Skip to main content
അംബേദ്കര്‍ സെറ്റില്‍മെന്‍റ് പദ്ധതിയുടെ ഭാഗമായി ചെല്ലന്‍കാവ്-മംഗലത്താന്‍ചള്ള കോളനിയില്‍ നടന്ന വികസന പരിപാടികളുടെ ഊരുകൂട്ട യോഗം  ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു.

അംബേദ്കര്‍ സെറ്റില്‍മെന്‍റ് പദ്ധതി :  മലമ്പുഴ മണ്ഡലത്തിലെ ഊരുകൂട്ട യോഗങ്ങള്‍ പൂര്‍ത്തിയായി

    2017-18 വര്‍ഷത്തെ അംബേദ്കര്‍ സെറ്റില്‍മെന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന മലമ്പുഴ മണ്ഡലത്തിലെ നാലും ചിറ്റൂര്‍ മണ്ഡലത്തിലെ ഒന്നും ഊരുകൂട്ട യോഗങ്ങള്‍ പൂര്‍ത്തിയായി. അയ്യപ്പന്‍പൊറ്റ, മുല്ലക്കര, മംഗലത്താന്‍ചള്ള, ചെല്ലങ്കാവ് കോളനി, മല്ലന്‍ചള്ള(ചിറ്റൂര്‍) കോളനികളില്‍ വിവിധ ദിവസങ്ങളിലായി നടന്ന ഊരുകൂട്ട യോഗങ്ങളില്‍ കോളനി നിവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ചര്‍ച്ചചെയ്തു. പാലക്കാട് ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ക്കാണ് ഏകോപന ചുമതല. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ഒമ്പത് കോളനികളും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഗലസി, മേലെ തുടുക്കി, താഴെ തുടുക്കി, മുത്തിക്കുളം, കള്ളക്കര, വീട്ടിക്കുണ്ട്, ചിണ്ടക്കി ഊര്, കാവുണ്ടിക്കല്‍, ഭൂതിവഴി കോളനികളില്‍ ഐ.റ്റി.ഡി.പി. ഒാഫീസിന്‍റെ മേല്‍ നോട്ടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്ത് 2017-18ല്‍ 102 കോളനികളാണ് അംബേദ്കര്‍ സെറ്റില്‍മെന്‍റ് ഡെവലപ്മെന്‍റ് സ്കീം പ്രകാരം പട്ടിക വര്‍ഗ വകുപ്പ് നവീകരിക്കുന്നത്.
    പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെല്ലന്‍കാവ്-മംഗലത്താന്‍ചള്ള കോളനിയില്‍ നടത്തുന്ന വികസന പരിപാടികളുടെ ഊരുകൂട്ട യോഗം  ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എ.യുടെ പ്രതിനിധി എ.പ്രഭാകരന്‍  മുഖ്യപ്രഭാഷണം നടത്തി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.ഷൈജ , മലമ്പുഴ എം.എല്‍.എയുടെ പി.എ എന്‍.അനില്‍കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.സുരേഷ്കുമാര്‍, പാലക്കാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.രാജലക്ഷ്മി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.  ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ വി.കെ.സുരേഷ്കുമാര്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

date