Skip to main content

കടലോളം കാഴ്ച്ചകൾ കണ്ടു; കണ്ണും മനസ്റ്റും നിറഞ്ഞവർ മടങ്ങി

 

സിനിമകളിലും ചിത്രങ്ങളിലും കണ്ട് പരിചിതമായ കപ്പലും ആയുധങ്ങളും നേരിൽ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് എട്ടു വയസുകാരൻ വിനായകും പത്തു വയസുള്ള ഗൗതം കൃഷ്ണയും ബേപ്പൂരിൽ നിന്നും മടങ്ങിയത്. ഇവരെപ്പോലെ ആരോഗ്യ കാരണങ്ങളാൽ വീടിനുള്ളിൽ ഒതുങ്ങിപ്പോകേണ്ടി വന്ന ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും പുതിയൊരു അനുഭവമാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിയ ഇന്ത്യന്‍ നേവിയുടെ ഐ.എൻ.എസ് കബ്രയും കോസ്റ്റ് ഗാര്‍ഡിന്റെ ഐ.സി.ജി.എസ് ആര്യമാൻ കപ്പലും  സമ്മാനിച്ചത്. 

ബേപ്പൂർ മണ്ഡലത്തിലേതുള്‍പ്പടെയുള്ള പൊതു, സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികളാണ് വ്യാഴാഴ്ച കപ്പലുകൾ സന്ദർശിക്കാനായി എത്തിയത്.

കോസ്റ്റ് ഗാര്‍ഡ് കപ്പലിന് മുൻവശത്തായി സജ്ജീകരിച്ച ബൊഫോഴ്സ്  തോക്കുകളും കപ്പലിന്റെ ബ്രിഡ്ജിൽ രണ്ടു വശത്തുമായുള്ള അത്യാധുനിക എസ്ആർസിജി തോക്കും മറ്റു സുരക്ഷാ ഉപകരണങ്ങളും കൗതുകത്തോടെ കുട്ടികൾ കണ്ടു.  ബേപ്പൂര്‍ തുറമുഖത്ത് ഒരുക്കിയ പ്രതിരോധ വകുപ്പിന്റെയും നേവിയുടെയും കോസ്റ്റുഗാര്‍ഡിന്റെയും സ്റ്റാളുകളിൽ സന്ദർശനം നടത്തി തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ നേരിൽ കാണാനും തൊടാനും കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.

സേനയെ പരിചയപ്പെടുത്താനും ഷിപ്പിൽ ഉപയോഗിക്കുന്ന മറ്റു യന്ത്രങ്ങളെ കുറിച്ച് അറിയാനും ഫെസ്റ്റിന്റെ ഭാഗമായി പോർട്ടിൽ ഒരുക്കിയ സ്റ്റാൾ സഹായകമായി. വീട്ടിൽ ഒരുങ്ങിപ്പോവുന്ന കുട്ടികൾക്ക് ഇത്തരം യാത്രകൾ കൂടുതൽ ഊർജം പകരുമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കെ.ടി.ഐ.എൽ ചെയർമാൻ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് കുട്ടികൾക്ക് മധുരവും നൽകി. ചടങ്ങിൽ കൗൺസിലർമാരായ എം ഗിരിജ, കെ രാജീവ്, സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കയിൽ എന്നിവർ സംബന്ധിച്ചു.

date