Skip to main content

ജനകീയ ഗൃഹസന്ദര്‍ശന ധനസമാഹരണം ഇന്നും(17) നാളെയും(18); നവ കേരളത്തിനായി ജില്ല കൈകോര്‍ക്കും

 

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ജനകീയ പങ്കാളിത്തത്തോടെ സുതാര്യമായ ഗൃഹസന്ദര്‍ശന ധനസമാഹരണം ഇന്നും(17) നാളെയും(18) നടക്കുമെന്ന്് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഇന്നലെ ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡുകളില്‍ ചേര്‍ന്ന ഗ്രാമസഭകള്‍ ജനകീയ ഗൃഹസന്ദര്‍ശന ധനസമാഹരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ഗ്രാമസഭകളില്‍ സമൂഹത്തിന്റെ എല്ലാ തുറയിലും പെട്ടവര്‍ ആവേശത്തോടെ പങ്കെടുത്തു. പ്രളയത്തില്‍ തകര്‍ന്ന നാടിനെ പുനര്‍നിര്‍മിക്കുന്നതിന് ഒന്നായി കൈകോര്‍ക്കാന്‍ എല്ലാവരും മനസുകൊണ്ടു ദൃഢനിശ്ചയം ചെയ്തു. 

 ബന്ധപ്പെട്ട വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലെയും വീടുകള്‍ സന്ദര്‍ശിച്ച് ജനകീയ ധനസമാഹരണം നടത്തുന്ന സ്‌ക്വാഡിന്റെ നോഡല്‍ ഓഫീസറായി അതത് പഞ്ചായത്ത് സെക്രട്ടറിമാരെയും സഹായിയായി വില്ലേജ് ഓഫീസര്‍മാരെയും ജില്ലാ കളക്ടര്‍ നിയോഗിച്ചിട്ടുണ്ട്  എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉള്‍പ്പെടെ എല്ലായിടങ്ങളിലും എത്തി എല്ലാവരേയും നേരിട്ടു കണ്ട് ധനസമാഹരണം നടത്തുന്ന രീതിയാണ് സ്‌ക്വാഡുകള്‍ അവലംബിക്കുക. ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, സ്ഥലത്തെ സൊസൈറ്റികളിലെ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, ക്ലബുകളുടെ അംഗങ്ങള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവരായിരിക്കും സ്‌ക്വാഡുകളില്‍ ഉണ്ടാകുക.  

 ചെക്കോ, ഡ്രാഫ്‌ടോ ആയാവും സംഭാവന സ്വീകരിക്കുക. ഇതിനു പുറമേ പണമായും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാം. ജില്ലാ കളക്ടര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍ പണം എണ്ണി തിട്ടപ്പെടുത്തി പ്രത്യേക രജിസ്റ്ററില്‍ പണം നല്‍കിയ വ്യക്തിയുടെ ഒപ്പ് രേഖപ്പെടുത്തും. രജിസ്റ്ററിന്റെ ഓരോ പേജിലും വാര്‍ഡ് മെമ്പറും കളക്ടര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥനും ഒപ്പുവയ്ക്കും. സ്വര്‍ണാഭരണങ്ങള്‍, ഭൂമിയുടെ കൈമാറ്റ രേഖ, മറ്റ് ആസ്തികള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ സംഭാവനകളായി ലഭിക്കുന്നതും രജിസ്റ്ററില്‍ രേഖപ്പെടുത്തും.  ജനകീയ ധനസമാഹരണത്തിന്റെ വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്തും. സംഭാവന നല്‍കുന്ന ആളിന്റെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ എല്ലാ വിവരവും കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തും. അതതു ദിവസം സമാഹരിച്ച തുക ബന്ധപ്പെട്ട വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്ന് അന്നു വൈകിട്ടു തന്നെ ചുമതലപ്പെടുത്തിയ ബാങ്ക് അധികൃതര്‍ക്ക് കൈമാറും. 

date