനു പുറമേ അനര്‍ഹരെ കണ്ടെത്തുന്നതിനും ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും കഴിയും. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇനി ചെയ്യാനുള്ള കാര്യങ്ങളെല്ലാം ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഉത്തരവാദിത്തമായി കണ്ട് പ്രവര്‍ത്തിക്കണം.വിവരങ്ങള്‍ അറിയുന്നതിനും സഹായം തേടിയും വരുന്ന പ്രളയബാധിതരെ ഇവിടെയല്ല, അവിടെയാണ് എന്നു പറഞ്ഞ് അയയ്ക്കരുത്. എത്രയും പെട്ടെന്ന് അവര്‍ക്ക് സഹായം ലഭിക്കത്തക്ക മാര്‍ഗനിര്‍ദേശം നല്‍കുവാന്‍ ശ്രമിക്കണം. കിണര്‍ വെള്ളത്തിന്റെ സാമ്പിളുകള്‍ പഞ്ചായത്തുകള്‍ ശേഖരിച്ച് വാട്ടര്‍ അതോറിറ്റിയുടെ ഉള്‍പ്പെടെ ലാബുകളില്‍ പരിശോധനയ്ക്ക് നല്‍കണം. ആറന്മുളയിലെ റോഡിലെ പൊടി ശല്യം പരിഹരിക്കുന്നതിന് ഇന്ന് ശുചീകരണം നടത്തുമെന്നും എംഎല്‍എ പറഞ്ഞു. 

 ജില്ലയില്‍ ഔദ്യോഗിക ക്യാമ്പുകളില്‍ കഴിഞ്ഞ 24230 കുടുംബങ്ങളും വീടുകളും മറ്റ് സ്ഥലങ്ങളും ഉള്‍പ്പെടെ ഔദ്യോഗികം അല്ലാത്ത ക്യാമ്പുകളില്‍ കഴിഞ്ഞ 21053 കുടുംബങ്ങളും ഉള്‍പ്പെടെ ആകെ 45283 കുടുംബങ്ങളില്‍ 32304 കുടുംബങ്ങള്‍ക്ക് 10,000 രൂപ ധനസഹായത്തിനുള്ള ബില്ല് ട്രഷറിയിലേക്ക് നല്‍കിയതായി കളക്ടര്‍ പറഞ്ഞു. ബാക്കിയുള്ള കുടുംബങ്ങളുടെ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി ചെയ്ത് ഉടന്‍തന്നെ ബില്ല് ട്രഷറിയിലേക്ക് നല്‍കും. നിലവില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ അര്‍ഹരായവരെ വിട്ടു പോയിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. പ്രളയബാധിതര്‍ക്കുള്ള ടേക്ക് ഹോം കിറ്റ് 58165 എണ്ണം വിതരണം ചെയ്തു. പനി ബാധിച്ചവര്‍ ആശുപത്രിയില്‍ ചികിത്സ തേടണം. പനി ബാധിതരെ ആശുപത്രിയില്‍ പോകേണ്ടതുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ബോധ്യപ്പെടുത്തണം. ആരോഗ്യബോധവത്കരണ-രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ന്യൂനതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് പറഞ്ഞു. പ്രളബാധിതര്‍ക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നതിന് സാധനങ്ങള്‍ പ്രാദേശിക നിരക്കില്‍ വാങ്ങുന്നതിന് ക്രമീകരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയദുരിതം അനുഭവിച്ച എല്ലാവര്‍ക്കും സഹായം ലഭിക്കുന്നെന്ന് ഉറപ്പാക്കണമെന്ന് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് പറഞ്ഞു. എലിപ്പനിക്കുള്ള പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കണമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ പി.കെ. ജേക്കബ് പറഞ്ഞു. കിണര്‍ ജലത്തിന്റെ ശുദ്ധത പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളി  പാടിമണ്‍, കാട്ടാമല ഭാഗത്ത് കിണര്‍ ജലത്തില്‍ വിരകളെ കണ്ടെത്തിയതു സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തണമെന്ന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജി ശാമുവല്‍ പറഞ്ഞു. ആറന്മുളയിലെ റോഡുകളിലെ പൊടി ശല്യത്തിന് പരിഹാരം വേണമെന്ന് ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍ പറഞ്ഞു. 

എലിപ്പനി ബാധിതരുടെ നിരക്ക് കുറഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോ. എ.എല്‍. ഷീജ പറഞ്ഞു. എത്രയും വേഗം ചികിത്സിച്ചാല്‍ സുഖപ്പെടുത്താവുന്ന അസുഖമാണ് എലിപ്പനി. മാലിന്യങ്ങള്‍ ഉള്ളതുമൂലം കൊതുക് വളരാനും ഡെങ്കിപ്പി പടരാനുമുള്ള സാധ്യതയുണ്ട്. വീണ്ടും ഡെങ്കിപ്പനി ബാധിക്കുന്നത് ഗുരുതരമായിരിക്കും. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കണം. കിണര്‍ ക്ലോറിനേഷന്‍ എട്ട് ആഴ്ച തുടര്‍ച്ചയായി ചെയ്യണം. വാര്‍ഡ് തല ശുചിത്വ സമിതികള്‍ ശാക്തീകരിക്കണം. വാര്‍ഡ് മെമ്പര്‍മാര്‍ ശുചീകരണ, രോഗപ്രതിരോധ-ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവെന്നും ഡിഎംഒ പറഞ്ഞു. വരുന്ന രണ്ടാഴ്ച കൊതുകിന്റെ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി പടരാനുള്ള സാധ്യതയുണ്ടെന്ന് ഡെപ്യുട്ടി ഡിഎംഒ ഡോ.റ്റി. അനിതാകുമാരി പറഞ്ഞു. എലിപ്പനി ജില്ലയില്‍ കുറഞ്ഞതായി ലോകാരോഗ്യസംഘടനയുടെ കണ്‍സള്‍ട്ടന്റ് ഡോ. രാകേഷ് പറഞ്ഞു.  ശുചീകരണത്തിന് പോകുന്നവര്‍ എലിപ്പനിക്കെതിരായ ഡോക്‌സി സൈക്ലിന്‍ ഗുളിക ഉറപ്പായും കഴിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കുടിവെള്ള വിതരണം കുറ്റമറ്റ രീതിയില്‍ നടത്തി വരുകയാണെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ പി.എന്‍. അബുബക്കര്‍ സിദ്ദിക്ക് പറഞ്ഞു. എഴിക്കാട് കോളനിയില്‍ കുടിവെള്ള കിയോസ്‌ക് സ്ഥാപിച്ചു. വീടുകളുടെ നാശനഷ്ടം വിലയിരുത്തുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള സര്‍വേ ഊര്‍ജിതമായി നടക്കുന്നു. ഇതുവരെ 450 ടണ്‍ മാലിന്യം നീക്കം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിതമായ 33 പഞ്ചായത്തുകളില്‍ ആരോഗ്യബോധവത്കരണ പ്രവര്‍ത്തനം നടത്തുന്നതിനായി 1073 വോളന്റിയര്‍മാരെ കുടുംബശ്രീ ലഭ്യമാക്കിയതായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ ഹുസൈന്‍ പറഞ്ഞു. വീട്ടുപകരങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുടുംബശ്രീ ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കും. ഒന്‍പതു ശതമാനം പലിശ സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഡിഎം പി.ടി. ഏബ്രഹാം, ആര്‍ഡിഒമാരായ എം.എ. റഹീം, ടി.കെ. വിനീത്, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

date