Skip to main content

പ്രളയക്കെടുതി ലോകബാങ്ക്, എഡിബി പ്രതിനിധികളുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

 

 

പ്രളയക്കെടുതിയില്‍ ജില്ലയില്‍ ഉണ്ടായ നാശനഷ്ടം വിലയിരുത്തന്നതിനായി ഈ മാസം 15ന് ലോകബാങ്കിന്റെയും ഏഷ്യന്‍ വികസന ബാങ്കിന്റെയും പ്രതിനിധികള്‍ നടത്തുന്ന സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് എല്ലാ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. ലോകബാങ്ക് പ്രതിനിധികളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നല്‍കേണ്ട വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. തിരുവല്ല. കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിലാണ് ലോകബാങ്കിന്റെയും എഡിബിയുടേയും പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി നാശനഷ്ടം നേരിട്ട് വിലയിരുത്തുന്നത്. ഓരോ വകുപ്പും ഉണ്ടായ നഷ്ടം പൂര്‍ണമായും തിട്ടപ്പെടുത്തി നിശ്ചിത പ്രൊഫോമയില്‍ കളക്ട്രേറ്റിലേയ്ക്ക് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, ഫുഡ് സേഫ്റ്റി, കൃഷി, മൃഗസംരക്ഷണം, സെയില്‍ടാക്‌സ്, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ നാശനഷ്ടങ്ങളുടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയായി. മറ്റ് വകുപ്പുകളുടെ വിവരങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി ഇന്ന് (13ന്) അന്തിമയോഗം ചേര്‍ന്ന് ഇത് സംബന്ധിച്ച വിലയിരുത്തല്‍ നടത്തും. വിവിധ വകുപ്പുകള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ ഫോട്ടോകളും, വീഡിയോകളും  പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ സംഘാംഗങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കും. സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഏകോപനചുമതല പൂര്‍ണമായും റവന്യൂവകുപ്പിനാണ്. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് പി.ടി എബ്രഹാം, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date