ഭൂചലനത്തിലെ നാശനഷ്ടം അടൂരില്‍ വീടുകളുടെ സര്‍വ്വേ നടത്തും: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ
അടൂരിലെ പഴങ്കുളം, പാലമേല്‍ ഭാഗങ്ങളിലുണ്ടായ ഭൂചലനത്തില്‍ നാശനഷ്ടമുണ്ടായ വീടുകളുടെ വ്യക്തമായ സര്‍വ്വേ നടത്തി പട്ടിക സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കുമെന്ന് അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍. ഭൂചലനമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന സര്‍വ്വേയുടെ റിപ്പോര്‍ട്ട് റവന്യൂവകുപ്പിനും കൈമാറും. ഭൂചലനത്തില്‍ പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന പ്ലാവില വടക്കേരിലെ അബ്ബാസിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായി ശുപാര്‍ശ ചെയ്യുമെന്നും ഇതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു. പള്ളിക്കല്‍ പഞ്ചായത്തിലെ പഴങ്കുളം പാറമേല്‍ ഭാഗങ്ങളില്‍ മണലെടുപ്പ് കൂടുതലാണ്. അതിനാല്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തും. ദുരന്തനിവാരണ സേന, മറ്റ് ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘം ഉടന്‍ പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക അകറ്റുമെന്നും അദ്ദേഹം പറഞ്ഞു. (പിഎന്‍പി 2900/18)
- Log in to post comments