Skip to main content

ജനകീയ ഗൃഹസന്ദര്‍ശന ധനസമാഹരണത്തിന് അടൂരില്‍ ഉജ്ജ്വല തുടക്കം മുഖ്യമന്ത്രിയുടെ ആഹ്വാനം ജനങ്ങള്‍ ഉള്‍ക്കൊണ്ടു:  ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

 

പ്രളയബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ആഹ്വാനം ജനങ്ങള്‍ ഉള്‍ക്കൊണ്ടെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അടൂര്‍ നഗരസഭയിലെ മാര്‍ക്കറ്റിനു സമീപം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ജനകീയ ഗൃഹസന്ദര്‍ശന ധനസമാഹരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നടക്കുന്ന ജനകീയ ഗൃഹസന്ദര്‍ശന ധനസമാഹരണത്തിലേക്ക് ജനങ്ങള്‍ സന്തോഷത്തോടെയാണ് സംഭാവന നല്‍കുന്നത്. വലിയ നാശനഷ്ടമുണ്ടായ കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നത്. ജില്ലയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുടുംബശ്രീ അംഗങ്ങളും പൊതുപ്രവര്‍ത്തകരും വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സ്‌ക്വാഡ് ഓരോ വാര്‍ഡിലെയും വീടുകളും സ്ഥാപനങ്ങളും കയറി ഓരോ വ്യക്തികളെയും സന്ദര്‍ശിച്ച് സംഭാവനകള്‍ സ്വീകരിക്കുകയാണ്. അടൂര്‍ നിയോജകമണ്ഡലത്തിലെ രണ്ട് നഗരസഭകളിലും ഏഴു ഗ്രാമപഞ്ചായത്തുകളിലും നടക്കുന്ന ജനകീയ ധനസമാഹരണം വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും ആത്മാര്‍ഥമായ പങ്കാളിത്തം ഉണ്ടാകണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു. അടൂര്‍ നഗരസഭയിലെ റോണി ഭവനിലെ കുഞ്ഞുമോള്‍ ഏബ്രഹാം ആദ്യ സംഭാവന എംഎല്‍എയ്ക്കു കൈമാറി. ആനന്ദപ്പള്ളി ഡാഡു വില്ലയില്‍ ഡാഡു ഗള്‍ഫിലെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സമാഹരിച്ച 1,62,000 രൂപയുടെ ചെക്ക് എംഎല്‍എയ്ക്കു കൈമാറി. 

അടൂര്‍ നിയോജകമണ്ഡലത്തില്‍ ഇന്നലെ രാവിലെ മുതല്‍ എല്ലായിടത്തും ഗൃഹസന്ദര്‍ശനവും ധനസമാഹരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷൈനി ജോസ്, കൗണ്‍സിലര്‍ ഷൈനി ബോബി, ഉദ്യോഗസ്ഥരായ ഉദയന്‍, ലൈല, കെ.ജി വാസുദേവന്‍, റോഷന്‍, ടി.മധു, ബോബി മാത്തുണ്ണി, സതീദേവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.                   (പിഎന്‍പി 2940/18)

date