Skip to main content

ഒരുമിച്ച് ഉണ്ടും ഉറങ്ങിയും ഈ എട്ട് കുടുംബങ്ങള്‍

 

ദുരിതം പെയ്തതിന് ശേഷവും വീടുകളിലേയ്ക്ക് ഇനിയും മടങ്ങാത്തവരുണ്ട്. റാന്നി പഴവങ്ങാടി പഞ്ചായത്തിലെ ഐത്തലയില്‍ എട്ടോളം കുടുംബങ്ങളാണ് ഇപ്പോഴും വീട്ടില്‍ പോകാനാവാതെ കഴിയുന്നത്. പമ്പാനദിയില്‍ വെളളം പൊങ്ങിയതോടെ ജീവിതം വഴിമുട്ടി നിന്ന ഇവരെ ഓതറമണ്ണില്‍ തോമസുകുട്ടിയുടെ കനിവിലൂടെ കാര്‍ഷെഡ് വീടും അടുക്കളയുമായി മാറ്റി. ഒന്നിച്ച് ഭക്ഷണം പാകംചെയ്ത് കഴിച്ച് അവര്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. പ്രളയം നാടിനെ വിഴുങ്ങിയപ്പോള്‍ കുട്ടവഞ്ചിയിലും ചെറുവള്ളങ്ങളിലുമായി സുരക്ഷിതസ്ഥാനം തേടിയവരാണ് ഇവര്‍. വെള്ളപ്പൊക്കം കഴിഞ്ഞ് വീടുകളിലേയ്ക്ക് മടങ്ങിയെത്തിയപ്പോള്‍ ശേഷിച്ചത് മല പോലെ നിരന്നുകിടക്കുന്ന ചെളിയാണ്. സന്നദ്ധപ്രവര്‍ത്തകര്‍ ചെളി നീക്കാന്‍ എത്തിയപ്പോള്‍ അവര്‍ക്ക് നല്‍കാന്‍ പലചരക്ക് വ്യാപാരിയായ അരുണ്‍ തുടക്കമിട്ടതാണ് അന്നദാനം. പ്രളയത്തില്‍ വീട് തകര്‍ന്ന വിജയന്‍ പാചകക്കാരനുമായി. സഹായത്തിന് കൂടെയുണ്ടായിരുന്നവര്‍ കൂടിയപ്പോള്‍ സങ്കടങ്ങളും പരിഭവങ്ങളും മാറ്റി ഒറ്റക്കെട്ടായി എ്ല്ലാവരും. പ്രളയം ആരംഭിച്ചപ്പോള്‍ മുതല്‍ ഇന്നുവരെ ഇവര്‍ ഒരേകുടക്കീഴിലാണ് താമസവും ഭക്ഷണവുമൊക്കെ. ഭക്ഷണത്തിനുള്ള ചിലവ് കൂട്ടായി പങ്കിടുകയാണ് ഇവിടെയുള്ളവര്‍. ഓരോ ദിവസവും ഓരോരുത്തര്‍ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യും. ഭക്ഷണം എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കും. കുടുംബാംഗങ്ങള്‍ക്കുള്ളത് പാത്രങ്ങളില്‍ ബന്ധുവീടുകളില്‍ എത്തിക്കും. ഇവരുടെയൊക്കെ ക്ഷേമം അന്വേഷിക്കാന്‍ അയല്‍വാസിയും പഞ്ചായത്തംഗവുമായ ബിനിറ്റ് മാത്യുവും ഒപ്പമുണ്ട്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവിടെയുള്ള എട്ട് വീ്ട്ടുകാര്‍ അവരവരുടെ വീടുകളിലേയ്ക്ക് മടങ്ങും.          (പിഎന്‍പി 2799/18)

date