Skip to main content

വനസുന്ദരിക്ക് ആരാധകര്‍ ഏറെ രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീ ഫുഡ് കോര്‍ട്ട്

വിവിധ രുചികളുടെയും സംസ്‌കാരങ്ങളുടെയും സംഗമ വേദിയായി മാറുകയാണ് തദ്ദേശ ദിനാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടില്‍ സജ്ജമാക്കിയ എക്‌സിബിഷനിലെ കുടുംബശ്രീ ഫുഡ് കോര്‍ട്ട്. ജനപ്രിയ താരം അട്ടപ്പാടിയുടെ സ്വന്തം വനസുന്ദരിയാണ്. പച്ചകുരുമുളകും കാന്താരിയും മല്ലിയിലയും ചേര്‍ത്തരച്ച പച്ച മസാലയില്‍ ചാലിച്ചൊരുക്കിയ ചിക്കന്‍ വിഭവമായ വനസുന്ദരി ഏത് മലയാളിയുടെയും ഹൃദയം കീഴടക്കും. രണ്ടു ദോശയും ചമ്മന്തിയും സലാഡും വനസുന്ദരിയും അടങ്ങുന്ന ഒരു കോംബോയ്ക്ക് 180 രൂപ മാത്രമാണ് വില.

അട്ടപ്പാടിയുടെ 'എനര്‍ജി ബൂസ്റ്റര്‍' ഊര് കാപ്പി ഫുഡ് കോര്‍ട്ടിലെ മറ്റൊരാകര്‍ഷണമാണ്. ചുക്ക്, കുരുമുളക്, നറുനീണ്ടി തുടങ്ങിയ ഔഷധ ചേരുവകള്‍ ചേര്‍ത്ത ഊര് കാപ്പി രുചിയാലും ആരോഗ്യത്താലും ഏറെ ഗുണകരമാണ്. മലബാര്‍ വിഭവങ്ങളായ ഉന്നക്കായയും അരിപ്പത്തിരിയും മലബാര്‍ ദം ബിരിയാണിയും കരിഞ്ചീരക കോഴി തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.

14 ജില്ലകളുടെയും തനത് രുചികള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കുടുംബശ്രീ കഫേ സംരംഭകരാണ് സ്റ്റാളിന് നേതൃത്വം നല്‍കുന്നത്. രാവിലെ 11 മണി മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് ഫുഡ് കോര്‍ട്ടിന്റെ പ്രവര്‍ത്തന സമയം. ജില്ല കുടുംബശ്രീ മിഷന്റെ മേല്‍നോട്ടത്തിലാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.

(പി.ആര്‍.കെ നമ്പര്‍ 521/2024)

date