മണ്ഡല-മകരവിളക്ക് സീസണില്‍ രാമമൂര്‍ത്തിമണ്ഡപത്തിന്റെ സ്ഥാനത്ത് താത്ക്കാലിക വിരിസംവിധാനം ഏര്‍പ്പെടുത്തും
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പ്രളയത്തില്‍ തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപത്തിന്റെ ഭാഗം മണലിട്ട് നിരത്തി താത്ക്കാലിക വിരി സംവിധാനം ഒരുക്കുന്നതിനാണ് ദേവസ്വംബോര്‍ഡ് ശ്രമിക്കുന്നതെന്ന് കളക്ടറേറ്റില്‍ നടന്ന ശബരിമല അവലോകന യോഗത്തില്‍ ദേവസ്വംബോര്‍ഡ് അധികൃതര്‍ അറിയിച്ചു.സന്നിധാനത്ത് ഞുണങ്ങാറിന് കുറുകെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള പാലം അപകടാവസ്ഥയിലായതിനാല്‍ ഇതിന്റെ അറ്റകുറ്റപ്പണികള്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. പ്രളയത്തില്‍ പമ്പാ മണല്‍പ്പുറത്തും ത്രിവേണിയിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ പമ്പയില്‍ തീര്‍ഥാടകര്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് കഴിയില്ല. നിലയ്ക്കലിനെ ബേസ് ക്യാമ്പാക്കി നിലനിര്‍ത്തിക്കൊണ്ടുള്ള തീര്‍ഥാടനമായിരിക്കും ഇക്കുറി ഉണ്ടാവുക.
പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയിലെ ബാരിക്കേഡുകള്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ദേവസ്വംബോര്‍ഡും വനം വകുപ്പും ചേര്‍ന്ന് സീസണിന് മുമ്പായി ഇവയുടെ പണികള്‍ പൂര്‍ത്തിയാക്കും. പ്രളയത്തില്‍ പമ്പയിലെ പാലങ്ങള്‍ക്ക് ബലക്ഷയം ഉണ്ടായിട്ടുണ്ടോയെന്ന് കൂടുതല്‍ വിശദമായ പരിശോധന നടത്തും. ദേവസ്വംബോര്‍ഡിന്റെ മരാമത്ത് വിഭാഗം നടത്തിയ പരിശോധനയില്‍ ബലക്ഷയം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ വിദഗ്ദ്ധ പരിശോധന നടത്തും. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രം അനുവദിച്ച് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ഉപയോഗിച്ചായിരിക്കും തീര്‍ഥാടകരെ പമ്പയിലെത്തിക്കുക. 280 ബസുകള്‍ ഇതിനായി ഉപയോഗിക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. ടിക്കറ്റിന് പകരം കൂപ്പണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നകാര്യവും കെഎസ്ആര്‍ടിസി പരിഗണിച്ചുവരുകയാണ്. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഒറ്റത്തവണ തുക ഈടാക്കി കൂപ്പണ്‍ നല്‍കുന്നതിനുള്ള സംവിധാനമാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
ശബരിമല തീര്‍ഥാടന കാലയളവിലേക്കുള്ള പോലീസിന്റെ പ്രതേ്യക സ്‌കീം രണ്ടാഴ്ചയ്ക്കുള്ളില്‍ തയാറാകും. പമ്പ-സന്നിധാനം പാതയിലെ ബാരിക്കേഡുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ പരിശോധന നടത്തും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിലയ്ക്കല്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് ഇത്തവണ മുന്‍ഗണന നല്‍കുക. പമ്പയില്‍ വന്‍തോതില്‍ തീര്‍ഥാടകര്‍ക്ക് തങ്ങുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം പരിമിതിയുള്ളതിനാല്‍ നിലയ്ക്കലില്‍ ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക.
കേരള പോലീസിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് ഉദേ്യാസ്ഥരുടെ സേവനവും മണ്ഡലമകരവിളക്ക് കാലയളവില്‍ ഉപയോഗപ്പെടുത്തും. പമ്പമുതല്‍ സന്നിധാനം വരെ ഓക്‌സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കുന്നതിന് ആരോഗ്യവകുപ്പിന് വനം വകുപ്പ് താത്ക്കാലികമായി സ്ഥലം ലഭ്യമാക്കും. ചാലക്കയത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്ന താത്ക്കാലിക കിയോസ്‌കും ഉണ്ടാകും. ചാലക്കയം-പമ്പ റോഡിന്റെ അറ്റകുറ്റപ്പണികള്‍ ദേവസ്വംബോര്‍ഡ് പൂര്‍ത്തിയാക്കും. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ടെന്‍ഡറായിട്ടുണ്ട്. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച മണ്ണാറക്കുളഞ്ഞി മുതല്‍ ചാലക്കയം വരെയുള്ള ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുവരുകയാണ്. ജില്ലയിലെ എല്ലാ ശബരിമല റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ ഒക്‌ടോബറിന് മുമ്പ് പൂര്‍ത്തിയാക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള സേഫ്‌സോണ്‍ പദ്ധതി ഇത്തവണയും ഉണ്ടാകും. തീര്‍ഥാടന കാലത്ത് വാട്ടര്‍ അതോറിറ്റി കിയോസ്‌കുകളിലൂടെ തീര്‍ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കും. ഇറിഗേഷന്‍ വകുപ്പ് വിവിധ നദികളിലെ കടവുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. പമ്പ, സന്നിധാനം, പ്ലാപ്പള്ളി, നിലയ്ക്കല്‍, പന്തളം എന്നിവിടങ്ങളില്‍ അഗ്നിശമനസേനയുടെ സേവനം ഉറപ്പാക്കും. സിവില്‍ സപ്ലൈസ് വകുപ്പ് സീസണിന് മുമ്പ് ഭക്ഷണസാധനങ്ങളുടെ വിലനിലവാരം നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ശുചീകരണത്തിനായി ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ചുമതലയില്‍ അയ്യപ്പസേവാസംഘത്തിന്റെ സഹകരണത്തോടെ തമിഴ്‌നാട്ടില്‍ നിന്നും വിശുദ്ധിസേനാംഗങ്ങളെ എത്തിക്കും. മുന്‍വര്‍ഷം 800 സേനാംഗങ്ങളെയാണ് എത്തിച്ചിരുന്നത്. ഇത്തവണത്തെ പ്രതേ്യക സാഹചര്യത്തില്‍ കൂടുതല്‍ വിശുദ്ധിസേനാംഗങ്ങളെ ആവശ്യമുള്ള പക്ഷം അധികമായി വേണ്ടവരെയും എത്തിക്കുന്നതിനുള്ള സംവിധാനം അയ്യപ്പസേവാസംഘം ഏര്‍പ്പെടുത്തും. വിശുദ്ധിസേനാംഗങ്ങളുടെ വേതനത്തില്‍ വര്‍ദ്ധനവ് വരുത്തുന്നകാര്യം ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് ശുചിത്വമിഷന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും വിവിധ സന്നദ്ധസംഘടനകളെയും ഉപയോഗപ്പെടുത്തി വിപുലമായ പ്രചരണ പരിപാടികള്‍ നടത്തും. (പിഎന്‍പി 2790/18)
- Log in to post comments