Skip to main content

കണ്ണഞ്ചിപ്പിച്ച് വർണ വിസ്മയം; വെളിച്ച വിരുന്നായി ഡ്രോൺ ഷോ

 

 

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായി മറീനാ ബീച്ചിന്റെ ആകാശത്ത് വർണ്ണ വിസ്മയങ്ങൾ തീർത്ത    
 ഡ്രോണ്‍ ലൈറ്റ് ഷോ കാഴ്ച്ചക്കാർക്ക് സമ്മാനിച്ചത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചാവിരുന്ന്.
കേരളത്തിൽ തന്നെ ആദ്യമായി നടത്തിയ  ഡ്രോൺ പ്രദർശനമാണ്
വർണ്ണ കാഴ്ച്ചകളാൽ കണ്ണുകൾക്ക് മുന്നിൽ വിസ്മയങ്ങൾ തീർത്തത്.

 ബേപ്പൂർ മറീനാ ബീച്ചിൽ അക്ഷമരായി കാത്തുനിന്ന ആയിരങ്ങൾക്ക് മുന്നിൽ രാത്രി 8.47 ഓടെ    
ഡ്രോണുകൾ പറന്നുയർന്നു.      കൈയ്യടികളോടെ  ഡ്രോൺ
വരവിനെ സ്വീകരിച്ച ആയിരങ്ങൾ മൊബൈൽ ക്യാമറകൾ ഉപയോഗിച്ച് ഓരോ  ദൃശ്യങ്ങളും ഒപ്പിയെടുത്തു. 

പതിമൂന്ന് മിനുട്ടുകൾ നീണ്ട ഡ്രോൺ ഷോയിൽ
 'വെൽക്കം ടു ബേപ്പൂർ', 
കേരള ടൂറിസം ലോഗോ, 
ഗോഡ്സ് ഓൺ കൺട്രി, 
വളയങ്ങൾ, ലൈറ്റ് ഹൗസ്, 
ഓളപ്പരപ്പിൽ ഒഴുകുന്ന ബോട്ട്, ചലിക്കുന്ന മത്സ്യം, 
ഗ്ലോബൽ, കഥകളി രൂപം, 
നർത്തകി രൂപം, താളുകൾ മറിക്കുന്ന പുസ്തകം, 
ബേപ്പൂർ ഫെസ്റ്റ് ലോഗോ, 
ഇന്ത്യൻ ഭൂപടം തുടങ്ങിയ ദൃശ്യങ്ങളാണ്  തെളിഞ്ഞത്. 
ടൂറിസം, പൊതുമരാമത്ത് മന്ത്രി പി  എ മുഹമ്മദ് റിയാസ്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, കെ.ടി.ഐ.എൽ ചെയർമാൻ എസ് കെ സജീഷ് എന്നിവരുൾപ്പടെ നിരവധിയാളുകൾ ഡ്രോൺ കാഴ്ച്ചകൾ വീക്ഷിക്കാനായി മറീന ബീച്ചിൽ സന്നിഹിതരായിരുന്നു.

കേരളത്തില്‍ ആദ്യമായിട്ടാണ്  ഡ്രോണ്‍ ഷോ സംഘടിപ്പിച്ചത്. 
ഷോയില്‍ 250 ഡ്രോണുകൾ  അണിനിരന്നു.

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഐ.ഐ.ടി സ്റ്റാര്‍ട്ടപ്പ് ആയ ബോട്ട്ലാബ് ഡൈനമിക്സ് ആണ് ഡ്രോണ്‍ഷോ സംഘടിപ്പിച്ചത്. 
 ഇന്ത്യയില്‍ ഇതര സ്ഥലങ്ങളില്‍ ഡ്രോണ്‍ ഷോ നടത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായി ഡ്രോൺ ഷോ നടത്തിയ സ്ഥലമെന്ന പ്രത്യേകതയും ഇനി ബേപ്പൂരിന് സ്വന്തം. 

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഏറ്റവും ആകര്‍ഷക കാഴ്ചകളിലൊന്നായ ഡ്രോണ്‍ ഷോ ഇന്ന് (വെള്ളി) രാത്രി 8.30 നും മറീന ബീച്ചിൽ വർണ്ണ വിസ്മയം തീർക്കും.

date