Skip to main content

നവകേരളഭാഗ്യക്കുറി പുനര്‍നിര്‍മാണത്തിന്റെ ഭാഗമാകുമെന്ന്  വീണാജോര്‍ജ് എം.എല്‍.എ

 

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള ഭാഗ്യക്കുറി പ്രളയപശ്ചാത്തലത്തില്‍ സമൂഹത്തിന്റെ പുനര്‍നിര്‍മിതിയുടെ ഭാഗമാകുമെന്ന് ആറന്മുള എംഎല്‍എ വീണാജോര്‍ജ് പറഞ്ഞു. നവകേരള ഭാഗ്യക്കുറിയുടെ ജില്ലാതല വിതരണോദ്ഘാടനം പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. പുനരധിവാസഘട്ടത്തില്‍ നിരവധി വെല്ലുവിളികളാണ് സംസ്ഥാനം നേരിടുന്നത്. ഈ അവസരത്തില്‍ നവകേരള ഭാഗ്യക്കുറി പ്രളയബാധിതരായ ജനങ്ങള്‍ക്ക് പുതുജീവിതത്തിലേക്കുള്ള പ്രതീക്ഷ കൂടിയാണെന്നും എംഎല്‍എ പറഞ്ഞു. ഭാഗ്യക്കുറിയുടെ വിറ്റുവരവിലൂടെ ലഭിക്കുന്ന തുക പൂര്‍ണമായും സംസ്ഥാനത്തിന്റെ പുന:സൃഷ്ടിക്കായി സര്‍ക്കാര്‍ വിനിയോഗിക്കുമെന്നും എം.എല്‍.എ പറഞ്ഞു. 

നവകേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം തൊണ്ണൂറ് പേര്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ്. രണ്ടാം സമ്മാനം 100800 പേര്‍ക്ക് അയ്യായിരം രൂപയും. ഒരു ടിക്കറ്റിന് 250 രൂപയാണ് വില. ഓക്ടോബര്‍ രണ്ടിനാണ് നറുക്കെടുപ്പ്. ടിക്കറ്റ് ഏജന്‍സി പ്രതിനിധി വി.കെ ഖാദര്‍ വീണാജോര്‍ജ് എംഎല്‍എയില്‍ നിന്നും ടിക്കറ്റ് ഏറ്റുവാങ്ങി. കാഷ്വല്‍ ഏജന്‍സി വിതരണ ഉദ്ഘാടനം അടൂര്‍ പ്രകാശ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ പി.കെ ജേക്കബ്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ആര്‍. ബാഹുലേയന്‍പിള്ള, ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം. നാഗൂര്‍ കനി, കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി എസ്.ആര്‍ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                    (പിഎന്‍പി 2786/18)

date