നോട്ട്ബുക്കുകള്‍ നിര്‍മിച്ച് നല്‍കി വിദ്യാര്‍ത്ഥികള്‍
റാന്നി കൊറ്റനാട് എസ്‌സിവി ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മാത്രമല്ല ബുക്ക് നിര്‍മാണത്തിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ്. പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് നോട്ട്ബുക്കുകള്‍ സ്വന്തം കൈകള്‍ കൊണ്ട് നിര്‍മിച്ചു നല്‍കുന്നതിന്റെ തിരക്കിലാണ് അവര്‍. നാഷണല്‍ സര്‍വ്വീസ് സ്‌കീമില്‍ അംഗമായിട്ടുള്ള 100 വിദ്യാര്‍ത്ഥികളുടെ പ്രയത്‌നത്താല്‍ 2000 ബുക്കുകള്‍ ബൈന്‍ഡ് ചെയ്ത് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. കഴിഞ്ഞ ഒരു മാസമായി ഇവര്‍ ബുക്ക് നിര്‍മാണരംഗത്ത് സജീവമാണ്. കൊമേഴ്‌സ് അധ്യാപകനും, നാഷണല്‍ സര്‍വീസ് ടീം കോഓര്‍ഡിനേറ്ററുമായ എ.അരുണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കി എല്ലായ്‌പ്പോഴും അവരോടൊപ്പം ഉണ്ട്. ബുക്കിന്റെ പുറംചട്ട തിരുവനന്തപുരത്ത് നിന്നാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. പേപ്പറുകള്‍ കുട്ടികള്‍ തന്നെ ബൈന്‍ഡ് ചെയ്യുകയാണ്. ഒരു ബുക്കില്‍ 180 പേജുകളാണ് ഉള്ളത്. വിവിധ സ്‌പോണ്‍സറുമാരുടെ കാരുണ്യത്താല്‍ 50000 രൂപയാണ് ചെലവാക്കുന്ന തുക. കുട്ടികള്‍ തന്നെയാണ് ബുക്ക് നിര്‍മ്മിച്ച്് നല്‍കുന്നു എന്നതാണ് പ്രത്യേകത. പ്രളയംമൂലം പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട ഒരു കുട്ടിക്ക് ഒരു ബുക്ക് എന്നതാണ് ഉദ്ദേശ്യം. സാധാരണ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 9 വരെയും വൈകിട്ട് 4 മുതല്‍ 5 വരെയും അവധിദിവസങ്ങളില്‍ ശനിയാഴ്ചയുമായാണ് നിര്‍മാണം. പ്രളയസമയങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകളിലേക്ക് 3000 ഭക്ഷണപൊതികള്‍ എത്തിക്കുകയും, തുടര്‍ന്ന് നടന്ന ശുചീകരണപ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളായിരുന്നു.
![]()
- Log in to post comments