അടിയന്തര ധനസഹായവിതരണം: അര്‍ഹരെ വിട്ടുപോയാല്‍ പരാതിപ്പെടാം
കാക്കനാട്: പ്രളയദുരിതബാധിതര്‍ക്ക് അടിയന്തരധനസഹായം അനുവദിച്ചതില്‍ അര്‍ഹരെ വിട്ടുപോയിട്ടുണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലോ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുള്ള ലിങ്കിലോ പരാതിപ്പെടാം. പരാതികള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് കൈമാറും. ഉടനടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നിര്‍ദ്ദേശം നല്‍കി.
അടിയന്തരധനസഹായം നല്‍കിയതിന്റെ വിശദവിവരം എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ernakulam.gov.inല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധനസഹായവിതരണം സംബന്ധിച്ച വിവരങ്ങള്‍ താലൂക്ക് തലത്തിലും വില്ലേജ് തലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലും വേര്‍തിരിച്ച് നല്‍കിയിട്ടുണ്ട്. താലൂക്ക് അടിസ്ഥാനത്തില്‍ പ്രത്യേകമായും ജില്ലാടിസ്ഥാനത്തില്‍ മൊത്തമായും നടത്തിയ വിതരണ വിവരവും ലഭ്യമാണ്. അര്‍ഹരായവരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, റേഷന്‍കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരം തുടങ്ങിയവ താലൂക്ക് അടിസ്ഥാനത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ കൈക്കൊണ്ട നടപടികള്‍ സുതാര്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിശദവിവരം ഒരു ജില്ലാ ഭരണകൂടം പൊതുജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കുന്നത്. അനര്‍ഹര്‍ ഉള്‍പ്പെടുകയോ അര്‍ഹര്‍ വിട്ടുപോവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. കണക്കെടുപ്പില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുകയോ പൊതുജനങ്ങള്‍ ഉദ്യാഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസ്സെടുക്കും. ആവശ്യമെങ്കില്‍ ജപ്തി നടപടികളും സ്വീകരിക്കും. പരാതികള്‍ വിശകലനം ചെയ്യുന്നതിന് ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണകേന്ദ്രത്തില്‍ പ്രത്യേകസെല്‍ പ്രവര്‍ത്തനം തുടങ്ങി.
- Log in to post comments