പട്ടികജാതി കുടുംബങ്ങൾക്ക് ഗ്യാസ് സ്റ്റൗ വിതരണം ചെയ്തു
കൊച്ചി: ജില്ലയിൽ പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശത്തെ പട്ടികജാതി കുടുംബങ്ങൾക്ക് ഗ്യാസ് സ്റ്റൗ വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റയും ബി.പി.സി.എല്ലിന്റെയും പട്ടിക ജാതി വകുപ്പിൻറെ യും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രളയത്തെ തുടർന്ന് ഗ്യാസ് സ്റ്റൗവുകൾ നഷ്ടപ്പെടുകയോ ഉപയോഗശൂന്യമാവുകയോ ചെയ്ത കുടുംബങ്ങൾക്കാണ് വിതരണം ചെയ്യുന്നത്.
പ്രളയക്കെടുതിയുടെ ഭാഗമായി വിതരണം ചെയ്യുന്നതിനായി 6000 ഗ്യാസ് സ്റ്റൗവുകളാണ് ബി.പി.സി.എല്ലിന്റെ സഹായത്തോടെ ലഭ്യമായിരിക്കുന്നത്. പ്രളയം ഏറെ ബാധിച്ച ആലങ്ങാട്, പറവൂർ, പാറക്കാവ് എന്നീ ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ഇതനുസരിച്ച് ഇന്നലെ ആലങ്ങാട് ബ്ലോക്കിൽ ഗ്യാസ് സ്റ്റൗ വിതരണം നടന്നു. ഇന്ന് പറവൂർ ബ്ലോക്കിലും നാളെ പാറക്കടവ് ബ്ലോക്കിലും വിതരണം നടക്കും. അയ്യായിരത്തിലധികം അപേക്ഷയാണ് ഗ്യാസ് സ്റ്റൗ ലഭ്യമാകുന്നതിനായി വിവിധ ബ്ലോക്കുകളിൽ നിന്നായി ലഭിച്ചത്. ബാക്കി വരുന്ന ഗ്യാസ് സ്റ്റൗവുകൾ തുടർ ദിവസങ്ങളിൽ പ്രളയം രൂക്ഷമായി ബാധിച്ച മറ്റ് പ്രദേശങ്ങളിൽ വിതരണം ചെയ്യും.
നേരത്തെ അപേക്ഷ സമർപ്പിച്ചവർക്കാണ് നിലവിൽ ഗ്യാസ് സ്റ്റൗവുകൾ വിതരണം ചെയ്യുന്നത്. നിലവിൽ അപേക്ഷ നൽകാൻ സാധിക്കാത്ത അർഹരായവർക്ക് വെള്ളക്കടലാസിൽ അപേക്ഷകയുടെ പേരിൽ മേൽവിലാസം ജാതി താലൂക്ക് ഗ്യാസ് ഏജൻസിയുടെ പേര് കൺസ്യൂമർ നമ്പർ എന്നിവ രേഖപ്പെടുത്തി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നൽകേണ്ടതാണ്. കൂടാതെ അപേക്ഷയോടൊപ്പം ഗ്യാസ് കണക്ഷൻ ഉള്ള പട്ടികജാതി കുടുംബമാണെന്നും, ഗ്യാസ് സ്റ്റൗ നഷ്ടപ്പെടുകയോ ഉപയോഗശൂന്യമാവുകയോ ചെയ്തതാണെന്ന വാർഡ് മെമ്പറുടെ സാക്ഷി പത്രം, റേഷൻ കാർഡ്, എന്നിവയോടൊപ്പം വരും ദിവസങ്ങളിലും അപേക്ഷ സമർപ്പിക്കാമെന്ന് പട്ടികജാതി വികസന ഓഫീസർ ജോസഫ് ജോൺ അറിയിച്ചു.
- Log in to post comments