Skip to main content
ചെതലയം ഗോത്ര പഠന-ഗവേഷണകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും സിവില്‍ സര്‍വീസ് അക്കാദമിയുടെയും ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പുമന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കുന്നു.

യോഗ്യരായ പട്ടികവര്‍ഗ  വിഭാഗക്കാര്‍ക്കെല്ലാം തൊഴില്‍ കൊടുക്കുന്ന പദ്ധതി പരിഗണനയില്‍                                                                                                                                                                           

 

                പട്ടികവര്‍ഗത്തില്‍പ്പെട്ട യോഗ്യരായ എല്ലാവര്‍ക്കും തൊഴില്‍ നല്‍കുന്ന പദ്ധതി പരിഗണനയിലാണെന്ന് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പുമന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കാലിക്കററ് യൂണിവേഴ്‌സിറ്റിയുടെ ബത്തേരി ചെതലയത്തുള്ള ഗോത്ര പഠന-ഗവേഷണകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും സിവില്‍ സര്‍വീസ് അക്കാദമിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഗോത്ര ഭാഷ അറിയുന്നവര്‍ പഠിപ്പിച്ചാല്‍ ആദിവാസി മേഖലയിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിയും. വയനാട്ടില്‍ 241 ആദിവാസികളെ സര്‍ക്കാര്‍ അധ്യാപകരായി നിയമിച്ചു. ഈ രീതിയില്‍ ആദിവാസി വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മേഖലയില്‍  തൊഴിലവസരങ്ങള്‍ സംസ്ഥാനത്തൊട്ടുക്കും സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ ഹോസ്റ്റലുകള്‍ നിര്‍മിക്കുന്നതിന് 750 കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. കാമ്പസിനോട് ചേര്‍ന്ന് ആണ്‍കുട്ടികള്‍ക്കും ഹോസ്റ്റലുകള്‍ നിര്‍മിക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഹദേവന്‍,  രജിസ്ട്രാര്‍ ഡോ. ടി.എ.അബ്ദുള്‍ മജീദ് , യൂണിവേഴ്‌സിറ്റി എഞ്ചിനീയര്‍ അബ്ദുള്‍ നാസര്‍, പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ.പി.മോഹന്‍, സിന്‍ഡിക്കേറ്റ് അംഗം ഡോ.ടി.പി.അഹമ്മദ്, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ പി.വാണിദാസ്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ടി.ശ്രീകുമാരന്‍, റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ.ഇ.പുഷ്പലത എന്നിവര്‍ സംസാരിച്ചു.

 

 

 

 

 

 

 

date