Skip to main content

മീനമ്പലത്ത് ആടു വസന്ത മുന്‍കരുതല്‍ ഊര്‍ജിതമാക്കി മൃഗസംരക്ഷണ വകുപ്പ്

മീനമ്പത്ത് ആടുവസന്ത സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മൃഗസംരക്ഷണ വകുപ്പ് 5 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തി. പി .പി .ആര്‍ വൈറസ് രോഗമാണ് ആടുവസന്ത. വായ്പുണ്ണ്, മൂക്കിലൂടെയുള്ള ശ്രവം, ചുമ, വയറിളക്കം എന്നിവയില്‍ തുടങ്ങി ന്യൂമോണിയ ബാധിച്ച് ആടുകള്‍ ഒരാഴ്ചക്കുള്ളില്‍ മരിക്കുന്നതാണ് പതിവ്. അടുത്ത് ഇടപഴകുന്നവരുമായുള്ള ബന്ധവും ചെരിപ്പുകളിലൂടെയുമൊക്കെയാണ് രോഗവ്യാപനം.

സാംക്രമിക രോഗനിയന്ത്രണ വിഭാഗത്തിലെ ഡോക്ടര്‍മാരായ ആര്‍. ഗീതാ റാണി, ആര്യ സുലോചനന്‍, ഡോ. ആര്‍.ബിന്ദു, ഡോ. യാസിന്‍ എന്നിവര്‍ സാമ്പിളുകള്‍ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ഡിസീസ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍മാരായ ഡോ .രാജേഷ്, ഡോ .അജിത് കുമാര്‍ എന്നിവരാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. ആടുകളെ പുതുതായി ഫാമിലേക്ക് എത്തിക്കുന്നത് നിരോധിച്ചു. രോഗംകൂടുതലായവയെമാറ്റി ആന്റിബയോട്ടിക്കുകളും ജീവകങ്ങളും ടോണിക്കുകളും നല്കി.

മീനമ്പലം, കരുമ്പാലൂര്‍, കുളത്തൂര്‍, പാമ്പുറം, ഏഴിപ്പുറം, പാരിപ്പള്ളി, ചാവര്‍കോട്, പുതിയപാലം, ചിറക്കര എന്നിവിടങ്ങളില്‍ ആയിരത്തോളം ആടുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. പത്തില്‍ കൂടുതല്‍ ആടുകളെ വളര്‍ത്തുന്നവര്‍ കല്ലുവാതുക്കല്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ല മൃഗാശുപത്രി മേധാവി ഡോ. ഡി.ഷൈന്‍കുമാര്‍ അറിയിച്ചു.

date