Skip to main content

പ്രളയത്തിൽ നിന്നും കരകയറി തട്ടേക്കാട്: വിനോദ സഞ്ചാരികൾക്കായി പക്ഷിസങ്കേതം വീണ്ടും തുറന്നു.

 

കൊച്ചി: പ്രളയം കാരണം ദിവസങ്ങളായി അടച്ചിട്ടിരുന്ന തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്. ഒക്റ്റോബർ ആദ്യത്തോടെയാണ് സാധാരണയായി ദേശാടനക്കിളികൾ ഇവിടേക്ക് വിരുന്നെത്താറുള്ളത്. എന്നാൽ ഈ വർഷം കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം നിമിത്തം സെപ്റ്റംബർ പകുതിയോടെ തന്നെ ചില പക്ഷികൾ ഇവിടേക്കെത്തിയിട്ടുണ്ട്.

      വനം വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളാണ് തട്ടേക്കാടിനെ നാശത്തിന്റെ വക്കിൽ നിന്നും തിരിച്ച് കൊണ്ട് വന്നത്. പ്രളയം കേരളക്കരയെ മുഴുവൻ പിടിച്ച് കുലുക്കിയപ്പോൾ മൃഗങ്ങളുടെയും മനുഷ്യരുടെയും ആവാസ വ്യവസ്ഥയെത്തന്നെ അത് തകിടം മറിച്ചു.പെരിയാർ കര കവിഞ്ഞ് ഒഴുകിയപ്പോൾ തട്ടേക്കാട് വനത്തിന്റെ ഉള്ളിൽ ഉള്ള പല തടാകങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ചെളിയും ചേറും കേറി നിറഞ്ഞു. ഡാമുകൾ തുറന്നതിന് പിന്നാലെ പെരിയാറിൽ വെള്ളം ഉയരുകയും ചെയ്തതോടെ രാത്രി തന്നെ പെരുമ്പാമ്പ്, രാജവെമ്പാല, മുള്ളൻ പന്നി, ആമകൾ, മയിൽ തുടങ്ങിയവയെ കൂട്ടിൽ നിന്നും സമീപത്തുള്ള കാടുകളിലേക്ക് തുറന്ന് വിട്ടിരുന്നു.പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പക്ഷി സങ്കേതത്തെ പൂർവ്വ സ്ഥിതിയിലെത്തിക്കാൻ വലിയ പ്രയത്നമായിരുന്നു നടത്തിയിരുന്നത്.പത്ത് ദിവസത്തോളം എടുത്താണ് ചെളിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വലിയ തോതിൽ മാറ്റാൻ സാധിച്ചത്. ഇക്കോ ഡവലപ്പ്മെന്റ് കമ്മിറ്റിയും ഉദ്യോഗസ്ഥരും ഒക്കെ രാപ്പകൾ അധ്വാനിച്ചാണ് തട്ടേക്കാടിലെ മാലിന്യങ്ങൾ നീക്കം ചെയ്തതെന്ന് റേഞ്ച് ഓഫീസർ മണി സുദർശം പറഞ്ഞു. ദേശാടന പക്ഷികൾ വിരുന്നെത്തുന്നതിനായി തട്ടേക്കാടിനെ ഒരുക്കുകയാണ് ഉദ്യോഗസ്ഥർ ഇപ്പോൾ.

