പ്രളയശേഷവും കര്‍ഷകര്‍ക്ക് ആശ്വാസമായി ക്ഷീരവികസനവകുപ്പും മില്‍മയും
ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീരവികസനവകുപ്പും മില്‍മയും. 562 കര്‍ഷകരെ പ്രളയം പ്രത്യക്ഷത്തില്‍ ബാധിച്ചപ്പോഴും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏറെ സഹായങ്ങള്‍ മില്‍മയ്ക്ക് ചെയ്യാന്‍ സാധിച്ചു. പാല്‍ വരുന്ന പൗച്ചുകളില്‍ വെള്ളം നിറച്ച് റിലീഫ് ക്യാമ്പുകളിലെത്തിച്ചത് മുതല്‍ ചില്ലിംഗ് സെന്ററുകളുടേയും സൊസൈറ്റികളുടേയും മുകളില്‍ പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റേഷന്‍ സെന്റര്‍ ദുരിതാശ്വാസക്യാമ്പുകളായി വിട്ടുകൊടുത്തത് വരെ നീളുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. കൂടാതെ സൊസൈറ്റികളില്‍ നിന്ന് ലഭിച്ച പാല്‍ ക്യാമ്പുകളിലെ ദുരിതബാധിതര്‍ക്ക് എത്തിച്ച്‌കൊടുക്കുകയും ഇവര്‍ ചെയ്തു. ക്ഷീരകര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് പ്രളയത്തിലൂടെ ഉണ്ടായത്. 7835000 രൂപയാണ് പശുത്തൊഴുത്തുകള്‍ക്ക് മാത്രമുണ്ടായ പൂര്‍ണമായ നഷ്ടം. 6814500 രൂപയാണ് ഭാഗികമായി നശിച്ച് പോയ പശുത്തൊഴുത്തുകളുടെ നഷ്ടം. 8216 സെന്റ് സ്ഥലത്തെ പുല്‍കൃഷി പ്രളയത്തില്‍ നശിച്ചു. 123 പശുക്കളാണ് ജില്ലയില്‍ പ്രളയത്തില്‍ ചത്തൊടുങ്ങിയത്. ഒരു വയസിന് മുകളില്‍ പ്രായമുള്ള 32 കിടാങ്ങളും ഒരു വയസിന് താഴെയുള്ള 70 എണ്ണവും ചത്തു. പ്രളയത്തില്‍ 30 പാല്‍ സംഭരണകേന്ദ്രങ്ങളില്‍ വെള്ളം കയറി. പാല്‍സംഭരണ ഉപകരണങ്ങള്‍, കംപ്യൂട്ടര്‍, ബില്‍ഡിംഗ് , രജിസ്ട്രര്‍, രേഖകള്‍, ഓഫീസ് ഫര്‍ണിച്ചറുകള്‍, ശേഖരിച്ച് വച്ചിരുന്ന കാലിത്തീറ്റ എന്നിവയുള്‍പ്പെടെ 3012000 രൂപയുടെ നഷ്ടവും ജില്ലയില്‍ സംഭവിച്ചു. വിപണനമേഖലയില്‍ ഭീമമായ നഷ്ടം സംഭവിച്ചുവെങ്കിലും കര്‍ഷകര്‍ക്ക് അടിയന്തരമായ സഹായങ്ങള്‍ എത്തിച്ചുകൊടുത്തുകൊണ്ട് വകുപ്പ് മാതൃകയായി. 54 ടണ്‍ വരുന്ന 1080 ചാക്ക് കാലിത്തീറ്റ സൗജന്യമായി ക്ഷീരകര്‍ഷകര്‍ക്ക് എത്തിച്ചുകൊടുത്തു. ഇതില്‍ 210 ചാക്ക് മൃഗസംരക്ഷണവകുപ്പ് വഴിയാണ് വിതരണം ചെയ്തത്. 41 മെട്രിക് ടണ്‍ ചോളത്തണ്ടുകള്‍ സത്യമംഗലം വനമേഖലയില്‍ നിന്ന് എത്തിച്ച് പുല്‍ ലഭ്യമല്ലാത്ത ഇടങ്ങളില്‍ എത്തിച്ചു. ദുരിതബാധിതപ്രദേശത്തെ മൃഗങ്ങള്‍ക്ക് വേണ്ടി ചികിത്സാക്യാമ്പുകള്‍ നടത്തി. സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. ഈ മാസം പതിനഞ്ച് വരെ മൃഗചികിത്സാആശുപത്രി യൂണിറ്റുകളില്‍ ഡോക്ടര്‍മാരുടെ സേവനം സൗജന്യമായി ലഭ്യമാക്കുന്നുമുണ്ട്. ഒരുമാസത്തേയ്ക്ക് കാലിത്തീറ്റയ്ക്ക് 100 രൂപ ഒരു ചാക്കിനും സബസിഡി പ്രഖ്യാപിച്ചു. കൂടാതെ തൊഴുത്ത് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് 15000 രൂപയും ഭാഗികമായി നഷ്ടപ്പെട്ടവര്‍ക്ക് 10000 രൂപയും നല്‍കുന്നുണ്ട്. ഇതിനുള്ള വിവരശേഖരണം ആരംഭിച്ചു. ജില്ലയില്‍ ഇത്രയും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും മൂന്ന് ദിവസം മാത്രമാണ് പാല്‍വിതരണം നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്.
- Log in to post comments