Skip to main content

തോട്ടട ആശ്രയം സ്‌പെഷ്യല്‍ സ്‌കൂള്‍  മുഖ്യമന്ത്രി സന്ദര്‍ശിച്ചു     

മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള തോട്ടടയിലെ ആശ്രയം സ്‌പെഷ്യല്‍ സ്‌കൂള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളും മറ്റും നോക്കിക്കണ്ട മുഖ്യമന്ത്രി ഇവിടത്തെ വിദ്യാര്‍ഥികളുമായി കുശലാന്വേഷണങ്ങള്‍ നടത്തിയും തമാശകള്‍ പങ്കിട്ടും ഏറെ നേരം ചെലവഴിച്ചു. സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെ ബഹുവിധ വൈകല്യം ബാധിച്ച ഹിമ, ദേവിക എന്നീ കുട്ടികളുടെ വിവരങ്ങള്‍ മുഖ്യമന്ത്രി രക്ഷിതാക്കളോട് ചോദിച്ചറിഞ്ഞു. 
    രണ്ടരവയസുകാരി മുതല്‍ 48 വയസുകാരന്‍ വരെയായി 112 വിദ്യാര്‍ഥികളുള്ള സ്‌കൂളിലെ ഫിസിയോതെറാപ്പി വിഭാഗം, പ്രീപ്രൈമറി-പ്രൈമറി- സെക്കന്ററി വിഭാഗങ്ങള്‍, തൊഴില്‍ശാല, പ്രീ വൊക്കേഷനല്‍ സെക്ഷന്‍ തുടങ്ങിയവ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രത്യേക ബാന്റ് ട്രൂപ്പാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. പ്രീപ്രൈമറി വിഭാഗത്തിലെ ആമില്‍ പാടിയ പാട്ട് നിറപുഞ്ചിരിയോടെ ആസ്വദിച്ച മുഖ്യമന്ത്രി കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തു. സല്‍കര്‍മത്തിന് നാടിന്റെ പിന്തുണ എപ്പോഴുമുണ്ടാകുമെന്ന്് സന്ദര്‍ശന പുസ്തകത്തില്‍ രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി മടങ്ങിയത്. 
    സൊസൈറ്റി ഫോര്‍ റിഹാബിലിറ്റേഷന്‍ ഓഫ് മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രന്‍ എന്ന സംഘടനയുടെ കീഴില്‍ 37 വര്‍ഷം മുമ്പ് സ്ഥാപിതമായതാണ് ആശ്രയം  സ്‌പെഷ്യല്‍ സ്‌കൂള്‍. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ ദൈനംദിന ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനങ്ങളാണ് ഇവിടെ നല്‍കുന്നത്. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് നെയ്ത്ത്, ടെയ്‌ലറിംഗ്, മെഴുകുതിരി നിര്‍മാണം, കവര്‍ നിര്‍മാണം എന്നിവയില്‍ സ്വയം തൊഴില്‍ പരിശീലനവും നല്‍കിവരുന്നുണ്ട്.
    തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ ഇ.പി ലത, കെ.കെ രാഗേഷ് എം.പി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുമാ ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എ പി ജയരാജന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീതാ വത്സരാജ്, സൊസൈറ്റി പ്രസിഡന്റ് ബീന വത്സരാജ്, വൈസ് പ്രസിഡന്റ് പ്രജോതി, സെക്രട്ടറി ചാന്ദ്‌നി സന്തോഷ്, ട്രഷറര്‍ ലസിത പ്രസാദ്, സ്ഥാപകാംഗം ഡോ. മേഴ്‌സി ഉമ്മന്‍, എം എം പ്രസാദ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പി എന്‍ സി/4477/2017

date