          തട്ടേക്കാട് മുതൽ കൂട്ടിക്കൽ വരെയും തട്ടേക്കാട് നിന്ന് മുകളിലേക്കും ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരത്തിൽ പുഴയിറമ്പ് നഷ്ടപ്പെടുകയും പകരം മണൽ തിട്ടകൾ രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്. വനത്തിൽ നിന്നും ഏകദേശം മുന്നൂറ് മുതൽ അഞ്ഞൂറ് വരെ മീറ്റർ നീളത്തിൽ പുഴയിലേക്ക് മണൽ പരപ്പുകളും രൂപപ്പെട്ടിട്ടുണ്ട്.ഇത് പല മൃഗങ്ങൾക്കും തടസ്സം സൃഷ്ടിക്കുകയാണ്. പ്രളയം തട്ടേക്കാടിന്റെ വിനോദ സഞ്ചാരത്തെ വലിയ രീതിയിലൊന്നും ബാധിക്കില്ല.എന്നാൽ തടാകങ്ങളിൽ അടിഞ്ഞ് കൂടിയിട്ടുള്ള ചെളിയും മണലും വാരി മാറ്റുക പ്രായോഗികമല്ല. പെരിയാറും കുട്ടമ്പുഴയാറും കൂടി തട്ടേക്കാടിന് വലിയ നാശ നഷ്ടങ്ങളാണ്  ഉണ്ടാക്കിയത് . ചെടികളിലും മറ്റും അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വനപാലകരും മറ്റും ചേർന്ന് വൃത്തിയാക്കിയിരുന്നു.

           തട്ടേക്കാട് വിരുന്ന് വരുന്ന ദേശാടനക്കിളികൾ പ്രധാനമായും രണ്ട് വിഭാഗത്തിൽ പെടുത്താവുന്നവയാണ്. വന പക്ഷികളും ജല പക്ഷികളും .ഇതിൽ ജല പക്ഷികളുടെ വരവിനെയാണ് പ്രളയം പ്രതികൂലമായി ബാധിച്ചിരിക്കുന്നതെന്ന് പക്ഷി നിരീക്ഷകനായ ഡോ.സുഗതൻ പറഞ്ഞു. ഒക്റ്റോബർ മുതൽ ഫെബ്രുവരി വരെയാണ് ദേശാടനക്കിളികൾ എത്തുന്നത്.ഉഷ്ണ മേഖലാ വന പക്ഷി സങ്കേതമാണ് തട്ടേക്കാട് .322 ഇനം പക്ഷികളാണ് ഇവിടേക്ക് വർഷം തോറും എത്തുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം 523 ഇനങ്ങളാണ് വർഷം തോറും ദേശാടനത്തിനായി എത്തുന്നത്.

           1964ൽ ഭൂതത്താൻകെട്ട് ഡാം പണിത തോട് കൂടെയാണ് ജല പക്ഷികൾ കൂടുതലായി തട്ടേക്കാട് എത്താൻ തുടങ്ങിയത്. ഡാം വന്നതോടെ പെരിയാർ വാലിയുടെ വൃഷ്ടിപ്രദേശങ്ങളെല്ലാം കൂടി ഒരു തടാകമായി മാറിയിരുന്നു. മുപ്പത്തി രണ്ടിനം ജല പക്ഷികളാണ് ഇവിടേക്കെത്തിച്ചേർന്നിരുന്നത്.ഇവരുടെ ആവാസ വ്യവസ്ഥയെ ആണ് പ്രളയം ബാധിച്ചിരിക്കുന്നത്. താരതമ്യേന ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വന പ്രദേശങ്ങളിലൊന്നും തന്നെ പ്രളയം രൂക്ഷമായി ബാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ വന പക്ഷികളുടെ വരവിന് കുറവുണ്ടാവാൻ ഇടയില്ല.

         ജല പക്ഷികളുടെ ആവാസ വ്യവസ്ഥയിൽ വലിയ രീതിയിലുള്ള വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. പുഴയുടെ ഇരു കരകളില്ലം മണലും എക്കലും വന്ന് കിടക്കുകയാണ്. പക്ഷികൾക്ക് ഭക്ഷണത്തിന് ആവശ്യമായ ചേരിപ്പുൽ നാമ്പുകളും മത്സ്യങ്ങളും ഞവണിക്കയും അടക്കം ഇല്ലാതായി. ജല സസ്യങ്ങൾ ഒന്നും തന്നെ ഇപ്പോൾ ഇല്ല. അത് കൊണ്ട് തന്നെ സീസണിൽ എത്തുന്ന സഞ്ചാരികൾക്കും ദേശാടനക്കിളികളെ കാണാൻ പ്രയാസമായിരിക്കും. വന പക്ഷികളെക്കാൾ പെട്ടന്ന് കാണാൻ സാധിക്കുന്നത് ജല പക്ഷികളെ ആയിരുന്നു. വന പക്ഷികൾ താരതമ്യേന ചെറുതും കാടുകളിലെ വലിയ മരങ്ങൾക്കിടയിൽ മറഞ്ഞ് ഇരിക്കുന്നവയുമാണ്.

