ലോകബാങ്ക്, എഡിബി സംഘം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി
ജില്ലയിലെ പ്രളയക്കെടുതികള്‍ വിലയിരുത്തുന്നതിന് ലോകബാങ്കിന്റെയും എഷ്യന്‍ വികസന ബാങ്കിന്റെയും പ്രതിനിധികള്‍ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. ലോകബാങ്കിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് ദീപക് സിംഗിന്റെയും എഡിബിയുടെ നഗരവികസനവും ജലവും സംബന്ധിച്ച കണ്‍സള്‍ട്ടന്റ് അനില്ദാസിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഇന്നലെ പറക്കോട് പാര്‍ക്ക് റസിഡന്‍സിയില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹും മറ്റ് ജില്ലാതല ഉദേ്യാഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംഘം പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. തിരുവല്ല ആര്‍ഡിഒ ടി.കെ.വിനീത് പ്രളയക്കെടുതിയില്‍ ജില്ലയിലുണ്ടായ നാശനഷ്ടം സംബന്ധിച്ച പവര്‍പോയിന്റ് പ്രസന്റേഷന് നടത്തി. തുടര്‍ന്ന് ലോകബാങ്കിന്റെയും എഡിബിയുടെയും ഉദേ്യാഗസ്ഥരുടെ നേതൃത്വത്തില്‍ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി. ഓരോ വകുപ്പിനും ഉണ്ടായ നാശനഷ്ടം സംബന്ധിച്ച് ജില്ലാതല ഉദേ്യാഗസ്ഥര്‍ പ്രതിനിധികള്‍ക്ക് വിവരങ്ങള്‍ കൈമാറി.
രണ്ട് സംഘങ്ങളായാണ് ലോകബാങ്കിന്റെയും എഡിബിയുടെയും പ്രതിനിധികള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഒന്നാമത്തെ സംഘം കൃഷി, വിനോദ സഞ്ചാരം, സാമൂഹ്യനീതി, പൊതുസ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയ്ക്കുണ്ടായ നഷ്ടമാണ് വിലയിരുത്തിയത്. റോഡുകള്‍, പാലങ്ങള്‍, ശൗചാലയങ്ങള്‍, ജലസേചന സംവിധാനങ്ങള്‍, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കുണ്ടായ നഷ്ടമാണ് രണ്ടാമത്തെ സംഘം വിലയിരുത്തിയത്.
തിരുവല്ല താലൂക്കിലെ നിരണം ഡക്ക്ഫാം, നിരണം പിഎച്ച്സി, എരതോട്, തോട്ടമട, ആശാന്‍കുടി കോളനി, വാഴയില്‍ കോളനി, സൈക്കിള്‍ മുക്ക്, കടപ്ര, ആറാട്ടുപുഴ, കോഴഞ്ചേരി താലൂക്കിലെ എഴിക്കാട് കോളനി, ആറന്മുള, മല്ലപ്പുഴശേരി, റാന്നി താലൂക്കിലെ മന്ദിരം പടി, ഉപാസനകടവ്, അങ്ങാടി ഫിഷ് ഫാം, ബിമ്മരം കോളനി, പമ്പ, കോന്നി താലൂക്കിലെ സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.
ലോകബാങ്കിലെ കൃഷി, മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട പ്രോഗ്രാം അസിസ്റ്റന്റ് വിദ്യ മഹേഷ്, ലൈവ്ലിഹുഡ് സ്പെഷ്യലിസ്റ്റ് കാര്‍ത്തിക് ലക്ഷ്മണ്, കാലാവസ്ഥാ വ്യതിയാന സ്പെഷ്യലിസ്റ്റ് മെഹുല്‍ ജയിന്, ഡിസാസ്റ്റര്‍ റിസ്ക്മാനേജ്മെന്റ് സ്പെഷ്യലിസ്റ്റുകളായ നാഹോഷിബുയ, മസാട്ടഗൗ താക്കമസ്തു, ഹൈവേ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ദ്രനീല്ബോസ്, അര്‍ബല്‍ ഡവലപ്മെന്റ് കണ്‍സള്‍ട്ടന്റ് അങ്കുഷ് ശര്‍മ, സോഷ്യല്‍ ഡവലപ്മെന്റ് കണ്‍സള്‍ട്ടന്റ് റുമിത ചൗധരി, വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിട്ടേഷന്‍ സ്പെഷ്യലിസ്റ്റ് മാത്യു കെ.മുല്ലയ്ക്കല് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
(പിഎന്‍പി 2909/18)
- Log in to post comments