         വർഷ കാലത്ത് ഡാം തുറന്ന് വിടുമ്പോൾ പുഴയിലെ വെള്ളം കുറഞ്ഞ് വേനൽക്കാലം പോലെ ആകുമായിരുന്നു. അതിനുള്ള പ്രതിവിധിയായായി 1994 ൽ പുഴയുടെ ആഴം കുറഞ്ഞ സ്ഥലങ്ങളിൽ മണ്ണ് വച്ച് ബണ്ടുകൾ ഉണ്ടാക്കി.മൂന്ന് നാല് ഏക്കറോളം വരുന്ന ബണ്ടുകളായിരുന്നു ഓരോന്നും. ആ ബണ്ടുകളുടെ ഉള്ളിൽ ഒന്നര മീറ്ററോളം വെള്ളം ശേഖരിച്ച് നിർത്താമായിരുന്നു.അത്തരം  ബണ്ടുകളിലാണ് പൂർണമായും എക്കലും മണലും നിറഞ്ഞിരിക്കുന്നത്.ചില ബണ്ടുകൾ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ച് പോകുകയും ചെയ്തു.

       വന പക്ഷികളുടെയും ജല പക്ഷികളുടെ യും ഇഷ്ടസങ്കേതമായ തട്ടേക്കാടിനെ പുന:രുജ്ജീവിപ്പിക്കാൻ വലിയ രീതിയിലുള്ള പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ഡോ.സുഗതൻ പറഞ്ഞു.പെരിയാറിന്റെ തീര ദേശങ്ങളിലെ അടിക്കാടുകൾ നശിച്ചത് ജല പക്ഷികളുടെ നില നിൽപ്പിന് തന്നെ ഭീഷണിയായിട്ടുണ്ട്.ഇത് വളർന്ന് പൂർവ്വ സ്ഥിതിയിലെത്താൻ കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കും.ഈ സാഹചര്യങ്ങളെല്ലാം വച്ച് നോക്കുമ്പോൾ ഈ ഇനത്തിൽപ്പെട്ട പക്ഷികൾ ഇവിടെ നിന്നും വിട പറയാനും ഇടയുണ്ട്.

        പക്ഷികളുടെ കളകളാരവത്താൽ മുഖരിതമായ തട്ടേക്കാട് പക്ഷി സങ്കേതം അടുത്ത കാലത്ത് വിദേശീയർ അടക്കമുള്ള വിനോദ സഞ്ചാരികളുടെയും പക്ഷി നിരീക്ഷകരുടെയും ശ്രദ്ധാ കേന്ദ്രമായി മാറിയിരുന്നു. 1983 ലാണ് കോതമംഗലത്ത് നിന്നും പന്ത്രണ്ട് കിലോമീറ്റർ അകലെ പെരിയാറിനക്കരെ പക്ഷി സങ്കേതം രൂപപ്പെടുത്തി എടുത്തത്.ഇന്ത്യൻ പക്ഷി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ.സലീം അലിയുടെ ശുപാർശ പ്രകാരമാണ് സംസ്ഥാന ഗവൺമെന്റ് തട്ടേക്കാടിനെ പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത്.

        1992 ൽ ആണ് സലീം അലിയുടെ ശിഷ്യൻ കൂടിയായ ഡോ.സുഗതൻ ഇവിടെ നിരീക്ഷണങ്ങൾ നടത്തുന്നത്. അന്നു മുതൽ ഇന്ന് വരെ പക്ഷി സങ്കേതത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇദ്ദേഹത്തിന്റെ സാനിധ്യമുണ്ട്. ലോകത്തിൽ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട കണ്ടെത്തലുകൾ ഇവിടെ നിന്നും ഉണ്ടായിട്ടുണ്ട്.

date